Latest News

ഉദിനൂര്‍ സ്‌കൂളിലെ മൊഞ്ചത്തിക്കുട്ടികള്‍ വളകിലുക്കിയത് ലോക റെക്കോര്‍ഡിലേക്ക്


ഉദിനൂര്‍ : ബൈനീട്ടത്തില്‍ നാന്ദി കുറിച്ച് ചായലിലൂടെ ഗതിവേഗം നേടി, ചുരുട്ടിയും ഇടയും ഒപ്പവും പിന്നിട്ട് മുറുക്കത്തില്‍ നിന്ന് മുറുമുറുക്കത്തിന്‍െറ ഉത്തുംഗതയില്‍ കാഴ്ചക്കാരുടെ കരഘോഷം ദിക്കുകള്‍ ഭേദിച്ചു. ലിംക ബുക്, ഗിന്നസ് വേള്‍ഡ് റെക്കോഡുകള്‍ ലക്ഷ്യമിട്ട് ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച 121 പേരുടെ ജംബോ ഒപ്പനയാണ് അനുവാചകരുടെ മനം കവര്‍ന്നത്.

കോരിച്ചൊരിഞ്ഞ മഴയിലും അവരുടെ ആവേശം തണുത്തില്ല. കാരണം, അവര്‍ക്കറിയാമായിരുന്നു വെക്കുന്ന ഓരോ ചുവടും ചരിത്രത്തിലേക്കാണെന്ന്. അഞ്ചഞ്ചും ചാലിച്ച ചെമ്പട്ടില്‍ സര്‍വാഭരണ വിഭൂഷിതയായി ഇരിപ്പുറപ്പിച്ച മണവാട്ടി ബുഷറക്ക് ചുറ്റിലുമായി 12, 24, 30, 42 എന്നിങ്ങനെ 108 കളിക്കാരാണ് വര്‍ത്തുളാകൃതിയില്‍ നിരന്നത്. മൊയ്തു വാണിമേലിന്‍െറ ‘തെളി മുത്തായി ഭൂതലമാക്കെയും.. എന്ന ഇശലില്‍ ആയിരുന്നു തുടക്കം. പത്തോളം ഇശലുകള്‍ ഒന്നിനുപിറകെ ഒന്നായി പെയ്തിറങ്ങിയപ്പോള്‍ കളിക്കാര്‍ ഒത്തൊരുമയോടെ ചുവടു വെച്ചു.

ചായലില്‍ ‘വര്‍ണമെന്തജബിലും’ മുഴങ്ങിനിന്നു. മുറുക്കം തുടങ്ങിയതോടെ വിള്ളിതം മനം തുള്ളിടും എന്നായി ഇശല്‍. തുടര്‍ന്ന് തോനെ തഹിയ്യും തബര്‍റുക്കും.., തേടീടുവാനൊരു.. തുടങ്ങിയ ഈരടികളായിരുന്നു പിന്നീട്. മൂന്നുമണിക്ക് നടക്കേണ്ടിയിരുന്ന പരിപാടി മഴമൂലം മണിക്കൂറുകള്‍ വൈകി. വെളുത്ത കാച്ചിത്തുണിയും കുപ്പായവും തട്ടവുമായി വേദിയില്‍ എത്തിയ കളിക്കാരുടെ വേഷത്തില്‍ പടര്‍ന്ന ചെമ്മണ്ണ് പോലും കൗതുകമായി.

ലിംക ബുക്ക് ഓഫ് റക്കോര്‍ഡ്‌സിലും അതുവഴി ഗിന്നസ് ബുക്കും ലക്ഷ്യമാക്കി ചൊവ്വാഴ്ച വൈകുന്നേരം ഉദിനൂര്‍ ഹൈസ്‌കൂള്‍ മിനിസ്റ്റേഡിയത്തില്‍ അരങ്ങേറിയ മെഗാ ഒപ്പന ഇനി ചരിത്രത്തില്‍ രേഖപ്പെടുത്തുകയേ വേണ്ടൂ.

മൊയ്തു വാണിമേല്‍ രചിച്ച് ചിട്ടപ്പെടുത്തിയ തെളിമുത്തായി....എന്നു തുടങ്ങുന്ന ഇശലിനൊപ്പം മണവാട്ടിക്കുചുറ്റും 12,24,30,42 എന്നി ക്രമത്തില്‍ നാലു വരികളിലായി ദ്രുതവേഗത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്റി വിഭാഗത്തിലെ 108 കുട്ടികളാണ് നിരന്നത്. 12 പേര്‍ പാട്ടുകാരായുണ്ടായിരുന്നു.

സ്‌കൂള്‍ പി.ടി.എ.യുടെയും അധ്യാപകരുടെയും ശ്രമകരമായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സംഘടിപ്പിച്ചത്.രണ്ടു ലക്ഷത്തോളം രൂപ നാട്ടുകാരില്‍ നിന്നാണ് പിരിച്ചെടുത്തത്.121 പേര്‍ക്കും വസ്ത്രാലങ്കാരം വടകര കക്കട്ടിലെ ലെന കോസ്റ്റിയൂംസാണ് നല്‍കിയത്. 17 വര്‍ഷത്തിലധികമായി ഒപ്പന പരിശീലനരംഗത്തുള്ള ജൂനൈദ് മെട്ടമ്മലാണ് ഇതിന്റെ ആശയവും ആവിഷ്‌കാരവും നടത്തിയിരിക്കുന്നത്. 

നൃത്തയിനങ്ങളില്‍ പുതിയ ആധ്യായം കുറിക്കാന്‍ ഒരുങ്ങിയ സ്‌കൂളിന് ലിംക അധികൃതര്‍ അവരുടെ ലേഗോ ഉപയോഗിക്കാനുള്ള അവകാശവും നല്‍കി. 121 പേരെയും ഒന്നിച്ച് ചിത്രീകരിക്കാവുന്ന രീതിയില്‍ ക്യാമറകള്‍ ക്രമീകരിച്ചാണ് റെക്കാര്‍ഡ് ചെയ്തത്.സി.ഡി യോടൊപ്പം ചടങ്ങില്‍ എത്തിച്ചേര്‍ന്ന കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ കെ.പി. ജയരാജന്‍ എന്നിവരുടെ സാക്ഷ്യപ്പെടുത്തലുകള്‍ സഹിതം ലിംക അധികൃതര്‍ക്ക് നല്‍കുന്ന രേഖകള്‍ പരിശോധിച്ചായിരിക്കും പ്രഖ്യാപനം. ഈ മാസം തന്നെ അംഗീകാരം ലഭിച്ചാല്‍ 2013 ലെ റെക്കോര്‍ഡില്‍ ഇടംപിടിക്കും.

രണ്ടുമണിമുതല്‍ മാച്ചിക്കാട് ക്ഷേത്രപാലക വാദ്യ സംഘത്തിന്റെ ശിങ്കാരിമേളം , സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച നാടന്‍പാട്ട്, പി.പി. ദീപുവിന്റെ മ്യൂസിക് ഫ്യൂഷന്‍, പയ്യന്നൂര്‍ ചെമ്പട അവതരിപ്പിച്ച ദാരിക വധം എന്നിവയും ഉണ്ടായിരുന്നു.കെ.കുഞ്ഞിരാമന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പിപി. ശ്യാമളാദേവി അധ്യക്ഷയായി. സിനിമ സീരിയല്‍ നടന്‍ അനീഷ് രവി മുഖ്യാതിഥിയായിരുന്നു. പരിശീലകന്‍ ജുനൈദ് മട്ടമ്മലിനുള്ള ഉപഹാരവും ഇദ്ദേഹം നല്‍കി.കെ.രവീന്ദ്രന്‍, കെ.വി. വിനയകുമാര്‍, ജുനൈദ് മെട്ടമ്മല്‍, പി.ടി.എ പ്രസിഡ്ന്റ് പി.പി. കരുണാകരന്‍, കെ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. 

സ്‌കൂളിലെ നിര്‍ധനരായ കുട്ടികളെ ദത്തെടുത്ത വി.വി. ബാബുരാജില്‍ നിന്നുള്ള സഹായധനം പ്രധാനധ്യാപകന്‍ കെ.രവീന്ദ്രന്‍ സ്വീകരിച്ചു.

         VIDEO              







Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.