Latest News

ഡോ. അബ്ദുറഹ്മാന്‍ അല്‍ സുമൈത്തിന് ആയിരങ്ങളുടെ അന്ത്യോപചാരം

കുവൈത്ത് സിറ്റി: അറബ് ലോകത്തെ പ്രമുഖ ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. അബ്ദുറഹ്മാന്‍ അല്‍സുമൈത്തിന് (66) ആയിരങ്ങളുടെ അന്തിമോപചാരം. വ്യാഴാഴ്ച അന്തരിച്ച അദ്ദേഹത്തിന്‍െറ ഖബറടക്കം വെള്ളിയാഴ്ച കുവൈത്ത് സിറ്റിയിലെ സുലൈബിഖാത് ഖബര്‍സ്ഥാനില്‍ നടന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ അനാഥകള്‍ക്കും അഗതികള്‍ക്കുമായി മൂന്ന് പതിറ്റാണ്ട് ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്.

1947 ഒക്ടോബര്‍ 15ന് കുവൈത്തില്‍ ജനിച്ച ഇദ്ദേഹം 1972ല്‍ ബഗ്ദാദ് സര്‍വകലാശാലയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് ഗാസ്ട്രോളജിയില്‍ വൈദഗ്ധ്യം നേടിയ അദ്ദേഹം കുറച്ചുകാലം കുവൈത്ത് അസ്സബാഹ് ആശുപത്രിയില്‍ ജോലി ചെയ്തു. തുടര്‍ന്ന് സാമൂഹിക സേവന രംഗത്ത് വ്യാപൃതനായി.
ഭക്ഷ്യക്ഷാമവും പട്ടിണിയും നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളാണ് പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുത്തത്. ഇത്യോപ്യ, എരിത്രിയ, ജിബൂട്ടി, കെനിയ, മൊസാംബിക്, മലാവി, സാംബിയ, സിംബാബ്വെ, അംഗോള തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരങ്ങള്‍ക്ക് സഹായഹസ്തമെത്തിക്കാന്‍ മുന്നിട്ടിറങ്ങി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 860 സ്കൂളുകളും നാല് സര്‍വകലാശാലകളും 204 ഇസ്ലാമിക് സെന്‍ററുകളും സ്ഥാപിച്ചു. 

കുടിവെള്ളമെത്തിക്കാന്‍ 9500 കിണറുകള്‍ കുഴിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ആഫ്രിക്ക മുസ്ലിം ഏജന്‍സി എന്ന സംഘടനക്ക് രൂപം നല്‍കി. ഡയറക്ട് എയ്ഡ് എന്ന് പിന്നീട് പേരുമാറ്റിയ സംഘടനയുടെ ചെയര്‍മാനായി 1981 മുതല്‍ 2008 വരെ പ്രവര്‍ത്തിച്ചു. 

മലാവി മുസ്ലിംസ് കമ്മിറ്റി, കുവൈത്തി റിലീഫ് കമ്മിറ്റി, ഇന്‍റര്‍നാഷനല്‍ ഇസ്ലാമിക് ചാരിറ്റി അതോറിറ്റി, ഇന്‍ര്‍നാഷനല്‍ ഇസ്ലാമിക് കൗണ്‍സില്‍ ഫോര്‍ കാള്‍ റിലീഫ് കുവൈത്ത് തുടങ്ങിയ സംഘടനകളുടെ രൂപവത്കരണത്തിലും പ്രധാന പങ്ക് വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും തേടിയെത്തി. 

ഇസ്ലാമിക സേവനത്തിനുള്ള കിങ് ഫൈസല്‍ അന്താരാഷ്ട്ര പുരസ്കാരത്തിന് 1996ല്‍ അര്‍ഹനായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.