Latest News

അയോധ്യ പരിക്രമയാത്ര; 850 പേര്‍ അറസ്‌റ്റില്‍

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന്‌ ആവശ്യപ്പെട്ടു വി.എച്ച്‌.പി നടത്തുന്ന പരിക്രമയാത്രക്കെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കി. യാത്ര നയിക്കാനിരുന്ന മുന്‍ എംപി റാംവിലാസ് വേദാന്തിയടക്കം 850 പേരെ പോലീസ് അറസ്റ്റുചെയ്തു. യാ​ത്ര ആരംഭിക്കുന്നതിനു മുന്‍പുളള പൂജ എട്ട് മണിയില്‍ നിന്ന് പത്ത് മണിയിലേക്ക് മാറ്റിയിരുന്നു. അതേസമയം, പുറത്തുനിന്നുളള സന്യാസിമാരും വി.എച്ച്‌.പി പ്രവര്‍ത്തകരും സംസ്ഥാനത്തേക്ക് കടക്കാതിരിക്കാന്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര ഭരണത്തില്‍നിന്നു ബി.ജെ.പി. പുറത്തായതിനു പിന്നാലെ നിശബ്‌ദരായി മാറിയ വി.എച്ച്‌.പി. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വിവാദവിഷയവുമായി രംഗത്തിറങ്ങിയതു തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണെന്നു സൂചനയുണ്ട്‌. അടല്‍ ബിഹാരി വാജ്‌പേയിയെ പ്രധാനമന്ത്രിക്കസേരയിലേക്കു നയിച്ചതുപോലെ, ബി.ജെ.പിയുടെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോഡിയെ അധികാരത്തിലെത്തിക്കാനുള്ള വി.എച്ച്‌.പിയുടെ ശ്രമമാണ്‌ ഈ നീക്കമെന്നു രാഷ്‌ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ആറു ജില്ലകള്‍ കടന്നു സെപ്‌റ്റംബര്‍ 13-ന്‌ അയോധ്യയില്‍ പരിക്രമയാത്ര സമാപിക്കും.

വി.എച്ച്‌.പി. നേതാക്കളടക്കം 300 പേര്‍ക്കെതിരേ അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചിട്ടുണ്ട്. വി.എച്ച്‌.പി. നേതാക്കളായ അശോക്‌ സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ, രാംവിലാസ്‌ വേദാന്തി എന്നിവരടക്കം വി.എച്ച്‌.പിയുടെ 70 നേതാക്കള്‍ക്കെതിരേ പോലീസ്‌ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു.

രാമജന്മഭൂമി ട്രസ്‌റ്റ്‌ അധ്യക്ഷന്‍ നൃത്യഗോപാല്‍ദാസ്‌ ഉള്‍പ്പെടെയുള്ളവര്‍ക്കുവേണ്ടി വി.എച്ച്‌.പി. ഓഫീസുകളില്‍ ഫൈസാബാദ്‌ പോലീസ്‌ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി. ബി.ജെ.പിയുടെയും വി.എച്ച്‌.പിയുടെയും പ്രാദേശികനേതാക്കളില്‍ പലരും വീട്ടുതടങ്കലിലോ കരുതല്‍ തടങ്കലിലോ ആണ്‌.

വി.എച്ച്‌.പി. വീണ്ടും പഴയ മുദ്രാവാക്യവുമായി രംഗത്തിറങ്ങിയതോടെ രാമജന്മഭൂമി-ബാബ്‌റി മസ്‌ജിദ്‌ പ്രക്ഷോഭകാലത്തെ സംഘര്‍ഷഭരിതമായ സ്‌ഥിതിയിലേക്ക്‌ ഉത്തരേന്ത്യ വഴുതിവീഴുമെന്ന ആശങ്ക ശക്‌തമായിട്ടുണ്ട്‌. യാത്ര നിരോധിച്ച ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിന്റെ നടപടിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ്‌ ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്‌ തള്ളി. അഭിഭാഷകനായ മഹേഷ്‌ ഗുപ്‌ത സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ജസ്‌റ്റിസുമാരായ ലക്ഷ്‌മികാന്ത്‌ മഹാപത്ര, ദേവേന്ദ്രകുമാര്‍ ഉപാധ്യായ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണു തള്ളിയത്‌. സാമുദായികസംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ യാത്ര നിരോധിച്ചത്‌.

ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തികളും യാത്ര കടന്നുപോകുന്ന ജില്ലകളിലേക്കുള്ള വഴികളും പോലീസ്‌ അടച്ചു. യാത്രയില്‍ പങ്കെടുക്കാന്‍ അന്യസംസ്‌ഥാനങ്ങളില്‍നിന്നെത്തുന്നവരെ അതിര്‍ത്തിയില്‍ തടഞ്ഞ്‌ അറസ്‌റ്റ്‌ ചെയ്യാനാണു പോലീസിനു നല്‍കിയിരിക്കുന്ന നിര്‍ദേശം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.