Latest News

ഡാറ്റാ എന്‍ട്രി തട്ടിപ്പില്‍ ഒളിവിലായിരുന്ന പ്രസുടമയും ഭാര്യയും അറസ്റ്റില്‍

കായംകുളം: ഡാറ്റാ എന്‍ട്രി തട്ടിപ്പില്‍ ഒളിവിലായിരുന്ന പ്രസുടമയും ഭാര്യയും അറസ്റ്റില്‍. തൃക്കുന്നപ്പുഴ കരുണ പ്രിന്റിംഗ് പ്രസ് ഉടമ കാര്‍ത്തികപ്പള്ളി മഹാദേവികാട് കരുണയില്‍ സുശീലന്‍(54), ഭാര്യ ബീന(47) എന്നിവരാണ് അറസ്റ്റിലായത്. 

വീട്ടിലിരുന്നു പതിനായിരങ്ങള്‍ സമ്പാദിക്കാമെന്നു പത്രങ്ങളിലും മറ്റും പരസ്യങ്ങള്‍ നല്കി തൊഴില്‍ രഹിതരായവരില്‍ നിന്നു കോടികളാണ് ഇവര്‍ തട്ടിയെടുത്തതെന്നു പോലീസ് അറിയിച്ചു. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവര്‍ പോലീസ് എത്തുന്ന വിവരമറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കായംകുളം മൂന്നാംകുറ്റിയില്‍ വച്ച് തൃക്കുന്നപ്പുഴ എസ്‌ഐ ബി.ആര്‍. ജഗദീഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഇവര്‍ ഒളിവില്‍ പോയത്. പൂട്ടിക്കിടന്ന ഇവരുടെ പ്രസില്‍ കഴിഞ്ഞദിവസം സൈബര്‍സെല്‍ ഉദ്യോഗസ്ഥന്റെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയില്‍ വിവിധ ബാങ്കുകളുടെ ചെക്കുകള്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, ഡാറ്റാ എന്‍ട്രിക്കായി നിരവധിപേര്‍ നല്കിയ ബയോഡാറ്റകള്‍, ബാങ്ക് പാസ്ബുക്കുകള്‍ എന്നിവ കണ്ടെടുത്തിരുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിരുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നൂറോളം പേരില്‍ നിന്ന് ഒരു കോടിയിലേറെ തട്ടിയെന്നതാണ് ഇവര്‍ക്കെതിരേയുള്ള പരാതി. ഡാറ്റാ എന്‍ട്രിയിലൂടെ വീട്ടിലിരുന്ന് 20000 രൂപ പ്രതിമാസം വരുമാനം ഉണ്ടാക്കാമെന്നു പരസ്യങ്ങളിലൂടെ വാഗ്ദാനം നല്കുകയും പരസ്യം കണ്ടു വിവിധ ജില്ലകളില്‍ നിന്നും നിരവധി തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ ഇവരുടെ കെണികളില്‍ വീഴുകയുമായിരുന്നു.

 കോഴ്‌സ് ഫീസായി 1500 രൂപയും 300 പേജ് ടൈപ്പ് ചെയ്യാന്‍ സന്നദ്ധരായിരുന്നവരില്‍ നിന്ന് 3700 രൂപ ഡിപ്പോസിറ്റും വാങ്ങി. കൂടാതെ പ്രതിമാസം കണ്‍വര്‍ഷന്‍ ഫീസ് എന്ന നിലയില്‍ 3000 രൂപ കൂടെ വാങ്ങി. ഇങ്ങനെ 12700 അടയ്ക്കുമ്പോള്‍ 5300 രൂപ പ്രതിഫലം ചേര്‍ത്ത് 17800 മൂന്നുമാസത്തിനുള്ളില്‍ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മൂവാറ്റുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ആന്‍ ഇന്‍ഫോമാറ്റിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി ആയിട്ടാണ് ഇവര്‍ ഡാറ്റാ എന്‍ട്രി ആരംഭിച്ചത്.

പണം നഷ്ടപ്പെട്ട പ്രദേശവാസികളാണ് ആദ്യം പരാതിയുമായി രംഗത്തുവന്നത്. തുടര്‍ന്നു വിവിധ ജില്ലകളില്‍നിന്നും പരാതിക്കാരെത്തി. ഡിവൈഎസ്പിക്കും ഹരിപ്പാട് സിഐക്കും പരാതി നല്കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താഞ്ഞതിനെത്തുടര്‍ന്നു ജില്ലാ പോലീസ് മേധാവിയുടെ കായംകുളത്തു നടന്ന പോലീസ് അദാലത്തില്‍ പണം നഷ്ടപ്പെട്ടവര്‍ വീണ്ടും പരാതികളുമായെത്തിയതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കാന്‍ പോലീസ് ശ്രമം തുടങ്ങിയത്. കൂടാതെ മുഖ്യമന്ത്രിക്കും ഐജിക്കും ഇതുസംബന്ധിച്ച് പരാതിയും നല്കിയിരുന്നു.

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ 21 പേര്‍ക്ക് 35 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. കൂടാതെ മറ്റുജില്ലകളിലും നിരവധിപേരെ കബളിപ്പിച്ചതായാണ് അറിവ്. അറസ്റ്റിലായ പ്രതികളെ തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തുവരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Keyamkulam, Arrested, Case, Data endry
 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.