Latest News

ഫേസ്ബുക്കില്‍ വായിച്ചത്: മണല്‍ക്കാറ്റ് വീശുന്ന ഓര്‍മകളിലെ പെരുന്നാളുകള്‍

പലര്‍ക്കും പലതാണ് പെരുന്നാള്‍ ....ചിലര്‍ക്ക് ആഹ്ലാദത്തിന്റേയും ആവേശത്തിന്റെയും മൈലാഞ്ചിക്കാലമാണതെങ്കില്‍ ചിലര്‍ക്കത് ആലസ്യത്തിന്റെ പ്രവാസപ്പെരുന്നാളാണ്......

പത്താമത്തെ നോമ്പിനാണ് സൗദിയിലേക്ക് വിമാനം കേറുന്നത്. പെരുന്നാള്‍ കഴിഞ്ഞിട്ട് പോയാല്‍ മതിയെന്നായിരുന്നു ആഗ്രഹം. പറ്റില്ല, പെട്ടെന്ന് എത്തണമെന്ന്അറബി പറഞ്ഞിട്ടുണ്ടത്രെ. സ്‌കൂളിലാണ് പണി. അവിടെ വെക്കേഷനാണ്. സ്‌കൂള്‍ തുറക്കും മുന്‍പ് കുറെ പണി തീരാനുണ്ട് പോലും.നല്ല പണിയാണെന്നാണ് വിസ ശരിയാക്കിത്തന്ന റിയാസ്‌ക്ക പറഞ്ഞത്.

 വിസക്ക് പണമൊന്നും വേണ്ട, ടിക്കറ്റിന്റെ കായി മാത്രം ഉണ്ടാക്കിയാല്‍ മതിയെന്നു പറഞ്ഞപ്പോഴാണ് പോകാന്‍ കെട്ടുമുറുക്കിയത്.റിയാദിലാണ് സ്‌കൂളുകള്‍. ചെന്നു രണ്ടു ദിവസം കഴിഞ്ഞാണ് പണി തുടങ്ങിയത്. ആദ്യം കയറ്റിറക്കായിരുന്നു. ഒരു സ്‌കൂളില്‍ നിന്നും മേശകളും കസേരകളും ലോറിയില്‍ കേറ്റി മറ്റൊരു സ്‌കൂളില്‍ കൊണ്ടുപോയി ഇറക്കുക. 

നോമ്പ് തലയില്‍ കേറി. കൊടൂര ചൂടും. നാല്‍പത് ഡിഗ്രി കടന്നിരിക്കുന്നു ചൂട്. നോമ്പ് കല്ലത്തായെന്നു പറഞ്ഞാല്‍ മതി. അസറിന് പളളിയില്‍ പോയത് നമസ്‌കരിക്കാനായിരുന്നില്ല. പുറത്തെ, തണുത്ത വെള്ളം കിട്ടുന്ന പൈപ്പില്‍ മുഖം കഴുകി. ആരും കാണാതെ സൂത്രത്തില്‍ ചങ്ക് നനച്ചു. പടച്ചോനേ പൊറുക്കണേ..!

സുബ്ഹി നമസ്‌കാരം കഴിഞ്ഞാല്‍ പിന്നെഅധിക സമയമില്ല, അവിടെ പെരുന്നാള്‍ നിസ്‌കാരത്തിന്.ഞങ്ങള്‍ ജോലിക്ക് പോയപ്പോള്‍ അണിഞ്ഞിരുന്ന വസ്ത്രം പോലും മാറിയിട്ടില്ല. മുശിഞ്ഞ് വിയര്‍പ്പ് നാറുന്നുണ്ട്.ഫ്‌ളൂറസെന്റ്‌ പച്ച കളറുള്ള ഓരോ ബനിയന്‍ തന്നു അയാള്‍. ഇതണിഞ്ഞു വേണം നില്‍ക്കാന്‍. ബനിയനില്‍ സ്‌കൂളിന്റെ പേരും എംബ്ലവും വലുതായി പ്രിന്റ് ചെയ്തിട്ടുണ്ട്.

പള്ളിക്ക് പുറത്ത് സമ്മാനപ്പൊതികള്‍ നിരത്തിയ മേശക്കരികിലായി നിന്നാണ് പെരുന്നാള്‍ നമസ്‌കരിച്ചത്. തിളങ്ങുന്ന തൂവെള്ള വസ്ത്രങ്ങള്‍ നിരന്നു. അത്തറ് വാരിയൊഴിച്ചാണ് അറബികള്‍ വന്നിരിക്കുന്നത്. അവര്‍ കെട്ടിപ്പിടിച്ച് പരസ്പരം ആശംസകള്‍ നേരുന്നു. ഉമ്മ നല്‍കുന്നു. സന്തോഷം പങ്കു വെക്കുന്നു.എനിക്ക് വീട്ടിലേക്ക് ഓര്‍മ പോയി.

ഭാര്യക്കും മോള്‍ക്കും മോനും പുതിയ ഡ്രസ്സ് വാങ്ങിയിട്ടുണ്ട്. പെരുന്നാള്‍ നമസ്‌കാരത്തിന് പോകുമെന്ന് ഇന്നലെ വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞിരുന്നു.നിങ്ങള്‍ക്ക് പുതിയത് എടുത്തോ എന്ന് അവള്‍ ചോദിക്കുകയും ചെയ്തു. പാവം.നമസ്‌കാരവും സമ്മാന വിതരണവും കഴിഞ്ഞ് റൂമിലെത്തുമ്പോള്‍ കണ്ണില്‍ ഉറക്കം നിറഞ്ഞിരുന്നു. വീട്ടിലേക്കു വിളിച്ചു.നിസ്‌കാരം കഴിഞ്ഞോ.അവള്‍ ചോദിച്ചു.ഏത് ഡ്രസ്സാ ഇട്ടത്..എനിക്ക് കരച്ചില്‍ വന്നു.സംസാരിച്ച് പൂതി തീരും മുന്‍പേ പൈസ തീര്‍ന്നു.എല്ലാവരും കിടന്നു. കണ്ണു നിറയുന്നു. വെറുതെ...വേണ്ടിയിരുന്നില്ല, ഇങ്ങനെയൊരു യാത്ര.'













Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.