Latest News

സ്വാതന്ത്യസമര സ്മരണകളുണര്‍ത്തുന്ന സംഗീതശില്പവുമായി കൂട്ടക്കനിയിലെ വിദ്യാര്‍ത്ഥികള്‍

Malabarflash-kasaragod

കാസര്‍കോട്: സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയമായ ഏടുകളെ കോര്‍ത്തിണക്കി കൊണ്ട് കൂട്ടക്കനി ഗവ. യു. പി. സകൂളിലെ വിദ്യാര്‍ത്ഥികള്‍ ആഗസ്ത് 15 വ്യാഴാഴ്ച അരങ്ങിലെത്തും.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് സ്മൃതി തരംഗ് എന്ന് നാമകരണം ചെയ്ത സംഗീതശില്പം അവതരിപ്പിക്കുന്നത്. സ്‌കൂളിലെ 75-ഓളം വിദ്യാര്‍ത്ഥികളാണ് ഇതിലെ അഭിനേതാക്കള്‍. ദേശഭക്തിഗാനങ്ങളും സംഭാഷണവും നൃത്തവും കോര്‍ത്തിണക്കി കൊണ്ടാണ് സംഗീതശില്പം ഒരുക്കിയിരിക്കുന്നത്.
45 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഗീതശില്പം ഇന്ത്യന്‍ സ്വാതന്ത്യസമര ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ മംഗല്‍പാണ്‌ഡെയുടെ കഥ, ഉപ്പു സത്യാഗ്രഹം, സ്വാതന്ത്യസമരത്തില്‍ വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം, സമകാലിക സംഭവങ്ങള്‍ എന്നിവയിലൂടെയാണ് പുരോഗമിക്കുന്നത്. പഴയതലമുറയിലെ മുത്തശ്ശി സദസ്സിനോട് കഥ പറയുന്ന തരത്തിലാണ് സംഗീതശില്പം അണിയിച്ചൊ രുക്കിയിരിക്കുന്നത്. 

സംഗീതശില്പത്തിലെ പശ്ചാത്തല ഒരുക്കങ്ങള്‍, വേഷവിധാനം, ചമയം എന്നിവ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് തയ്യാറാക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത.കുണ്ടംകുഴി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനായ വിജയന്‍ ശങ്കരമ്പാടിയാണ് സംഗിതശില്പത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പുതുതലമുറയെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടുകള്‍ ഓര്‍മ്മിപ്പിക്കുക എന്നതാണ് ഈ സംഗീതശില്പത്തിന്റെ ലക്ഷ്യമെന്ന് വിജയന്‍ ശങ്കരമ്പാടി പറഞ്ഞു. രണ്ടാഴ്ച്ചത്തെ പരിശീലനത്തിനു ശേഷമാണ് സംഗീതശില്പം അരങ്ങിലെത്തിക്കുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷവും സ്‌കൂളിലെ മുന്‍പ്രധാനധ്യാപകനായിരുന്ന ആലക്കോട് പച്ചിക്കാരന്‍ നാരായണന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി നിര്‍മ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി നിര്‍വ്വഹിക്കും. പി.ടിഎ പ്രസിഡണ്ട് കെ.വി ഭാസ്‌ക്കരന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.