Latest News

ഗ്രോബാഗ് പച്ചക്കറികൃഷിയില്‍ വിജയതിളക്കവുമായി അനീഷും സനോജും


കാഞ്ഞങ്ങാട്: വ്യത്യസ്തമായ കൃഷി രീതിയിലൂടെ വിജയം കൊയ്യുകയാണ് യുവാക്കളായ തിരുവനന്തപുരം സ്വദേശി അനീഷ് രാജ് വൈയും നീലേശ്വരം സ്വദേശിയായ സനോജ് കെ പിയും. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ പാറപ്രദേശത്ത് ഗ്രോബാഗ് ഉപയോഗിച്ച് പച്ചക്കറികൃഷി ചെയ്തു കൊണ്ടാണ് ഇവര്‍ മാതൃക സൃഷ്ടിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്.

ചായ്യോത്തെ മദര്‍ അലക്‌സിയ കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിന്റെ ഒരു ഹെക്ടര്‍ പാറപ്രദേശം പാട്ടത്തിനെടുത്ത് 1500 ഓളം ഗ്രോബാഗുകളിലായി കക്കിരി, വെണ്ട, വഴുതിന, മുളക്, പാവയ്ക്ക, പടവലം തുടങ്ങിയ പച്ചക്കറിയിനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇവര്‍ കൃഷി ചെയ്തത്. പൂര്‍ണ്ണമായും ജൈവവളത്തെ ആശ്രയിച്ചാണ് ഇവര്‍ കൃഷി ഇറക്കിയത്. ഹെക്ടര്‍ ഒന്നിന് 25000 രൂപാ നിരക്കില്‍ സാമ്പത്തിക സഹായവുമായി കിനാനൂര്‍-കരിന്തളം കൃഷിഭവനും ഇവര്‍ക്ക് സഹായ ഹസതമേകി. പച്ചക്കറി വിളവെടുക്കുമ്പോഴേക്കും ആവശ്യക്കാര്‍ ഇവരെ തേടിയെത്തി. ഒരു ടണ്‍ പച്ചക്കറിയാണ് കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദിപ്പിച്ചത്. ഈ വിജയം തന്നെയാണ് ഈ വര്‍ഷവും പാറപ്പുറത്തുളള ഗ്രോബാഗ് പച്ചക്കറികൃഷി തുടരുന്നതിന് ഇവരെ പ്രേരിപ്പിച്ചത്.
പടന്നക്കാട് കാര്‍ഷിക കോളേജില്‍ നിന്ന് ബി എസ് സി അഗ്രികള്‍ച്ചറും ഡല്‍ഹിയില്‍ നിന്നും എം എസ് സിയും പൂര്‍ത്തിയാക്കിയ അനീഷ് കൃഷിയോടുളള അഭിനിവേശം കൊണ്ടാണ് പുതിയ കാര്‍ഷിക സംരംഭങ്ങളുമായി മുന്നോട്ടു വരുന്നത്. ഇത്തരം സംരംഭങ്ങള്‍ക്ക് പറ്റിയ മണ്ണാണ് കാസര്‍കോടെന്ന് തിരിച്ചറിഞ്ഞ അനീഷ്, ഇവിടെതന്നെ തുടരുകയായിരുന്നു. 31 കാരനായ സനോജിനും കൃഷിയുടെ വിവിധ മേഖലകളില്‍ പത്ത് വര്‍ഷത്തെ അനുഭവ പരിചയം മുതല്‍ക്കൂട്ടായുണ്ട്. അനുഭവ പരിചയവും മണ്ണിനോടുളള സ്‌നേഹവുമാണ് ഇവരെ നവ കാര്‍ഷിക സംരംഭങ്ങളിലേക്ക് നയിക്കുന്നത്.
ഇവരുടെ വിജയഗാഥ സമീപ പ്രദേശവാസികളേയും ജില്ലയിലെ വിവിധ സ്‌ക്കൂളുകളേയും ഈ ഉദ്യമത്തിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇവരെ സമീപിക്കുന്നവര്‍ക്ക് ഗ്രോബാഗില്‍ പച്ചക്കറി തയ്യാറാക്കി നല്‍കുന്നുണ്ടിവര്‍.
ഒരു ഗ്രോബാഗില്‍ മൂന്നു വര്‍ഷംവരെ കൃഷി ചെയ്യാം. അതായത് മിനിമം ഒന്‍പത് തവണ വിളവെടുക്കാന്‍ സാധിക്കും. തുടര്‍ച്ചയായി ഗ്രോബാഗിലുളള പച്ചക്കറികൃഷി പിന്‍തുടരുകയാണെങ്കില്‍ ചെറിയ തുക മതി ഇതിന്. അതുപോലെ തന്നെ ഗ്രോബാഗില്‍ പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ പച്ചക്കറി ചെടിക്ക് തളിക്കുന്ന ജലവും വളവും പൂര്‍ണ്ണമായും അതിന് തന്നെ ലഭിക്കുന്നുവെന്ന് അനീഷ് പറഞ്ഞു. ഭാവിയില്‍ കൂടുതല്‍ പാറപ്രദേശങ്ങളിലേക്ക് ഗ്രോബാഗിലുളള പച്ചക്കറികൃഷി വ്യാപിപ്പിക്കാനാണ് അനീഷിന്റേയും സനോജിന്റേയും തീരുമാനം.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.