Latest News

പുതുതലമുറയുടെ കര്‍ഷകന്‍ ശ്രീരാഗിനെ ആദരിക്കുന്നു

കാഞ്ഞങ്ങാട്: കൃഷിക്ക് നേരെ മുഖം തിരിക്കുന്ന പുതുതലമുറയ്ക്ക് മാതൃകയാവുകയാണ് കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ വടക്കേ പുലിയന്നൂരിലെ 27 ക്കാരനായ ശ്രീരാഗ്. നെല്ല്, പച്ചക്കറി, വാഴകൃഷികള്‍, മുയല്‍, പശു, കോഴി, പ്രാവ്, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കൃഷികൊണ്ട് സമ്പന്നമാണ് ശ്രീരാഗിന്റെ വീട്ടുവളപ്പ്. 

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ സമയം കൃഷിക്കാരനായി മാറുകയായിരുന്നു ശ്രീരാഗ്. കര്‍ഷക ദമ്പതിമാരായ ശ്രീധരന്റെയും രാധയുടെയും മകനായ ശ്രീരാഗിന് ചെറുപ്പം മുതലേ കൃഷിയോട് അതീവ താത്പര്യമായിരുന്നു. നാലേക്കര്‍ കൃഷിഭൂമിയില്‍ ഒരേക്കര്‍ നെല്‍കൃഷിയാണ്. ട്രില്ലര്‍ ഉപയോഗിച്ച് സ്വന്തമായി ഉഴുതാണ് നെല്‍കൃഷിചെയ്യുന്നത്. അത്യാവശ്യ കൃഷി പണിക്ക് മാത്രമേ തൊഴിലാളികളുടെ സഹായം തേടും. വെളളരി, പടവലം, പാവല്‍, മധുരകിഴങ്ങ്, എന്നിവയും ശ്രീരാഗ് കൃഷിഭൂമിയില്‍ സമൃദ്ധമായി വിളയുന്നു. വീട്ടിലെ ബയോഗ്യാസ് പ്ലാന്റില്‍ നിന്നുളള സ്ലറിയും മറ്റുജൈവ വളവുമാത്രമാണ് കൃഷിക്കുപയോഗിക്കുന്നത്. വീട്ടാവശ്യത്തിനുളള പച്ചക്കറികള്‍ മാറ്റിവെച്ച് ബാക്കി മുഴുവനും മാര്‍ക്കറ്റില്‍ കൊണ്ട് പോയി വില്‍പ്പന.

കൃഷിക്ക് പുറമേ പക്ഷി-മൃഗപരിപാലത്തിനും അതീവ തല്‍പ്പരനാണ് ശ്രീരാഗ്. വീട്ടില്‍ വളര്‍ത്തുന്ന വിവിധ വര്‍ണ്ണങ്ങളിലുളള പ്രാവിനെ തേടി നിരവധിപേരാണ് ശ്രീരാഗിനെ സമീപിക്കുന്നത്. അപൂര്‍വ്വ ഇനത്തിലുളള പ്രാവുകളും ശ്രീരാഗിന്റെ വീട്ടുവളപ്പില്‍ ഉണ്ട്. നാടന്‍ കോഴിവളര്‍ത്തലാണ് ശ്രിരാഗിന്റെ മറ്റൊരു മേഖല. ഇതിനും ആവശ്യക്കാര്‍ ഏറെയാണ്. പശു പരിപാലനം മുയല്‍ വളര്‍ത്തല്‍ തേനീച്ച വളര്‍ത്തല്‍ എന്നിവയിലും ശ്രീരാഗിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ശ്രീരാഗിന്റെ ഇഷ്ടമേഖലകളില്‍ ഒന്നാണ് തേനീച്ച വളര്‍ത്തല്‍.
സ്വയം അദ്ധ്വാനിക്കുകയാണെങ്കില്‍ കൃഷി ലാഭകരം തന്നെ. ശ്രദ്ധയും പരിചരണവും നല്‍കുന്നതിന്റെ അളവ് അനുസരിച്ച് നല്ല വിള കൊയ്യാം- ഇത് ശ്രീരാഗിന്റെ ലളിതമായ വിജയമന്ത്രമാണിത്. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനത്തോടനുബന്ധിച്ച് ശനിയാഴ്ച ശ്രീരാഗ് അടക്കം എട്ട് കര്‍ഷകരെ ആദരിക്കുന്നു. പി.ജി.ഉഷകുമാരിയും സംഘവും, സി.ടി.ശ്രീകുമാര്‍, കെ.ടി.കുര്യന്‍, കെ.ജി.സുനില്‍കുമാര്‍, പി.ടി.ജോസഫ്, പി.മാധവി എന്നിവരാണ് ആദരവ് ഏറ്റുവാങ്ങുന്ന മറ്റു കര്‍ഷകര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.