കാസര്‍കോട്: ജില്ലയിലെ സാംക്രമിക രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 19ന് കാസര്‍കോട് ജില്ല മുഴുവനായി ശുചീകരിക്കാനും ക്ലീന്‍ കാസര്‍കോട് പദ്ധതി വിജയിപ്പിക്കുവാനും ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരും രംഗത്തിറങ്ങും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കുടുംബശ്രീ ജില്ലാതല കൂടിയാലോചന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ എ ഡി എം എച്ച്.ദിനേശന്‍ അധ്യക്ഷത വഹിച്ചു.
ഏകദിന ക്ലീന്‍ കാസര്‍കോട് പരിപാടിയില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, എന്‍ സി സി, മറ്റ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ വിവിധ മേഖലയിലുളളവര്‍ നാടും നഗരവും ശുചീകരിക്കാന്‍ രംഗത്തുണ്ടാവും. ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിശ്ചിത സമയം നീക്കിവെച്ചും കടകള്‍ അടച്ചും ശുചീകരണ പ്രവൃത്തികള്‍ നടത്തും. ഡെങ്കി, മലമ്പനി തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന കൊതുകുകളുടെ ഉറവിട നശീകരണവും പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കും.
യോഗത്തില്‍ ഡെപ്യൂട്ടി ഡി എം ഒ എം സി വിമല്‍രാജ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കുടുംബശ്രീ യൂണിറ്റുകളിലെ അക്കൗണ്ടന്റുമാര്‍, മെമ്പര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment