Latest News

നോവിന്റെ ഓര്‍മയില്‍ പൂര്‍ണചന്ദ്രന്റെ സാന്ത്വന കരങ്ങള്‍ അജിത്തിനെ തേടിയെത്തി

കാസര്‍കോട്: അമാവാസി എന്ന പൂര്‍ണ ചന്ദ്രനെ പ്രബുദ്ധ കേരളം ഒരിക്കലും മറക്കില്ല. കണ്ണൂര്‍ ജില്ലയിലെ ബോംബ് രാഷ്ട്രീയത്തിന്റെ ഇരയാകുകയും ഒടുവില്‍ സര്‍ക്കാരിന്റെ ദത്തുപുത്രനാകുകയും ചെയ്ത തമിഴ് നാടോടി ബാലന്‍. കാസര്‍കോട് ജനറല്‍ ആശുപത്രിക്കിടക്കയില്‍ മൃതപ്രായനായി കിടക്കുന്ന അജിത്തിനെ തേടി ശനിയാഴ്ച സര്‍ക്കാരിന്റെ സ്വന്തം പൂര്‍ണചന്ദ്രന്റെ സാന്ത്വന കരങ്ങളെത്തി. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജിലെ ജീവനക്കാരനായ പൂര്‍ണചന്ദ്രന്‍ തന്റെ ഒരു മാസത്തെ ശമ്പളത്തുകയായ 10,000 രൂപയാണു ശരീരം തളര്‍ന്ന ബസ് തൊഴിലാളി കാസര്‍കോട് കോളിയടുക്കത്തെ അജിത്തിന്റെ മാതാവ് ഓമനയ്ക്കു കൈമാറിയത്.

മൂന്നു വര്‍ഷം മുമ്പാണ് 24കാരനായ അജിത്തിനെ വിധി തളര്‍ത്തിയത്. സ്വകാര്യബസില്‍ ക്ലീനറായ ഈ യുവാവിനെ ബസ് ജീവനക്കാരടങ്ങിയ നാലംഗ സംഘമാണ് പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയില്‍ ആശുപത്രിയിലെത്തിച്ചത്. ടെറസില്‍നിന്നു വീണു പരിക്കേറ്റെന്നായിരുന്നു ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്.

പിന്നീട് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. അജിത്തിനു സംഭവിച്ചത് അപകടമല്ലെന്നും ഒരു സംഘം മര്‍ദിച്ചതാണെന്നും അന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അജിത്തിന്റെ മാതാവ് ഇതു സംബന്ധിച്ചു അധികാരികള്‍ക്കു നിരവധി തവണ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, പോലീസ് അന്വേഷണവും കേസുകളും എങ്ങുമെത്തിയില്ല. അജിത്തിന്റെ അവസ്ഥ ഇന്നും ഏറെ പരിതാപകരമായി തുടരുന്നു. ചലനമില്ലാത്ത കിടപ്പ്, ചിലപ്പോള്‍ എന്തെങ്കിലും സംസാരിച്ചാലായി.

മാതാവ് ഓമനയാണ് ആശുപത്രിയില്‍ കൂട്ടിന്. നിത്യച്ചെലവിനു വകയില്ലാതായതിനെത്തുടര്‍ന്നു ആശുപത്രിയില്‍ ശുചീകരണ ജോലി ചെയ്തുവരുകയാണ് ഓമന. പൂര്‍ണചന്ദ്രന്റെ ഒരുകൈ സഹായം വലിയ അനുഗ്രഹമായി ഈ അമ്മ കരുതുന്നു. തന്റെ മകന്റെ അവസ്ഥയറിഞ്ഞെത്തിയ മറ്റൊരു ദുരന്ത ശേഷിപ്പായ പൂര്‍ണചന്ദ്രനു മുന്നില്‍ നന്ദിയോടെ ആ മാതാവ് കൈകൂപ്പി നിന്നു.

ഇനിയറിയാം അമാവാസിയെന്ന പൂര്‍ണചന്ദ്രനെ: കണ്ണൂര്‍ പാനൂരിനടുത്ത കല്ലക്കണ്ടി തൂവക്കുന്നില്‍ ആക്രിസാധനങ്ങള്‍ പെറുക്കി ഉപജീവനം കഴിഞ്ഞ തമിഴ് കുടുംബത്തിലെ അംഗം.

ബോംബ് രാഷ്ട്രീയത്തിന്റെ താവളമായ ഇവിടെ ചപ്പുചവര്‍ കൂമ്പാരത്തില്‍നിന്നു ലഭിച്ച സ്റ്റീല്‍ ഗോളം ആറുവയസുകാരനായ പൂര്‍ണചന്ദ്രനു സമ്മാനിച്ചതു കേരളമനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു. കൈയില്‍ കിട്ടിയ വസ്തു ബോംബാണെന്നു തിരിച്ചറിയാതെ അന്നത്തെ അന്നത്തിന്റെ വകയെന്നു കരുതി ഇടിച്ചു പരുവത്തിലാക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് ഇടതു കൈയും ഒരു കണ്ണും നഷ്ടമായ ബാലന്‍.

മാധ്യമങ്ങളിലൂടെ കഥയറിഞ്ഞു തിരുവനന്തപുരം ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും പിന്നീടു സംസ്ഥാന സര്‍ക്കാരും ഏറ്റെടുത്തതോടെ അമാവാസി പൂര്‍ണ ചന്ദ്രനായി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പഠിച്ച അതേ കോളജില്‍ ക്ലാര്‍ക്കായി പൂര്‍ണചന്ദ്രനു ജോലി നല്കുകയായിരുന്നു.

ബാല്യം മുതല്‍ സംഗീതം അഭ്യസിച്ച പൂര്‍ണചന്ദ്രന്‍ നല്ലൊരു ഗായകന്‍കൂടിയാണ്. രണ്ടു മാസംമുമ്പു കുമ്പളയിലെ ഒരു സാമൂഹിക സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തു മടങ്ങവേയാണു സത്യസായി ഓര്‍ഫനേജുമായി ബന്ധമുള്ള കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ അഡ്വ. കെ. മധുസൂദനന്‍ വഴി കാസര്‍ഡേകാട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന അജിത്തിനെ അമാവാസി കാണാനിടയായത്.

അന്ന് അമാവാസി ഒരു തീരുമാനം മനസില്‍ കോറിയിട്ടു. അജിത്തിന് എന്തെങ്കിലുമൊരു സഹായം ചെയ്യണം. ഈ ആഗ്രഹമാണു ശനിയാഴ്ച സഫലമായത്. തന്റെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തും അമാവാസി കേരള സമൂഹത്തിനു മാതൃക സൃഷ്ടിച്ചിരുന്നു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.