Latest News

പിസി ജോര്‍ജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

ഈരാറ്റുപേട്ട: യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഗവ. ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിന്റെ കോലം കത്തിക്കുന്നതിനിടെ പി.സി.ജോര്‍ജ്‌ സ്‌ഥലത്തെത്തിയത്‌ സംഘര്‍ഷത്തിലെത്തി. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും പി.സി. ജോര്‍ജ്‌ അനുകൂലികളും ചേരിതിരിഞ്ഞ്‌ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചതോടെ പോലീസ്‌ ലാത്തിവീശി.വൈകിട്ട്‌ ആറേകാലോടെ ഈരാറ്റുപേട്ട ജംഗ്‌ഷനിലായിരുന്നു സംഭവം.

പ്രകടനമായെത്തിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ജംഗ്‌ഷനില്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിന്റെ കോലം കത്തിക്കുന്നതിനിടെ പൂഞ്ഞാര്‍ ഭാഗത്തുനിന്നു വന്ന പി.സി. ജോര്‍ജിനെ കോണ്‍ഗ്രസുകാര്‍ കൂകി വിളിച്ചതിനെ തുടര്‍ന്ന്‌ വാഹനം നിര്‍ത്തുകയായിരുന്നു. പ്രകടനക്കാര്‍ക്കുനേരെ കയര്‍ത്തു സംസാരിച്ചതിനെത്തുടര്‍ന്ന്‌ കോണ്‍ഗ്രസുകാര്‍ ചീഫ്‌ വിപ്പിന്റെ വാഹനം തടഞ്ഞു.

സ്‌ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ വാഹനം കടത്തിവിട്ടെങ്കിലും മുന്നോട്ടു മാറ്റി വാഹനം നിര്‍ത്തിയ പി.സി. ജോര്‍ജ്‌ ടൗണില്‍ ഇറങ്ങിയതോടെ കോണ്‍ഗ്രസുകാരും കേരളാ കോണ്‍ഗ്രസുകാരും രണ്ടുചേരിയായി തിരിഞ്ഞ്‌ മുദ്രാവാക്യം വിളികള്‍ ആരംഭിച്ചു. പ്രകോപനപരമായ മുദ്രാവാക്യംവിളികളുമായി കോണ്‍ഗ്രസുകാര്‍ ചീഫ്‌ വിപ്പിന്റെ മുന്നില്‍നിന്നപ്പോള്‍ സ്‌ഥലത്തുണ്ടായിരുന്ന ഏതാനും പോലീസുകാര്‍ക്ക്‌ ഒന്നും ചെയ്യാനായില്ല. ഒടുവില്‍ പാലാ ഡിവൈ.എസ്‌.പി. ബിജു കെ. സ്‌റ്റീഫന്‍, ഈരാറ്റുപേട്ട സി.ഐ. ബാബു സെബാസ്‌റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി പ്രകടനക്കാരെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പിരിഞ്ഞുപോകാന്‍ കോണ്‍ഗ്രസുകാര്‍ കൂട്ടാക്കിയില്ല. ഇതിനിടെ പി.സി. ജോര്‍ജ്‌ അനുകൂലികള്‍ കോണ്‍ഗ്രസുകാരുടെ നേരെ അടുത്തപ്പോള്‍ പോലീസ്‌ ലാത്തീ വീശുകയായിരുന്നു. 

ഒടുവില്‍ ഇരുകൂട്ടരെയും പിരിച്ചുവിട്ടതോടെയാണ്‌ ഒരുമണിക്കൂറിലേറെ നീണ്ട സംഘര്‍ഷത്തിനു അയവുണ്ടായത്‌. ടൗണില്‍ രാത്രി വൈകിയും വന്‍ പോലീസ്‌ സന്നാഹം കാവല്‍ നില്‍ക്കുകയാണ്‌.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.