Latest News

അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ തിങ്കളാഴ്ച ഇടതുമുന്നണിയോഗം

തിരുവനന്തപുരം: സോളാര്‍ കേസില്‍ സര്‍ക്കാറിനെതിരായ അനിശ്ചിതകാല സെക്രട്ടറിയേറ്റ് ഉപരോധം പിന്‍വലിക്കാനിടയായത് സംബന്ധിച്ച അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ തിങ്കളാഴ്ച ഇടതുമുന്നണിയോഗം.

സി.പി.എം ഏകപക്ഷീയമായി ഉപരോധം പിന്‍വലിച്ചതില്‍ അതൃപ്തരായ ഘടകകക്ഷികള്‍ തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ എതിര്‍പ്പ് അറിയിക്കും.

മുന്നണിയോഗം പരസ്പരം വിഴുപ്പലക്കലിന് വഴിമാറുമെന്ന് സി.പി.എം ഭയപ്പെടുന്നു. ലക്ഷ്യം കാണാതെ ഉപരോധസമരം പിന്‍വലിച്ചതില്‍ ഘടകകക്ഷികളെല്ലാം അസംതൃപ്തരാണ്. സര്‍ക്കാറിന് എതിരെ വീണുകിട്ടിയ ആയുധം ഉപയോഗിക്കുന്നതില്‍ എല്‍.ഡി.എഫിന് വീഴ്ചയുണ്ടായി എന്ന് ഘടകകക്ഷികള്‍ കുറ്റപ്പെടുത്തുന്നു. വല്യേട്ടനെതിരെ നാവുയര്‍ത്താന്‍ ധൈര്യമില്ലാത്തതിനാല്‍ പരസ്യമായ അഭിപ്രായപ്രകടനത്തിന് ആരും മുതിരുന്നില്ലെന്ന് മാത്രം.

എന്നാലും ഘടകകക്ഷിയോഗങ്ങളില്‍ സി.പി.എം നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്. ഉപരോധം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്തും മുന്നണിയിലും എതിരഭിപ്രായങ്ങള്‍ ഉയരുന്നത് സി.പി.എമ്മിനെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം സര്‍ക്കാറിനെതിരായ പ്രതിഷേധത്തിന്റെ തീവ്രത കുറച്ചിട്ടുണ്ട്. പുറമെ മുന്നണി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയം വിനിയോഗിക്കേണ്ട ഗതികേടും സി.പി.എമ്മിനുണ്ടായിരിക്കുകയാണ്.

സമരം പിന്‍വലിക്കാനുണ്ടായ സാഹചര്യം സി.പി.എം നേതൃത്വം തിങ്കളാഴ്ചത്തെ യോഗത്തില്‍ വിശദീകരിക്കും. ഇതോടൊപ്പം സെക്രട്ടറിയേറ്റ് ഉപരോധസമരത്തിന്റെ വിലയിരുത്തലും യോഗത്തില്‍ ഉണ്ടാവും. സമരം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളും ആക്ഷേപങ്ങളും യോഗത്തില്‍ സജീവചര്‍ച്ചയാവും. ഇതു സംബന്ധിച്ച് മുന്നണിയില്‍ മേല്‍ത്തട്ടു മുതല്‍ കീഴ്ഘടകം വരെയുണ്ടായിട്ടുള്ള ആശയക്കുഴപ്പം ഘടകകക്ഷികള്‍ പങ്കുവെക്കും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Solar, Ldf

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.