Latest News

നഷ്ടപ്പെട്ട വീടുംപുരയിടവും തിരികെ നല്കണമെന്നാവശ്യപ്പെട്ട് ജസീറയ്‌ക്കൊപ്പം ഡാര്‍ളി അമ്മൂമയും

തിരുവനന്തപുരം: മണല്‍മാഫിയയ്‌ക്കെതിരെ വര്‍ഷങ്ങളോളം ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡാര്‍ളി അമ്മൂമ്മ മണലൂറ്റുമൂലം നഷ്ടപ്പെട്ട വീടും പുരയിടവും തിരികെ നല്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സൂചന സമരം നടത്തി. മണല്‍ മാഫിയയ്‌ക്കെതിരെ 25 ദിവസമായി സമരം ചെയ്യുന്ന ജസീറയ്ക്കു പിന്തുണയുമായാണ് ഡാര്‍ളി അമ്മൂമ്മ പുതിയ സമരമുഖത്തേക്ക് എത്തിയത്.

മണല്‍ക്കൊള്ളക്കാര്‍ കവര്‍ന്ന നെയ്യാറിന്റെ തീരത്ത് അപകടാവസ്ഥയിലായിരുന്ന വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചായിരുന്നു ഡാര്‍ളി അമ്മൂമ്മയുടെ സമരം. മണല്‍മാഫിയ സംഘങ്ങളുടെ പുഴമണലൂറ്റലിനെതിരെ പടവെട്ടി അവര്‍ കാത്തുസൂക്ഷിച്ച വീടും പുരയിടവും കഴിഞ്ഞ കാലവര്‍ഷത്തില്‍ ഒലിച്ചുപോയിരുന്നു. ഇതിനെ തുടര്‍ന്ന് 78 കാരിയായ ഡാര്‍ളി അമ്മൂമ്മ സര്‍ക്കാരിന്റെ വുമണ്‍സ് വര്‍ക്കിംഗ് അസോസിയേഷന്റെ അഭയകേന്ദ്രത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

1983 മുതല്‍ നെയ്യാറിന്റെ കരയിലെ അനധികൃത മണലൂറ്റി നെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് ഇവര്‍. വീടും 10സെന്റ് സ്ഥലവും കൈക്കലാക്കാന്‍ മണല്‍മാഫിയ ശ്രമിച്ചെങ്കിലും ഡാര്‍ളി വിട്ടുകൊടുത്തില്ല. ഒടുവില്‍ മണലൂറ്റി വീടിനു ചുറ്റും കിടങ്ങായതോടെ ഡാര്‍ളി ഒറ്റപ്പെട്ടു. പുഴയ്ക്ക് നടുവിലൂടെയുള്ള ഒറ്റയടിപാതയായിരുന്നു പുറം ലോകത്തെത്താനുള്ള ഏകവഴി.

എന്നാല്‍ കഴിഞ്ഞ ഇടയ്ക്കുണ്ടായ അതിശക്തമായ കാലവര്‍ഷത്തില്‍ ഈവഴിയും വീടും പുരയിടവും നഷ്ടപ്പെടുകയായിരുന്നു.മണല്‍മാഫിയയെ സഹായിക്കുന്ന തരത്തിലുള്ള നിലപാടാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗസ്ഥരും സ്വീകരിച്ചിട്ടുള്ളതെന്ന് ഡാര്‍ളി ആരോപിക്കുന്നു. നഷ്ടപ്പെട്ട വീടും പുരയിടവും തിരികെ നല്കണമെന്നാവശ്യപ്പെട്ടാണ് ഡാര്‍ളി അമ്മൂമ്മ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനെത്തിയത്

ഡാര്‍ളിയുടെ വീടും പറമ്പും അപകടത്തിലാണെന്നും അത് സംരക്ഷിക്കാനായി കരിങ്കല്‍ ഭിത്തി കെട്ടുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകരടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ വി.ഡി സതീശന്‍ അടക്കം ഹരിത എംഎല്‍എമാര്‍ നദീസംരക്ഷണ യാത്ര ആരംഭിച്ചത് ഡാര്‍ളി അമ്മൂമ്മയുടെ വീട്ടില്‍ നിന്നാണ്. മണലും കേരളത്തിലെ നദികളും സംരക്ഷിക്കണമെന്നാവശ്യമാണ് പ്രധാനമായും ഉന്നയിച്ചിരുന്നത്. പക്ഷെ ഇതൊന്നും എവിടെയുമെത്തിയില്ല. അതുകൊണ്ടാണ് സ്വന്തം വീടിനും സ്ഥലത്തിനും വേണ്ടി ഡാര്‍ളി അമ്മൂമ്മയ്ക്ക് സെക്രട്ടേറിയറ്റ് പടിക്കലേക്ക് വരേണ്ടി വന്നത്.

തിങ്കളാഴ്ച ഡാര്‍ളി അമ്മൂമ്മ നടത്തിയ സൂചനാ സമരത്തിനു വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയുമായി എത്തി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡാര്‍ളി അമ്മൂമ്മയുടെയും ജസീറയുടെയും സമരത്തെ അനുകൂലിച്ച് സെക്രട്ടേറിയറ്റ് ധര്‍ണയും നടത്തി. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഡാര്‍ളി അമ്മൂമ്മയുടെ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവരെ കാണുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി മണല്‍ മാഫിയക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, jaseera, Darli, Secretariat

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.