തെറ്റായ മേല്‍വിലാസത്തിലുള്ള പാസ്‌പോര്‍ട്ടുകളെപ്പറ്റിയാണ് അന്വേഷിക്കുന്നത്. തൃശ്ശൂര്‍ മുതല്‍ കാസര്‍കോടുവരെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായുള്ള 150 കേസുകള്‍ അന്വേഷണത്തിലാണ്.
നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ച കേസുകള്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് കൈമാറുകയായിരുന്നു. ഇതുവരെ നടന്ന അന്വേഷണത്തില്‍ തീവ്രവാദബന്ധം സംബന്ധിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.
അന്വേഷണത്തിലുള്ള പല കേസുകളിലും പാസ്‌പോര്‍ട്ടുടമകള്‍ വിദേശത്താണ്. ചില കേസുകളില്‍ ഉടമകളെ കണ്ടെത്താനായിട്ടില്ല. ഉടമകളെ കണ്ടെത്താനാവാത്ത കേസുകളാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇത്തരം കേസുകളധികമുള്ളത്. മുമ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചും തെറ്റായ വിവരങ്ങള്‍ നല്‍കിയും മറ്റുമാണ് വ്യാജ പാസ്‌പോര്‍ട്ട് പലരും നേടിയത്. മറ്റാളുകളുടെ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റിയും മറ്റും കൃത്രിമം നടത്തിയവയും അന്വേഷണത്തിലുണ്ട്.
ഇത്തരത്തിലുള്ള വ്യാജ പാസ്‌പോര്‍ട്ടുകള്‍ പിടിയിലാകുന്നത് ഇപ്പോള്‍ കുറവാണ്. പാസ്‌പോര്‍ട്ടില്‍ ജനനതീയതി തിരുത്തുന്ന കേസുകളാണ് പിടിക്കപ്പെടുന്നത്. വിമാനത്താവളങ്ങളിലെ പാസ്‌പോര്‍ട്ട് പരിശോധനാ ഉപകരണങ്ങള്‍ പാസ്‌പോര്‍ട്ടുകളിലെ ചെറിയ കൃത്രിമംപോലും തിരിച്ചറിയുന്നുണ്ട്.
ജനനതീയതി തിരുത്തിയ പാസ്‌പോര്‍ട്ടുമായെത്തുന്നവര്‍ക്കെതിരെ ഇടക്കാലത്ത് കേസെടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത്തരക്കാരും നിയമനടപടികള്‍ നേരിടുന്നുണ്ട്.


No comments:
Post a Comment