Latest News

വിലക്കയറ്റം തടയുന്നതിനാവശ്യമായ നടപടികള്‍ക്കായി സര്‍ക്കാര്‍ 135 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തു വിലക്കയറ്റം തടയുന്നതിനാവശ്യമായ നടപടികള്‍ക്കായി സര്‍ക്കാര്‍ 135 കോടി രൂപ അനുവദിച്ചു. സിവില്‍ സപ്ലൈസ് കോര്‍പറേഷനു നല്‍കിയ 60 കോടി രൂപയ്ക്കു പുറമേ 25 കോടി രൂപ കോടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഈ മാസം ഒമ്പതു മുതല്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ പഞ്ചായത്തുതലത്തില്‍ 1250 മിനി ഫെയറുകള്‍ ആരംഭിക്കും. ഇത്തവണ ഓണത്തിനു മുമ്പുതന്നെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അഞ്ചു കിലോ അരി വിതരണം ചെയ്യും. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരി നല്‍കുന്നത്. വിലക്കയറ്റം തടയാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണു തീരുമാനം.

ഓണത്തിനു മുമ്പുതന്നെ സംസ്ഥാനത്ത് 80 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഒരു കിലോ പഞ്ചസാര നല്‍കും. ഇതിനായി അഞ്ചരക്കോടി രൂപ നല്‍കാന്‍ മുഖ്യമന്ത്രി ധനകാര്യ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ബിപിഎല്‍ കുടുംബങ്ങള്‍ക്കു 15 കിലോ അരി ഉള്‍പ്പെടുന്ന ഓണക്കിറ്റ് നല്‍കും. മാവേലി സ്റ്റോറുകള്‍ വഴിയാണു കിറ്റ് നല്‍കുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ടില്‍നിന്നും 22.6 കോടി രൂപ അനുവദിക്കും. ഇത്തവണ ആദിവാസിമേഖലയിലും ഓണക്കിറ്റ് വിതരണം ചെയ്യും. ഇതിന് ഏഴു കോടി രൂപ പ്രത്യേകമായി അനുവദിക്കും. ഓണക്കാലത്തു സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഓണം ഫെയറുകള്‍ ഏഴു ദിവസമാണു പ്രവര്‍ത്തിച്ചിരുന്നത്. ഇത്തവണ ഫെയറുകള്‍ 45 ദിവസം പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

ഹോര്‍ട്ടികോര്‍പിന്റെ 250 വിപണനകേന്ദ്രങ്ങളാണു പച്ചക്കറി വില്‍പ്പനയ്ക്കായി രംഗത്തുള്ളത്. കഴിഞ്ഞ വര്‍ഷം 98 കേന്ദ്രങ്ങളാണുണ്ടായിരുന്നത്. 15 മൊബൈല്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 25 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. 30 ശതമാനം വിലക്കുറവിലാണു ഹോര്‍ട്ടികോര്‍പ് വഴി പച്ചക്കറി ലഭിക്കുന്നത്. 60 ശതമാനം പച്ചക്കറിയും സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നാണു ഹോര്‍ട്ടികോര്‍പ് ശേഖരിക്കുന്നത്. ഇതിനായി നേരത്തേ അഞ്ചു കോടി രൂപ നല്‍കിയതിനു പുറമേ 15 കോടി കൂടി നല്‍കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

കണ്‍സ്യൂമര്‍ ഫെഡിന്റെ 1625 വിപണനകേന്ദ്രങ്ങളാണ് ഓണക്കാലത്തു പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ഔട്ട്‌ലെറ്റുകള്‍ 4000-മായി വര്‍ധിപ്പിച്ചു. 154 സഹകരണ വിപണികളാണു ഇക്കൊല്ലം ആരംഭിച്ചിട്ടുള്ളത്. കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ഓരോ പച്ചക്കറി വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കും. കണ്‍സ്യൂമര്‍ഫെഡിനു 10 കോടി അനുവദിച്ചതിനു പുറമെ 20 കോടികൂടി നല്‍കും. ഇതു രണ്ടു ദിവസത്തിനുള്ളില്‍ത്തന്നെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഓണക്കാലത്തു വിലക്കയറ്റം തടയാനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ കര്‍ശനമായ പരിശോധന നടത്തും. ചെക്ക്‌പോസ്റ്റുകളില്‍ ഇതിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പാല്‍, വെളിച്ചെണ്ണ എന്നീ സാധനങ്ങളുടെ ഗുണനിലവാരം പ്രത്യേകമായി പരിശോധിക്കും. ഇതിനായി സിവില്‍ സപ്ലൈസ്, ഭക്ഷ്യ, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തും. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും. സംസ്ഥാനത്തു വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത 412 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുത്തതായും അനൂപ് ജേക്കബ് അറിയിച്ചു.

കൃഷി, സഹകരണം, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുകളുടെ സംയുക്ത യോഗമാണ് തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്. മന്ത്രിമാരായ കെ.പി. മോഹനന്‍, സി.എന്‍. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തിനെത്തിയില്ല. ധനമന്ത്രി കെ. എം. മാണിയും പങ്കെടുത്തില്ല. മന്ത്രിമാര്‍ക്കു പകരം വകുപ്പു സെക്രട്ടറിമാരാണു മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Ummamchandi, Govt
 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.