Latest News

പോലീസും സാമൂഹികനീതി വകുപ്പും ചേര്‍ന്ന് പതിനഞ്ചുകാരിയുടെ വിവാഹം തടഞ്ഞു

കുന്നംകുളം: പത്താംക്ലാസ്സില്‍ പഠിക്കുന്ന പതിനഞ്ചുവയസ്സുള്ള പെണ്‍കുട്ടിയെ ഗള്‍ഫിലുള്ള ഇരുപത്തിയൊമ്പതുകാരന് വിവാഹം ചെയ്തുകൊടുക്കാനിരുന്നത് പോലീസും സാമൂഹികനീതി വകുപ്പും ചേര്‍ന്ന് തടഞ്ഞു. കല്യാണം കഴിപ്പിച്ചുനല്‍കിയാല്‍ ശൈവ വിവാഹം നടത്തിയതിന് കേസ്സെടുക്കേണ്ടിവരുമെന്ന് കാണിച്ച് വീട്ടുകാര്‍ക്ക് നോട്ടീസും നല്‍കി. വില്ലന്നൂര്‍ കരിമ്പനാട്ടേയില്‍ കെ.എം. ഉമ്മറിന്റെ വീട്ടിലെത്തിയാണ് ശൈശവവിവാഹ നിരോധന നിയമപ്രകാരം നോട്ടീസ് നല്കിയത്.

ചാവക്കാട് മുതുവട്ടൂരിലുള്ള യുവാവുമായി ശനിയാഴ്ച കരിക്കാട് കെ.കെ. റീജന്‍സിയില്‍ നടത്താനിരുന്ന വിവാഹമാണ് തടഞ്ഞത്. വിവാഹക്ഷണക്കത്ത് അടിച്ച് വെള്ളിയാഴ്ച നിക്കാഹ് ചടങ്ങും ശനിയാഴ്ച വിവാഹത്തിനുമാണ് ആളുകളെ ക്ഷണിച്ചത്. അക്കിക്കാവ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വിവാഹത്തോടനുബന്ധിച്ച് ഓണത്തിനുശേഷം ക്ലാസ്സിലും മുടങ്ങിയിരുന്നു.

ചൊവ്വന്നൂര്‍ ശിശുവികസന പദ്ധതി ഓഫീസര്‍ പി.കെ. മേരിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസും സാമൂഹികക്ഷേമവകുപ്പും വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. 18 വയസ്സ് പൂര്‍ത്തിയായി എന്ന് വീട്ടുകാര്‍ പറഞ്ഞപ്പോള്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടു. പ്ലസ് ടു വിന് പഠിക്കുകയാണെന്നും എന്നാല്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് കാണാനില്ലെന്നും പറഞ്ഞതോടെ സംഘത്തിന് സംശയമായി.

അക്കിക്കാവ് സ്‌കൂളിലാണ് പഠിക്കുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ സംഘം വിദ്യാലയത്തിലെത്തി. സ്‌കൂള്‍ രജിസ്റ്ററില്‍ പെണ്‍കുട്ടിയുടെ ജനന തീയതി 1998 മെയ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീട്ടുകാര്‍ പറഞ്ഞത് 1995 ആണെന്നാണ്. ഇതോടെ 15 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം തടയുകയാണെന്നു കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കു നോട്ടീസ്സും കുന്നംകുളം ഫസ്റ്റ്ക്ലാസ് ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടും നല്‍കി. ഇതോടെ പെണ്‍കുട്ടിയുടെ പിതാവ് ഉമ്മര്‍ വിവാഹം നടത്തുന്നില്ലെന്നും പകരം നിശ്ചയം മാത്രമാണ് ശനിയാഴ്ച നടക്കുന്നതെന്നും വാദിച്ചു.

വിവാഹ നിശ്ചയമാണെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശിശുവിവാഹമായി കാണേണ്ടിവരുമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ പി.കെ. മേരി പറഞ്ഞു. ഒടുവില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹം നടത്തുന്നില്ലെന്ന് കാണിച്ച് കോടതിയില്‍ സത്യവാങ് മൂലം നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kunnamkulam, Marriage, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.