Latest News

ആര്യാടന്റെ കൈവെട്ടുമെന്ന്‌ ഭീഷണി; നാസര്‍ ഫൈസിക്ക്‌ എതിരേ കേസ്‌

തളിപ്പറമ്പ: മന്ത്രി ആര്യാടന്‍ മുഹമ്മദിന്‌ എതിരേ ഭീഷണി ഉയര്‍ത്തി പ്രസംഗിച്ചതിന്‌ ഇ.കെ. വിഭാഗം സുന്നി നേതാവിന്‌ എതിരേ കേസ്‌. എസ്‌.വൈ.എസ്‌ സംസ്ഥാന ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിക്ക്‌ എതിരേയാണ്‌ ഐ.പി.സി 506 (1) വകുപ്പു പ്രകാരം തളിപ്പറമ്പ്‌ പോലീസ്‌ കേസെടുത്തത്‌.

ഓണപ്പറമ്പ്‌ സംഭവം വിശദീകരിക്കാന്‍ എസ്‌.വൈ.എസും എസ്‌.കെ.എസ്‌.എസ്‌.എഫും തളിപ്പറമ്പില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ്‌ നാസര്‍ ഫൈസി വിവാദ പ്രസംഗം നടത്തിയത്‌. ആഭ്യന്തര വകുപ്പില്‍ കയ്യിടാന്‍ ആര്യാടന്‍ ശ്രമിച്ചാല്‍ കൈവെട്ടേണ്ടി വരുമെന്നായിരുന്നു നാസര്‍ ഫൈസി പ്രസംഗിച്ചത്‌. ഇതേ തുടര്‍ന്നാണ്‌ കേസ്‌. 

മുസ്‌ലിംലീഗുമായി ഏറെ അടുപ്പമുള്ള സംഘടനയാണ്‌ ഇ.കെ വിഭാഗം സുന്നികളുടേത്‌. ആര്യാടനാകട്ടെ പലപ്പോഴും മുസ്ലിംലീഗുമായി ഉടക്കി കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്‌ നേതാവാണ്‌. സുന്നത്ത്‌ ജമാഅത്തിന്റെ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനായി പോലീസ്‌ സ്റ്റേഷനുകളില്‍ നേരിട്ട്‌ ആര്യാടന്‍ ഇടപെടുകയാണെന്നും കാന്തപുരത്തിന്റെ കയ്യില്‍ നിന്ന്‌ പണം വാങ്ങിയാണ്‌ ഇങ്ങനെ ചെയ്യുന്നതെന്നും നാസര്‍ ഫൈസി ആരോപിച്ചിരുന്നു. 

ആര്യാടനെ ഭീഷണിപ്പെടുത്തിയതിന്‌ പുറമേ അനുമതിയില്ലാതെ പൊതുയോഗം നടത്തിയതിനും നാസര്‍ ഫൈസിക്ക്‌ എതിരേ കേസെടുത്തിട്ടുണ്ട്‌. ഈ കേസില്‍ അദേഹത്തിന്‌ പുറമേ സുന്നി നേതാക്കളായ അഹമ്മദ്‌ തേര്‍ളായി, ലത്തീഫ്‌ പന്നിയൂര്‍, സുഹൈല്‍ തിരുവട്ടൂര്‍, ഷുക്കൂര്‍ ഫൈസി ചപ്പാരപ്പടവ്‌, സിദീഖ്‌ ദാരിമി അഞ്ചരക്കണ്ടി, മുഹമ്മദ്‌ മൗലവി അരിയില്‍, മുസ്‌തഫ ദാരിമി കൊട്ടില തുടങ്ങിയവരും പ്രതികളാണ്‌. ഇവര്‍ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 100 ഓളം പേരും ഈ കേസില്‍ പ്രതികളാണ്‌.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.