Latest News

ഇരിട്ടി കൂട്ടമാനഭംഗം: നടുക്കുന്ന ഓര്‍മകളുമായി ബംഗാളി പെണ്‍കുട്ടി നാട്ടിലേക്ക് മടങ്ങുന്നു

കണ്ണൂര്‍: ക്രൂരപീഡനത്തിന്റെ നടുക്കുന്ന അനുഭവങ്ങളുമായി ഉറ്റവരുടെ തണലില്ലാതെ മലയാളക്കരയില്‍ നീറിനീറി കഴിഞ്ഞത് നീണ്ട 21 മാസം. ഒടുക്കം, ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഓര്‍മകളുമായി സ്വദേശത്തേക്കു മടങ്ങുകയാണ് ബംഗാളി പെണ്‍കുട്ടി.

രണ്ടുവര്‍ഷം മുമ്പ് കാമുകനെ തേടി ഇരിട്ടിയിലെത്തി നാലുപേര്‍ പേരാല്‍ പിച്ചിച്ചീന്തപ്പെട്ട പശ്ചിമബംഗാള്‍ മുര്‍ഷിദാബാദിലെ 17കാരിയാണ് കേരളത്തോടു വിടചൊല്ലുന്നത്. 

തിരുവനന്തപുരം പൂജപ്പുരയിലെ നിര്‍ഭയ അഭയകേന്ദ്രത്തില്‍ കഴിയുന്ന യുവതിയെ അടുത്ത ദിവസം മാതാവും ബന്ധുക്കളുമെത്തി നാട്ടിലേക്ക് കൊണ്ടുപോവും. നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മൂന്നുലക്ഷം രൂപ മുര്‍ഷിദാബാദ് ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന കൈമാറും.

2011 ഡിസംബര്‍ നാലിനായിരുന്നു സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. പ്രണയത്തിലായിരുന്ന ബംഗാളി യുവാവിനെ അന്വേഷിച്ചായിരുന്നു പെണ്‍കുട്ടിയും സഹോദരീ ഭര്‍ത്താവും ഇരിട്ടിയിലെ പടിയൂരിലെത്തിയത്. അവിടെ കാണാത്തതിനാല്‍ വീണ്ടും തിരക്കിയപ്പോള്‍ വീരാജ്‌പേട്ട പെരുമ്പാടി ചെ ക്‌പോസ്റ്റിനടുത്താണ് ജോലിയെന്നറിഞ്ഞു. ക്രിസ്മസ് തലേന്ന് അവിടെ ചെന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇരിട്ടിയിലേക്കു തിരിച്ചുവരാന്‍ ബസ് കിട്ടാതെ പെണ്‍കുട്ടിയും ബന്ധുവും മണിക്കൂറുകളോളം റോഡരികില്‍നിന്നു. എന്നാല്‍, അതുവഴി ലോറിയുമായി വന്ന ബിജു എന്ന യുവാവ് ഇരുവരെയും തന്റെ വാഹനത്തില്‍ കയറ്റി. ബിജുവിനെ കൂടാതെ ലോഡിങ് തൊഴിലാളി മുഹമ്മദ് ഷരീഫും സ്വാലിഹും ലോറിയില്‍ ഉണ്ടായിരുന്നു. കൂട്ടുപുഴ കടന്ന് ഉളിക്കല്‍ വഴി വയത്തൂരില്‍ പുഴക്കരയിലെത്തിച്ചു. തുടര്‍ന്ന് സഹോദരീഭര്‍ത്താവിനെ വണ്ടിയില്‍ കെട്ടിയിട്ട ശേഷം മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. സംഘത്തിലൊരാള്‍ വിളിച്ചതനുസരിച്ച് ജംഷീര്‍ എന്ന യുവാവ് ബൈക്കുമായെത്തി. തന്നെ രക്ഷിക്കാന്‍ എത്തിയതാവുമെന്നു കരുതി പെണ്‍കുട്ടി ഇയാളുടെ അരികില്‍ ചെന്ന് കേണപേക്ഷിച്ചെങ്കിലും ജംഷീറും വെറുതെവിട്ടില്ല. പിന്നീട് പ്രതികള്‍ പെണ്‍കുട്ടിയെ ലോറിയില്‍ വലിച്ചുകയറ്റി പെരുമ്പറമ്പിലെ റോഡരികില്‍ തള്ളുകയായിരുന്നു.

ക്രിസ്മസ് കരോളിന് പോയി തിരിച്ചുവരികയായിരുന്ന നാട്ടുകാരാണ് നിലവിളി കേട്ടെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി പോലിസിനു കൈമാറിയത്. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സിലായിരുന്നു. മനോനില വീണ്ടെടുത്തതിനെ തുടര്‍ന്നാണ് കാര്യവട്ടം മഹിളാ ശിക്ഷണ്‍ കേന്ദ്രത്തിലേക്കും പിന്നീട് നിര്‍ഭയ അഭയകേന്ദ്രത്തിലേക്കും മാറ്റിയത്. 

സംഭവത്തിനു ശേഷം ദിവസങ്ങള്‍ക്കകം ഇരിട്ടി സ്വദേശികളായ പ്രതികളെ പോലിസ് പിടികൂടി. ഇതിനിടെ, കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതയില്‍ പൂര്‍ത്തിയാവുകയും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ വിസ്തരിക്കുകയും ചെയ്തു. 

സഹോദരീ ഭര്‍ത്താവ് ദാറുല്‍ ഇസ്്‌ലാമാണ് മുഖ്യസാക്ഷി. വിസ്താരം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ സ്വദേശത്തേക്കു അയക്കുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.