Latest News

എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കായുള്ള പഞ്ചഗവ്യ ചികിത്സാപദ്ധതി ആരോഗ്യമന്ത്രി തടഞ്ഞു

പെരിയ: എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കായി നടപ്പാക്കുന്ന പഞ്ചഗവ്യ ചികിത്സാപദ്ധതി ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ താത്കാലികമായി തടഞ്ഞു. ചികിത്സയുടെ ഭാഗമായി നല്കുന്ന ആയുര്‍വേദ മരുന്ന് രോഗികള്‍ക്ക് കൊടുക്കുന്നത് ക്ലിനിക്കല്‍ പരീക്ഷണം നടത്തി ഗുണമേന്മ ഉറപ്പുവരുത്തിയശേഷം മതിയെന്ന് മന്ത്രി പറഞ്ഞു.

ഹൊസനഗര ആസ്ഥാനമായുള്ള രാമചന്ദ്രാപുരം മഠത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന മാ ഫൗണ്ടേഷനും പുല്ലൂര്‍-പെരിയ പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിച്ചത്. നിരാമയ എന്ന പേരില്‍ തുടങ്ങിയ ചികിത്സാപദ്ധതിയില്‍ 93 എന്‍ഡോസള്‍ഫാന്‍ രോഗികളെയാണ് തിരഞ്ഞെടുത്തത്. പദ്ധതി ഉദ്ഘാടനംചെയ്യാന്‍ പെരിയയില്‍ എത്തിയതായിരുന്നു മന്ത്രി ശിവകുമാര്‍.

ഉദ്ഘാടനപ്രസംഗത്തില്‍ത്തന്നെ മന്ത്രി പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്റെ നിയമവശങ്ങള്‍ സൂചിപ്പിച്ചു. തുടര്‍ന്ന് വേദിയില്‍നിന്ന് ഇറങ്ങവെ പത്രലേഖകര്‍ ചോദിച്ചപ്പോഴാണ് പദ്ധതി താത്കാലികമായി തടഞ്ഞിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയത്. മാ ഫൗണ്ടേഷന്റെ പ്രോജക്ട് തനിക്ക് നല്കിയിട്ടുണ്ട്. ഇതേക്കുറിച്ച് പഠിക്കും. നിയമാനുസൃതമായേ സര്‍ക്കാര്‍ അംഗീകാരം നല്കുകയുള്ളൂ. ആരോഗ്യവകുപ്പിലെ സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ച് ഇവര്‍ നല്കുന്ന എല്ലാ ആയുര്‍വേദ മരുന്നുകളുടെയും ഗുണമേന്മ ഉറപ്പുവരുത്തും -മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് തിങ്കളാഴ്ചത്തെ മെഡിക്കല്‍ ക്യാമ്പ് ഒഴിവാക്കിയതായി പുല്ലൂര്‍-പെരിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ അറിയിച്ചു. ആയുര്‍വേദ ചികിത്സയായതിനാലാണ് മാ ഫൗണ്ടേഷനുമായി പഞ്ചായത്ത് സഹകരിച്ചതെന്നും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കളില്‍നിന്ന് സമ്മതം വാങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ അര്‍ബുദചികിത്സാ ഗവേഷക ഡോ. നാഗരത്‌നയടക്കമുള്ളവരുടെ മാര്‍ഗനിര്‍ദേശംകൂടി ഇക്കാര്യത്തില്‍ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ പഞ്ചായത്ത് ഒറ്റക്കെട്ടായാണ് നിരാമയ പദ്ധതി നടപ്പാക്കാന്‍ അനുമതി നല്കിയത് -പ്രസിഡന്റ് പറഞ്ഞു.

മന്ത്രിയുടെ സംശയം സ്വാഭാവികമാണെന്നും എല്ലാവര്‍ക്കുമുണ്ടാകുന്ന സംശയംമാത്രമാണിതെന്നും മഠാധിപതി രാഘവേശ്വരഭാരതി അനുഗ്രഹപ്രഭാഷണത്തിനിടെ പറഞ്ഞു. പതിനായിരം വര്‍ഷം മുമ്പ് ആയുര്‍വേദ രംഗത്ത് അംഗീകരിക്കപ്പെട്ടതാണ് പഞ്ചഗവ്യ ചികിത്സാരീതി. മാ ഫൗണ്ടേഷന്റെ ചികിത്സാ മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റുണ്ട്. ഇതടക്കമുള്ള എല്ലാ രേഖകളും പെട്ടെന്നുതന്നെ ആരോഗ്യമന്ത്രിയെ കാണിച്ച് ബോധ്യപ്പെടുത്തുമെന്നും നിരാമയ പദ്ധതി ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തുമെന്നും സ്വാമികള്‍ വ്യക്തമാക്കി.

Mathrubhumi
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.