Latest News

കാനഡയിലേക്ക് തൊഴില്‍വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

ചാത്തന്നൂര്‍ : കാനഡയിലേക്ക് തൊഴില്‍വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഘത്തിലെ ഒരാളെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന്റെ കൊല്ലത്തെ തലവന്‍ ആദിച്ചനല്ലൂര്‍ കുമ്മല്ലൂര്‍ ചരുവിളവീട്ടില്‍ സുരേഷാ(51)ണ് പിടിയിലായത്.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഈ സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ട്. കാനഡയിലേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചാണ് കബളിപ്പിക്കുന്നത്. ഒരുവര്‍ഷമായി കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് 89 പേരില്‍ നിന്നായി കോടിക്കണക്കിന് രൂപ സംഘം തട്ടിയെടുത്തു.

എറണാകുളം സ്വദേശി ജോയി വര്‍ഗ്ഗീസ്, ഈരാറ്റുപേട്ട സ്വദേശി ജോസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. കാനഡയിലേക്കുള്ള വ്യാജവിസ കാണിച്ച് ഓരോരുത്തരില്‍നിന്ന് ഒന്നരലക്ഷം രൂപവീതമാണ് തട്ടിയെടുത്തത്. മുന്‍കൂറായി 40,000 രൂപ വാങ്ങി വൈദ്യപരിശോധന നടത്താനായി കൊല്‍ക്കത്തയിലേക്ക് അയച്ചശേഷം വിസ കിട്ടിയെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച് ബാക്കിത്തുക വാങ്ങി നാടുവിടുകയാണ് ചെയ്യുന്നത്.

സുരേഷ് ഒളിവിലിരുന്നുകൊണ്ട് പ്രധാനമന്ത്രിക്ക് താന്‍ തെറ്റുകാരനല്ലെന്ന് കാണിച്ച് കത്തയച്ചു. ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റയ്ക്ക് കൈമാറി. അദ്ദേഹം അന്വേഷണം ഊര്‍ജ്ജിതമാക്കാനായി ചാത്തന്നൂര്‍ എ.സി.പി. വി.സുരേഷിനെ നിയോഗിച്ചു. ഇതിനിടെ തട്ടിപ്പിന് വിധേയരായവരും ചാത്തന്നൂര്‍ എ.സി.പി.ക്ക് പരാതി നല്‍കിയിരുന്നു. 3,60,000 രൂപ നഷ്ടപ്പെട്ട കൊല്ലം കാവനാട് ഇടയ്ക്കാട്ടുകിഴക്കതില്‍ കെ.രാധാകൃഷ്ണനായിരുന്നു പ്രധാന പരാതിക്കാരന്‍.

തട്ടിപ്പുസംഘത്തിലെ മുഖ്യസൂത്രധാരന്‍ കൊല്‍ക്കത്ത മന്ദിര്‍തറ സൗത്ത് കനാല്‍ റോഡില്‍ ഉത്തര്‍പ്രസാഞ്ചലില്‍ സുബ്രതാ സര്‍ദാര്‍ജി ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

സി.ഐ. അനില്‍കുമാര്‍, ചാത്തന്നൂര്‍ എസ്.ഐ. ഐ.ഫറോസ്, എ.എസ്.ഐ. വൈ.തമ്പിക്കുട്ടി, സീനിയര്‍ സി.പി.ഒ. മാരായ ജയപ്രദീപ്, വിനയന്‍, സി.പി.ഒ. മാരായ ഷാജി, സുനില്‍ എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.