Latest News

വെബ് ഡിസൈനിങ് രംഗത്ത് പതിനാറുകാരിയുടെ പടയോട്ടം


കൊച്ചി: ലോകത്തിലെ പ്രായം കുറഞ്ഞ വനിത വെബ് പേജ് ഡിസൈനറും ഐ.ടി കമ്പനികളുടെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒയുമായ ശ്രീലക്ഷ്മി സുരേഷ് വെബ് ഡിസൈനിങ് രംഗത്ത് നൂറ് പിന്നിട്ടു. കൊച്ചിയില്‍ സ്വകാര്യ പോര്‍ട്ടലിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ ശ്രീലക്ഷ്മിതന്നെയാണ് ഇക്കാര്യം പറഞ്ഞത്. കമ്പ്യൂട്ടറില്‍ പുതിയൊരു ഓപറേറ്റിങ് സംവിധാനത്തിനായാണ് ഇപ്പോള്‍ തന്റെ ശ്രമമെന്നും ശ്രീക്കുട്ടിയെന്ന ശ്രീലക്ഷ്മി പറഞ്ഞു. കോഴിക്കോട് പ്രസന്‍േറഷന്‍ എച്ച്.എസ്.എസിലെ പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി എട്ടാം വയസ്സില്‍, നാലാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ഇതേ സ്‌കൂളിന്റെ വെബ്‌സൈറ്റ് നിര്‍മിച്ചാണ് ശ്രദ്ധയാകര്‍ഷിച്ചത്.

ഇഡിസൈനിങ് ടെക്‌നോളജീസ് എന്ന കമ്പനി രൂപവത്കരിച്ച് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലുമായാണ് ഇതിനകം നൂറിലേറെ വെബ്‌സൈറ്റുകള്‍ ഡിസൈന്‍ ചെയ്തുനല്‍കിയത്. സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഡെഫ് അസോസിയേഷന്‍, കോഴിക്കോട് ദീനര്‍ സേവ തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സൈറ്റുകള്‍ സൗജന്യമായാണ് നിര്‍മിച്ചുനല്‍കിയത്.

കേരള ബാര്‍ കൗണ്‍സിലിന്റെ സൈറ്റ് ഡിസൈന്‍ ചെയ്തതും ശ്രീലക്ഷ്മിയാണ്. വെബ് സൈറ്റുകള്‍ കൂടുതല്‍ എളുപ്പം ഡിസൈന്‍ ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും കഴിയുന്ന സംവിധാനത്തിനാണ് ഇപ്പോഴത്തെ തന്റെ ശ്രമമെന്ന് ശ്രീലക്ഷ്മി പറഞ്ഞു. റെയിന്‍ബോ ടെക്‌നോളജിയുടെ ഉപജ്ഞാതാവായ സൈനുല്‍ ആബിദീനുമൊരുമിച്ച് സൈബ്രോസിസ് ടെക്‌നോ സൊലൂഷന്‍സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും രൂപവത്കരിച്ചിട്ടുണ്ട്. നൂറുകണക്കിന് വ്യക്തികള്‍ക്ക് ബ്‌ളോഗുകളും ശ്രീലക്ഷ്മി തയാറാക്കിക്കൊടുത്തിട്ടുണ്ട്. ശ്രീലക്ഷ്മി ഖത്തര്‍, കുവൈത്ത്, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ നാഷനല്‍ ചൈല്‍ഡ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളാണ് ശ്രീലക്ഷ്മിയെ തേടിയത്തെിയത്. മൂന്നാമത്തെ വയസ്സില്‍ കമ്പ്യൂട്ടറുകളുമായി ചങ്ങാത്തം സ്ഥാപിച്ച ശ്രീലക്ഷ്മി എം.എസ് പെയിന്റ് പ്രോഗ്രാമുപയോഗിച്ച് ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങി. കോഴിക്കോട് ബാറിലെ അഭിഭാഷകനായ അഡ്വ. സുരേഷ് മേനോന്‍, കോഴിക്കോട് ചാലപ്പുറം ഗവ. ഗണപത് എച്ച്.എസിലെ അധ്യാപികയായ വിജു എന്നിവരുടെ മകളാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.