Latest News

അനിതയ്ക്കും മക്കള്‍ക്കും കണ്ണീരായി തിരുവോണം


ഉദുമ: തിരുവോണസദ്യയുണ്ട് വീട്ടില്‍നിന്ന് ഇറങ്ങിയ ബാലകൃഷ്ണനെ ചൊവ്വാഴ്ച കാണുമ്പോള്‍ അലമുറയിടുകയായിരുന്നു ഭാര്യ അനിത. സ്‌നേഹം നിറഞ്ഞ അച്ഛന്റെ നിശ്ചല ദേഹത്തില്‍ ചേര്‍ന്നുനിന്നു നിര്‍ത്താതെ മക്കള്‍ ആതിരയും അക്ഷയയും പൊട്ടിക്കരഞ്ഞു. അനിതയെയും മക്കളെയും സമാധാനിപ്പിക്കാന്‍ വാക്കുകളില്ലാതെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും മൗനമായി നിന്നു. നാട്ടുകാര്‍ക്കെന്ന പോലെ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവനെ നഷ്ടമാകുമ്പോള്‍ തേങ്ങലടക്കാതെ മാങ്ങാട് ഗ്രാമം വിതുമ്പി.

ബന്ധുവിന്റെ മരണാനന്തര ചടങ്ങിനിറങ്ങിയതാണ് ബാലകൃഷ്ണന്‍. ആര്യടുക്കത്തെ ബാര ജിഎല്‍പി സ്കൂളിനു സമീപം ബാലകൃഷ്ണന്റെ ബന്ധു കൃഷ്ണന്‍ തിരുവോണദിവസം രാവിലെയാണ് മരിച്ചത്. സംസ്കാരം കഴിഞ്ഞു വീട്ടിലെത്തിയ ബാലകൃഷ്ണന്‍ ഓണസദ്യയും കഴിച്ച് വൈകിട്ട് വീണ്ടും സ്കൂട്ടറില്‍ മരണവീട്ടിലേക്കു മടങ്ങുകയായിരുന്നു. ഭര്‍ത്താവിനെ കാത്തിരുന്ന അനിതയെ മരണവിവരം അറിയിച്ചത് ചൊവ്വാഴ്ച രാവിലെ മാത്രം.

ഓണാഘോഷത്തിന്റെ ഭാഗമായി പടന്നക്കാട് നടന്ന കമ്പവലി മല്‍സരത്തില്‍ മാങ്ങാട് എകെജി ക്ലബിന് ഒന്നാംസ്ഥാനം ലഭിച്ചതില്‍ സന്തോഷം പങ്കിടുമ്പോഴാണ് സഹോദരങ്ങളായ ബാലചന്ദ്രനും മണികണ്ഠനും സഹോദരന്റെ മരണവാര്‍ത്തയറിയുന്നത്. മറ്റൊരു സഹോദരന്‍ ബാബു കുമരകത്തേക്കുള്ള യാത്രാമധ്യേയായിരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു ബാലകൃഷ്ണന്‍.

ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. മാങ്ങാട്ടെ എല്ലാ ജനങ്ങള്‍ക്കും നല്ലത് മാത്രമേ ബാലകൃഷ്ണനെ കുറിച്ച് പറയാനുളളൂ.. അത് കൊണ്ട് തന്നെ എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നു ഈ അരുംകൊല എന്തിനെന്ന്. മാങ്ങാട് പ്രദേശത്ത് വര്‍ഷങ്ങളായി രാഷ്ട്രീയ സംഘര്‍ങ്ങള്‍ നടക്കാറുണ്ടെങ്കിലും അതിലൊന്നും ബാലകൃഷ്ണന്‍ ഇടപ്പെട്ടതായി ആര്‍ക്കും അറിയില്ല.

വെള്ളിയാഴ്ച നടന്ന ഭാര്യാസഹോദരന്‍ ഹരീഷന്റെ വിവാഹത്തിലും കാര്യങ്ങള്‍ നടത്താന്‍ മുന്‍നിരയില്‍ ബാലകൃഷ്ണന്‍ ഓടിനടക്കുന്നുണ്ടായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.