Latest News

മാട്ടൂല്‍ കടപ്പുറത്ത് പെരുന്നാള്‍ ദിവസം ബാലികയെ ബൈക്കിടിച്ച് കൊന്ന യുവാവ് അറസ്റ്റില്‍

പഴയങ്ങാടി: പെരുന്നാള്‍ ദിന ത്തില്‍ അമിത വേഗതയില്‍ കടപ്പുറത്ത് ബൈക്ക് ഓടിക്കുന്നതിനിടയില്‍ ബാലികയെ ഇടിച്ചുകൊന്ന് മുങ്ങിയ യുവാവിനെ മുംബൈ വിമാനത്താവളത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപം വാടകക്ക് താമസിക്കുന്ന മാട്ടൂല്‍ സ്വദേശി മുനവിര്‍(24) ആണ് പിടിയിലായത്.

കഴിഞ്ഞ പെരുന്നാള്‍ ദിനം (ആഗസ്ത് എട്ട്) വൈകുന്നേരം പഴയങ്ങാടി കടപ്പുറത്താണ് സംഭവം.മാട്ടൂല്‍ സെന്‍ട്രല്‍ തെക്കുമ്പാട് കടവ് റോഡിന് സമീപത്തെ തിട്ടോലില്‍ ശാദിലി- ഷെരീഫ ദമ്പതികളുടെ മകള്‍ ഷഹാന (ഒമ്പത്)യാണ് ബൈക്കിടിച്ച് മരിച്ചത്.

കുടുംബത്തോടൊപ്പം കടപ്പുറത്ത് എത്തിയ കുട്ടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെരുന്നാള്‍ ദിനത്തില്‍ ഒരു സംഘം ബൈക്ക് അമിത വേഗതയില്‍ ജനക്കൂട്ടത്തിനിടയിലൂടെ ഓടിച്ച് സാഹസിക പ്രകടനം നടത്തുകയുണ്ടായി. സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിലേക്ക് ബൈക്കോടിക്കരുതെന്ന് നാട്ടുകാരില്‍ ചിലര്‍ വിലക്കിയെങ്കിലും അത് പരിഗണിക്കാതെയായിരുന്നു അഭ്യാസം.

അതിനിടയിലാണ് ഒരു യുവാവ് ഓടിച്ച ബൈക്ക് ഷഹാനയെ ഇടിച്ചത്. പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഷഹാന മരിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മുനവിറിന്റെ ബൈക്കാണ് ഇടിച്ചതെന്ന് അന്നുതന്നെ മനസ്സിലായിരുന്നു.  രാത്രിയോടെ തളിപ്പറമ്പ് സി.ഐ: എ.വി. ജോണിന്റെ നേതൃത്വത്തില്‍ പോലീസ് മുനവീറിന്റെ താമസസ്ഥലത്ത് എത്തിയെങ്കിലും അയാള്‍ സ്ഥലംവിട്ടിരുന്നു. ഗള്‍ഫിലേക്ക് കടക്കുമെന്ന സൂചനയെ തുടര്‍ന്ന് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഷിപ്പ്‌യാര്‍ഡുകളിലും എസ്.പി രാഹുല്‍ ആര്‍. നായരുടെ നിര്‍ദ്ദേശ പ്രകാരം മുനവിറിന്റെ ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു.

മിനിഞ്ഞാന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കടക്കാന്‍ എത്തിയതായിരുന്നു മുനവിര്‍. ലുക്കൗട്ട് നോട്ടീസിലെ യുവാവാണ് ഇയാളെന്ന് തിരിച്ചറിഞ്ഞ എയര്‍പോര്‍ട്ട് അതോറിറ്റിക്കാര്‍ തടഞ്ഞുവച്ച് കണ്ണൂര്‍ എസ്.പിയെ അറിയിച്ചു. എസ്.പിയുടെ നിര്‍ദ്ദേശാനുസരണം സി.ഐ: എ.വി. ജോണ്‍ പഴയങ്ങാടി എ.എസ്.ഐ നാരായണനെയും സംഘത്തെയും വിമാന ത്താവളത്തിലേക്ക് അയച്ചു. ഇന്ന് രാവിലെ അവിടെ വച്ച് മുനവിറിനെ
കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pazhyangadi, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.