54 കലാരൂപങ്ങളും 20 നിശ്ചല ദൃശ്യങ്ങളുമാണ് ഘോഷയാത്രയില്‍ മാറ്റുരച്ചത്. നാലായിരത്തോളം കലാകാരന്‍മാര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. രാവിലെ 9ന് തുടങ്ങേണ്ട ഘോഷയാത്ര മഴകാരണം പത്തരയോടെയാണ് ആരംഭിച്ചത്.
ഘോഷയാത്രയുടെ മുന്‍നിരയില്‍ നാദസ്വരമേളവും പിന്നാലെ പഞ്ചവാദ്യവും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരും അണിനിരന്നു. അത്തം ബാനറിന് പിന്നില്‍ നഗരസഭാ കൗണ്‍സിലര്‍മാരും ഇവര്‍ക്ക് പിന്നില്‍ അത്തപതാകയേന്തി തൃപ്പൂണിത്തുറയിലെയും പരിസരപ്രദേശങ്ങളിലെയും സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍, മുത്തുക്കുടയേന്തിയ വനിതകള്‍, കുടുംബശ്രീ പ്രവര്‍ത്തകരും അണിനിരന്നു. തുടര്‍ന്ന് ബാന്റ്‌മേളം, കളര്‍കുട, മാവേലി, നാഗര എന്ന പെരുമ്പറയുമായി രാജകാലത്തെ വിളംബരപ്പെടുത്തല്‍, ശിങ്കാരിമേളം, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ മാര്‍ച്ച് പാസ്റ്റ്, ഇവര്‍ക്ക് പിന്നില്‍ അമ്മന്‍കുടം,ഓട്ടം തുള്ളല്‍, ചെണ്ടമേളം എന്നിങ്ങനെ താളമേളങ്ങളും നിരന്നതോടെ വിസ്മയകരമായ കാഴ്ച്ചകള്‍ക്കാണ് രാജനഗരി സാക്ഷ്യം വഹിച്ചത്.
നാടന്‍ കലാരൂപങ്ങളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഡിസ്‌പ്ലേയും അലങ്കരിച്ച ലോറികളിലെ നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രക്ക് മാറ്റേകി. കനത്ത മഴയെയും അവഗണിച്ച് നടന്ന അത്തം ഘോഷയാത്ര കാണാന്‍ വിദേശികളടക്കം പതിനായിരങ്ങളാണ് നഗര വീഥികളില്‍ നിറഞ്ഞത്.
മഴ രസംകൊല്ലിയായി എത്തിയിട്ടും പോയ വര്‍ഷത്തേക്കാള്‍ മികച്ച ഘോഷയാത്രയൊരുക്കാന്‍ സംഘാടകര്‍ക്കായി. നാല് മണിക്കൂറോളം കാഴ്ചയുടെ നിറഭേദങ്ങള്‍ വിരിയിച്ച ഘോഷയാത്ര ഉച്ചക്ക് രണ്ട് മണിയോടെ വടക്കേക്കോട്ട വഴി നഗരം ചുറ്റി അത്തം നഗറില്‍ സമാപിച്ചു. തുടര്‍ന്ന് ഓഡിറ്റോറിയത്തില്‍ അത്തപ്പൂക്കള മത്സരവും മഹാബലിയുടെ പ്രച്ഛന്ന വേഷമത്സരവും നടന്നു. പൂക്കളങ്ങള്‍ കാണാനും വന്‍ ജനത്തിരക്കനുഭവപ്പെട്ടു.
അത്തം നഗറായ ഗവ. ബോയ്‌സ് സ്‌കൂള്‍ മൈതാനിയില്‍ പൂക്കളത്തിനു നടുവില്‍ നാട്ടിയ കൊടി മരത്തില്‍ മന്ത്രി അനൂപ് ജേക്കബ് രാവിലെ അത്തപതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. മന്ത്രി കെ.ബാബു അത്തച്ചമയ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടികള്‍ 13ന് സമാപിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment