Latest News

കൂട്ടമാനഭംഗം: കുട്ടിക്കുറ്റവാളികൾക്കും വധശിക്ഷ

ന്യൂഡൽഹി: ക്രൂരവും നിന്ദ്യവുമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന, പ്രായപൂർത്തിയാകാത്തവർക്കും കടുത്ത ശിക്ഷ നൽകാനുള്ള നിയമദേദഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നു. കൂട്ടമാനഭംഗം, കൊലപാതകം തുടങ്ങിയവ ചെയ്യുന്നവർക്കുള്ള ശിക്ഷയാണ് പരിഷ്ക്കരിക്കുന്നത്. 

നിലവിൽ 18 വയസിന് താഴെയുള്ളവർ കടുത്ത കുറ്റകൃത്യങ്ങൾ ചെയ്താലും വളരെ ചെറിയ ശിക്ഷയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നൽകുന്നത്. കിരാതമായ കുറ്റങ്ങൾ ചെയ്യുന്ന കുട്ടിക്കുറ്റവാളികൾക്കും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന പൊതു അഭിപ്രായം ശക്തമാണ്. ‌ ഈ സാഹചര്യത്തിലാണ് ദേദഗതി നീക്കം.

ശിക്ഷയ്ക്കുള്ള പ്രായം 18 എന്നത് 16 വയസ് എന്നാക്കി കുറയ്ക്കാനാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം നിയമ മന്ത്രാലയത്തിന് നൽകിയ നിർദ്ദേശം. കൊലപാതകത്തിനും കൂട്ടമാനഭംഗത്തിനും ഇന്ത്യൻ ശിക്ഷാനിയമം പ്രായപൂർത്തിയായവർക്ക് അനുശാസിക്കുന്ന അതേ ശിക്ഷകൾ നൽകാനാണ് നിർദ്ദേശം. അതായത് വധശിക്ഷ വരെ നൽകാം.

കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയിലുണ്ടായ ഹീനമായ കുറ്റകൃത്യങ്ങളിൽ കുട്ടിക്കുറ്റവാളികളുടെ സാന്നിദ്ധ്യം വൻതോതിൽ കൂടിയതാണ് നിയമം പരിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്. ഡൽഹി കൂട്ടമാനഭംഗവും കൊലപാതകവും ഇന്ത്യയിൽ വൻപ്രതിഷേധത്തിനാണ് വഴിവച്ചത്. കേസിലെ അഞ്ചാംപ്രതിക്ക് പ്രായ പൂർത്തിയായില്ല എന്നതിനാൽ, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം, വധ ശിക്ഷ നൽകാൻ കോടതിക്ക് കഴിഞ്ഞില്ല.

മറ്റ് നാല് പേർക്കും വധശിക്ഷ നൽകിയപ്പോൾ പ്രായപൂർത്തിയാകാത്ത കുറ്റവാളിയുടെ കേസ് ജുവനൈൽ കോടതി പരിഗണിക്കുകയും മൂന്ന് വർഷത്തെ നല്ല നടപ്പ് വിധിക്കുകയുമാണ് ചെയ്തത്. കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പ്രകാരം, പെൺകുട്ടിയെ ഏറ്റവും കൂടുതൽ ക്രൂരമായി പീഡിപ്പിക്കുകയും കുടൽമാല പുറത്തെടുത്ത് ഭീകരമായി കൊലപ്പെടുത്തുകയും ചെയ്തയാൾക്കാണ് വെറും മൂന്ന് വർഷം തടവുശിക്ഷ( ദുർഗുണ പരിഹാരപാഠശലയിൽ നല്ല നടപ്പ്) ലഭിച്ചത്. മുംബയിൽ വനിതാ മാധ്യമപ്രവർത്തകയെ മാനഭംഗപ്പെടുത്തിയ കേസിലും പ്രായപൂർത്തിയാകാത്ത പ്രതിയുണ്ടായിരുന്നു. നിരവധി യുവതികളെ മുൻപും മാനഭംഗപ്പെടുത്തിയുണ്ടെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളിൽ കുറ്റകൃത്യത്തിന്റെ കാഠിന്യമനുസരിച്ചാണ് ശിക്ഷ നിശ്ചയിക്കുന്നത്. ഈ അവസ്ഥ ഇവിടെയും സ്വീകരിക്കണമെന്നാണ് നിയമ വിദഗ്ധരുമായുള്ള ചർച്ചയിൽ നിന്ന് മനസിലായതെന്നാണ് വനിതാ ശിശുക്ഷേമ മന്ത്രായലം അധികൃതർ പറയുന്നത്. കഴിഞ്ഞ ജൂലായിൽ പ്രായപരിധി കുറയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിന്റെ പുതിയ നീക്കത്തെ സുപ്രീംകോടതി എങ്ങനെ സ്വീകരിക്കുമെന്നാണ് നിയമവിദഗ്ധർ നോക്കിക്കാണുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi Rape, Court, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.