Latest News

കൗമാരക്കാരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കണ്ണൂര്‍: തലശ്ശേരിയില്‍ ബൈക്ക് മോഷണക്കേസില്‍ പിടിയിലായ കൗമാരക്കാരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

മദ്യവും മയക്ക് മരുന്നും ശീലമാക്കിയ കുട്ടികള്‍ ഇത് ഉപയോഗിക്കുന്നത് പുറത്തറിയാതിരിക്കാന്‍ കഴിക്കുന്നത് നിരോധിത മരുന്നുകള്‍.

ക്യാന്‍സര്‍ ചികിത്സക്കായി മുമ്പ് ഉപയോഗിച്ച് സംസ്ഥാനത്ത് ഇപ്പോള്‍ നിരോധിച്ച ഗുളികകളാണ് മണം പിടിക്കാതിരിക്കാനായി കൗമാരക്കാര്‍ ഉപയോഗിക്കുന്നത്. പുത്തന്‍ പണക്കാരുടെ മക്കളായ ഇവര്‍ വഴിതെറ്റി മയക്ക്മരുന്നിലേക്കും മദ്യത്തിലേക്കും നീങ്ങുകയാണ്.

തലശ്ശേരിയില്‍ നിന്ന് മൂന്ന് ബൈക്കുകള്‍ മോഷണം പോയ സംഭവത്തില്‍ കണ്ണൂര്‍ താണ സ്വദേശിയായ വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗത്തിന്റെ വിവരങ്ങള്‍ പോലീസ് അറിഞ്ഞത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കുട്ടികള്‍ മദ്യവും മയക്ക് മരുന്നും ശീലമാക്കിയെന്നാണ് പോലീസിന് ലഭ്യമായ വിവരം. ഇതേ തുടര്‍ന്ന് ഇവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. അപ്പോഴും രക്ഷിതാക്കള്‍ ഗൗരവത്തോടെ ഇടപെട്ടില്ലെന്നതാണ് പോലീസിനെയും അമ്പരപ്പിക്കുന്നത്.

പിന്നീട് ഇവര്‍ കണ്ണൂരിലെ പാരലല്‍ കോളേജിലായിരുന്നു പഠനം. അവിടെയും മദ്യത്തിന്റെ മയക്ക്മരുന്നിന്റെയും ഉപയോഗം തുടര്‍ന്നു. ജില്ലയിലെ മിക്ക കോളേജുകളിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മയക്ക് മരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടന്നാണ് ഇവര്‍ നല്‍കുന്ന സൂചനകള്‍.

ലഹരിവസ്തുക്കളുടെ മണം മാറ്റാനുള്ള ഗുളിക ലഭിക്കുന്നത് വീരാജ് പേട്ടയില്‍ നിന്നാണ്. 24 ഗുളികളുള്ള ഒരു പായ്ക്കറ്റിന് 280 രൂപയാണ്  ഈടാക്കുന്നത്. ഇത് കേരളത്തിലെത്തിക്കാന്‍ ഏജന്റ ്മാരുമുണ്ട്. പ്ലാസ്‌മോ പ്രോപസിന്‍യെന്ന ഗുളികയാണ് വില്ക്കുന്നത്. ഗുളിക ജ്യൂസില്‍ കലക്കിയാണ് കുടിക്കുന്നത്. കുടിച്ച് കഴിഞ്ഞാല്‍ ഉന്മേഷം ലഭിക്കുമെന്നും ഉറക്കമില്ലാതെ പഠിക്കാന്‍ കഴിയുമെന്നാണ് കുട്ടികള്‍ പോലീസിനോട് പറയുന്നത്.

280 രൂപയ്ക്കാണ് ഈഗുളിക വീരാജ്‌പേട്ടയില്‍ നിന്ന് കിട്ടുന്നുണ്ടെങ്കിലും ആയിരം മുതല്‍ 2000 രൂപവരെയാണ് കണ്ണൂരിലും പഴയങ്ങാടിയിലും തലശ്ശേരിയിലെത്തുമ്പോഴേക്കുമുള്ള വില. ബൈക്കുകള്‍ കവര്‍ച്ച ചെയ്താണ് ലഹരി ഉപയോഗത്തിനുള്ള പണം ഇവര്‍ കണ്ടെത്തുന്നത്. 

തലശ്ശേരി ഭാഗത്ത് നിന്ന് മോഷ്ടിച്ച മൂന്ന് ബൈക്കുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കല്യാണവീടുകളിലും മറ്റ് പാര്‍ട്ടികളിലും നടക്കുന്ന മദ്യസല്‍ക്കാരത്തിനു ശേഷമാണ്
മയക്ക് മരുന്ന് പ്രധാനമായും ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇവരുടെ സംഘം വീരാജ്‌പേട്ടയിലേക്ക് മയക്ക് മരുന്നിന് പോകവെ ബൈക്ക് മറിഞ്ഞ് സംഘത്തിലെ ഒരാള്‍ മരിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.

അറസ്റ്റിലായവരുടെ ചിത്രങ്ങള്‍ പത്രത്തില്‍ വന്നത് കണ്ടാണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടത്തിയ മോഷണ ശ്രമത്തിന്റെ വിവരങ്ങളും പുറത്ത് വന്നത്.

സി സി ടി വിയില്‍ വന്ന ദൃശ്യങ്ങള്‍ പത്രത്തിന്‍ വന്ന ഫോട്ടോയ്ക്ക് സമാനമായി കണ്ടതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. കുട്ടികളുടെ രക്ഷിതാക്കളിലേക്ക് പോലീസിന്റെ അന്വേഷണം വ്യാപിക്കുമെന്നാണ് സൂചനകള്‍. കുട്ടികള്‍ക്ക് ലഹരി ഉപയോഗിക്കാനുള്ള പണം ലഭ്യമാകുന്നതിന്റെ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. കൗമാരക്കാര്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം വ്യാപകമായ സാഹചര്യത്തില്‍ ബോധവല്‍ക്കരണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Police, Students, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.