Latest News

കണ്ണൂരില്‍ ബസ്സ് യാത്രികയുടെ രണ്ടേമുക്കാല്‍ ലക്ഷം രൂപ കവര്‍ന്നു

കണ്ണൂര്‍: ബസില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ 2,70,000 രൂപയും ഗൃഹനാഥന്റെ 3,000 രൂപയും പോക്കറ്റടിച്ചു. കാടാച്ചിറസ്‌കൂളിന് സമീപത്തെ വാഴച്ചാല്‍ ഹൗസില്‍ നജ്മ (50), കൂത്തുപറമ്പ് പവര്‍ലൂംമൊട്ടക്ക് സമീപത്തെ എ.പ്രസന്നന്‍ എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്. കൂത്തുപറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കെ.എല്‍. 58 ഡി 2777 നബീല്‍ ബസില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 

കാടാച്ചിറ സ്‌കൂള്‍ സ്റ്റോപ്പില്‍ നിന്ന് കണ്ണൂരിലേക്ക് ബസില്‍ പുറപ്പെട്ടതായിരുന്നു നജ്മ. ഇവരുടെ ഭര്‍ത്താവ് അബ്ദുള്‍ഖാദര്‍ കണ്ണൂരില്‍ തട്ടുകട നടത്തുകയാണ്. അബ്ദുള്‍ഖാദര്‍ കുഞ്ഞിപ്പള്ളിയില്‍ ഒരു വീട് ലീസിനെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. ബാക്കി തുക വെള്ളിയാഴ്ച നല്‍കാനായിരുന്നു ധാരണ. ഇതിന് വേണ്ടി ബാങ്കില്‍ നിന്ന് വായ്പയായി എടുത്ത ഒരു ലക്ഷം രൂപയും പലരില്‍ നിന്നും കടം വാങ്ങിയ 1,70,000 രൂപയുമടക്കം 2,70,000 രൂപയുമായി ഭര്‍ത്താവിന്റെ അടുക്കലേക്ക് പുറപ്പെട്ടതായിരുന്നു നജ്മ. ബസില്‍ നജ്മക്ക് സീറ്റ് ലഭിച്ചിരുന്നില്ല. താഴെചൊവ്വ എത്തിയപ്പോള്‍ സീറ്റ് ലഭിച്ച നജ്മ ഇരിക്കാന്‍ തുടങ്ങുമ്പോഴാണ് ഹാന്റ്ബാഗിന്റെ സിബ്ബ് അഴിഞ്ഞ നിലയില്‍ കണ്ടത്. 

തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ബാഗിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതായി മനസിലായി. ഇവര്‍ നിലവിളിച്ചതോടെ ബസ് നേരെ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സി.ഐ: വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ മുഴുവന്‍ യാത്രക്കാരെയും പരിശോധിച്ചുവെങ്കിലും പണം കണ്ടുകിട്ടിയില്ല. 

കൂത്തുപറമ്പ് പവര്‍ലൂംമൊട്ട സ്റ്റോപ്പില്‍ നിന്നാണ് പ്രസന്നനും ഭാര്യയും രണ്ട് കുട്ടികളും ഇതേ ബസില്‍ താണയിലേക്ക് പുറപ്പെട്ടത്. താണയിലെ അനുജന്റെ വീട്ടിലേക്കായിരുന്നു യാത്ര. താണയിലിറങ്ങി ബേക്കറിയില്‍ നിന്ന് സാധനം വാങ്ങുമ്പോഴാണ് ഷര്‍ട്ടിന്റെ കീശയിലുണ്ടായിരുന്ന 3,000 രൂപ നഷ്ടപ്പെട്ടതായി മനസിലായത്. പോക്കറ്റടിക്കാരെ കണ്ടെത്താന്‍ പോലീസ്
ഊര്‍ജ്ജിതമായ ശ്രമം തുടങ്ങിയിട്ടുണ്ട്. പോലീസിന്റെ വിവിധ സംഘങ്ങള്‍ ടൗണും പരിസരവും അരിച്ചുപൊറുക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Bus, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.