ചിങ്ങമാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് ആണ്ടുനേര്‍ച്ച. (ഈ സമയത്ത് റംസാന്‍ വ്രതാനുഷ്ഠാനകാലമാണെങ്കില്‍ തീയതിയില്‍ മാറ്റംവരും). തലായി ബാലഗോപാല സേവാസംഘം അരയസമാജവും മൊയ്തീന്‍പള്ളി കമ്മിറ്റിയുമാണ് സംഘാടകര്‍. രാവിലെ ആറിനു തുടങ്ങുന്ന ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരുമണിയോടെ സമാപിക്കും. ഒമ്പതു മുതല്‍ പത്തരവരെ മൗലൂദ് ചടങ്ങാണ്.
ആണ്ടുനേര്‍ച്ച നടക്കുന്ന വളപ്പിലെ കൊച്ചുകെട്ടിടത്തിലെ കബറിടത്തില്‍ വെള്ള പുതപ്പിക്കുകയാണ് ഇവിടത്തെ പ്രധാന നേര്‍ച്ച. ചന്ദനത്തിരിയും വെളിച്ചെണ്ണയും പ്രധാന നിവേദ്യങ്ങള്‍. നേര്‍ച്ചയ്‌ക്കെത്തുന്നവര്‍ക്ക് പ്രസാദമായി നല്‍കുന്നത് കുഴച്ച അവലും കട്ടന്‍കാപ്പിയുമാണ്. ഇത്തവണ 450കിലോ അവലും 175 കിലോ പഞ്ചസാരയും രണ്ടായിരത്തോളം തേങ്ങയും പ്രസാദംനല്‍കാന്‍ വേണ്ടിവന്നതായി സംഘാടകര്‍ പറഞ്ഞു. ഇതെല്ലാം ഹിന്ദു-മുസ്‌ലിം സഹോദരങ്ങളുടെ വീടുകളില്‍നിന്ന് ശേഖരിക്കുന്നവയാണ്.
കബറിടത്തെപ്പറ്റിയും ആരാധനയെപ്പറ്റിയും വ്യക്തമായ ചരിത്രരേഖകളൊന്നുമില്ലെങ്കിലും നൂറ്റാണ്ടുകളായി ആരാധന നടന്നുപോന്നിരുന്നതായി തലമുതിര്‍ന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. കടല്‍ക്ഷോഭം ശമിക്കുന്നതിനായാണ് കബറിടത്തില്‍ വെള്ളപുതപ്പിക്കാന്‍ നേര്‍ച്ച നേരുന്നതെന്നാണ് വിശ്വാസം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഇവിടെ വിളക്കുതെളിയിക്കും. 70 വര്‍ഷത്തോളമായി ഈ പതിവ് തുടരുന്നത് ബീച്ചുത്ത എന്ന വയോധികയാണ്.
ആണ്ടുനേര്‍ച്ചാദിവസം അരയസമുദായാംഗങ്ങള്‍ മത്സ്യബന്ധനത്തിനു പോകാറില്ല. ഹിന്ദു-മുസ്‌ലിം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മത്സ്യബന്ധനം തൊഴിലാക്കിയ ക്രൈസ്തവ സമുദായാംഗങ്ങളും ആണ്ടുനേര്‍ച്ചയില്‍ പങ്കെടുക്കാനെത്തുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment