പെരിന്തല്‍മണ്ണ: താനൂരിലുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടലില്‍ നിന്നു മലപ്പുറത്തുകാര്‍ മുക്തമാവുന്നതിനു മുമ്പാണു മറ്റൊരു വെള്ളിയാഴ്ച ഫ്രണ്ട്‌സ് ബസ്സിന്റെ രൂപത്തില്‍ ദുരന്തമെത്തിയത്. താനൂരിലെ മുക്കോലയില്‍ ബസ് ഓട്ടോയിലിടിച്ച് എട്ടു പേരുടെ ജീവനാണെടുത്തതെങ്കില്‍ വെളളിയാഴ്ച പെരിന്തല്‍മണ്ണയില്‍ 13 പേരാണു മരിച്ചത്. മരിച്ചവരില്‍ ഡ്രൈവര്‍ ഒഴികെ ബാക്കി 12 പേരും വെട്ടത്തൂര്‍ ഗ്രാമനിവാസികളാണ്.
ദുരന്തംവരുത്തിയ ഫ്രണ്ട്‌സ് ബസ് നാട്ടുകാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. വെട്ടത്തൂരിലെയും മേല്‍ക്കുളങ്ങരയിലെയും കുളമ്പിലെയും ജനങ്ങളുടെ നിത്യജീവിതത്തില്‍ നിര്‍ണായക സ്ഥാനമായിരുന്നു ബസ്സിന്. ഉള്‍ക്കാടും ഓണംകേറാമൂലയുമായ നാടിനെ പെരിന്തല്‍മണ്ണയുമായി ബന്ധിപ്പിച്ചത് ഈ ബസ്സായിരുന്നു. നാട്ടിലെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചാണ് ഇത് യാത്രതിരിച്ചിരുന്നത്. വലിയൊരു വിഭാഗം യാത്രക്കാര്‍ മുന്‍ സ്റ്റോപ്പുകളില്‍ ഇറങ്ങിയതാണു ദുരന്തത്തിന്റെ ആഴംകുറച്ചത്. 60ഓളം പേര്‍ നേരത്തെ ബസ്സിലുണ്ടായിരുന്നു. അപകടം നടക്കുമ്പോള്‍ 41 പേരും. രണ്ടു ദിവസത്തെ ഹര്‍ത്താലും വാഹനപണിമുടക്കും കഴിഞ്ഞ് വെളളിയാഴ്ചയായിരുന്നു പാരലല്‍ കോളജുകളില്‍ ഓണപ്പരീക്ഷ തുടങ്ങിയത്. പരീക്ഷ കഴിഞ്ഞ് തിരിച്ചുപോവുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടവരില്‍ അധികവും. വെള്ളിയാഴ്ചയായിരുന്നതിനാല്‍ പള്ളിയില്‍ പോവേണ്ടവര്‍ വെട്ടത്തൂരിലും കാപ്പിലുമായി ഇറങ്ങി. അല്ലെങ്കില്‍ മരണസംഖ്യ കൂടുമായിരുന്നു.
ടയര്‍ പൊട്ടിയതാണു ബസ് നിയന്ത്രണംവിടാന്‍ കാരണം. വെട്ടത്തൂര്‍ വില്ലേജ് ഓഫിസിനടുത്തായിരുന്നു അപകടം. ആദ്യം ഇലക്ട്രിക് പോസ്റ്റിലും പിന്നീട് മരത്തിലുമിടിച്ചാണു ബസ് പലതവണ തലകീഴായി മറിഞ്ഞത്. അതിനുശേഷം റോഡിലെ അഴുക്കുചാലിലേക്കും താഴ്ചയിലേക്കും മറിഞ്ഞു.
അപകടവാര്‍ത്തയറിഞ്ഞ് തേലക്കാട്, വെട്ടത്തൂര്‍ ഗ്രാമമൊന്നടങ്കം പെരിന്തല്‍മണ്ണയിലെ ആശുപത്രികളിലേക്കൊഴുകി. പലരും ഉറ്റവരുടെയും ഉടയവരുടെയും ജീവനറ്റ ശരീരംകണ്ട് ബോധരഹിതരായി വീണു. ചിലര്‍ വാവിട്ടുകരഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ പരസ്പരം ആശ്വസിപ്പിക്കാനാവാതെ പ്രായസപ്പെടുന്നതു കൂടിനിന്നവരുടെ കണ്ണുനിറച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment