Latest News

കരള്‍പിളര്‍ത്തി, കണ്ണുനനച്ചു ദുരന്തക്കാഴ്ചകള്‍

മലപ്പുറം: കാഴ്ചയെത്തുന്നിടത്തെല്ലാം ചോരച്ചാലുകള്‍. കേള്‍വിയുടെ അതിരുകളില്ലെല്ലാം നിലവിളികളും. തകര്‍ന്ന ബസിനുള്ളില്‍നിന്ന് ഓരോരുത്തരെയും പുറത്തെടുക്കുമ്പോഴും തേലക്കാട് ഗ്രാമത്തിന്റെ കരള്‍ പിളരുകയായിരുന്നു. രക്തം വാര്‍ന്നു വീഴുന്ന മുഖങ്ങളുമായി സ്ത്രീകളും കുട്ടികളും നിലവിളിച്ചപ്പോള്‍ കണ്ടുനിന്നവര്‍ വിറങ്ങലിച്ചു.

മലപ്പുറത്തെ ഈ ഉള്‍നാടന്‍ ഗ്രാമത്തിന് ഇതൊന്നും താങ്ങാന്‍ കഴിയാത്ത കാഴ്ചകളാണ്. മറ്റെന്നത്തെയുംപോലെ ശാന്തമായ ഒരു പകല്‍കൂടി കടന്നു പോകുമ്പോഴാണു നാടിനെ നടുക്കി ദുരന്തമെത്തിയത്. ഗ്രാമത്തിന്റെ നിശബ്ദതയിലൂടെ ഇരമ്പിപ്പാഞ്ഞ മിനി ബസ് വലിയൊരു മുഴക്കത്തോടെ മരത്തിലിടിച്ചു മറിഞ്ഞതും നിലവിളികളുയര്‍ന്നതും പെട്ടെന്നായിരുന്നു.

തേലക്കാട് ജുമാമസ്ജിദില്‍ നമസ്‌കാരം കഴിഞ്ഞെത്തിയവരും ഉച്ചഭക്ഷണത്തിനു ശേഷം കടത്തിണ്ണകളില്‍ വിശ്രമിക്കുന്നവരും സമീപത്തെ പാടത്തും പറമ്പിലും പണിയെടുക്കുന്നവരുമെല്ലാം ഞൊടിയിടയില്‍ ഓടിയെത്തി. തകര്‍ന്നു കിടക്കുന്ന ബസ് കണ്ട് അവര്‍ ആദ്യം സ്തംഭിച്ചു. പലര്‍ക്കും ശബ്ദിക്കാനായില്ല. മനോബലം വീണെ്ടടുത്ത് അവര്‍ രക്ഷാപ്രവര്‍ത്തനത്തിനു തുടക്കമിട്ടു. അപ്പോഴും പോലീസോ ഫയര്‍ഫോഴ്‌സോ എത്തിയിരുന്നില്ല.

മുറിവുകളുമായി നിലവിളിച്ച യാത്രക്കാരെ പുറത്തെടുത്ത്, കിട്ടിയ വാഹനങ്ങളില്‍ ആശുപത്രികളിലേക്കു പാഞ്ഞു. എന്നാല്‍, പരിക്കേറ്റ പലരും ആശുപത്രികളില്‍ എത്തിയപ്പോഴേക്കും മരണത്തിനു കീഴടങ്ങിയിരുന്നു. ഗുരുതരമായി പരിക്കേറ്റ പലരും മണിക്കൂറുകള്‍ക്കു ശേഷമാണ് അപകടനില തരണം ചെയ്തത്.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരുടെ പ്രയത്‌നം കൈമെയ് മറന്നായിരുന്നു. വെള്ളിയാഴ്ച ആയതിനാല്‍ പള്ളിയിലെ ജുമാ നമസ്‌കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന പിലാത്തൊടിയില്‍ നാസറും തൊട്ടടുത്ത വീട്ടിലെ തെക്കുംപാടം നജീബുമാണു സംഭവസ്ഥലത്ത് ആദ്യം കുതിച്ചെത്തിയത്.

തങ്ങളുടെ കണ്‍മുന്നിലാണു നാലുപേര്‍ പിടഞ്ഞുമരിച്ചതെന്ന് ഇവര്‍ പറഞ്ഞു. അപകടസമയത്തു സാമാന്യം മഴ പെയ്യുന്നുണ്ടായിരുന്നു. അലമുറയിട്ടു കരഞ്ഞാണ് ഇരുവരും നാട്ടുകാരെ വിളിച്ചു കൂട്ടിയത്. ഓടിയെത്തിയ പലര്‍ക്കും രക്തത്തില്‍ കുളിച്ച യാത്രക്കാരെ കണ്ട് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു. ഉള്‍നാടന്‍ പ്രദേശമായതിനാല്‍ പുറമേനിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്ത് എത്തിപ്പെടുക സാഹസമായിരുന്നു.

വെള്ളിയാഴ്ച ഉച്ചസമയമായതിനാല്‍ ബസില്‍ യാത്രക്കാര്‍ പതിവിലും കുറവുമായിരുന്നു. വെട്ടത്തൂരിനടുത്തുള്ള വേങ്ങൂര്‍ സ്‌കൂളിനു മുന്നില്‍ ഈ ബസ് വെളളിയാഴ്ച നിര്‍ത്തിയിരുന്നില്ല. ഇവിടെനിന്നുള്ള കുട്ടികള്‍ കൂടി കയറിയിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാകുമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. തലനാരിഴയ്ക്ക് അപകടത്തില്‍നിന്നു രക്ഷപ്പെട്ട ആശ്വാസത്തിലാണ് ഈ സ്റ്റോപ്പില്‍ കാത്തുനിന്ന വിദ്യാര്‍ഥികള്‍.

അപകടത്തില്‍പ്പെട്ടവരെ സമീപത്തെ വീടുകളിലെ വാഹനങ്ങളിലും ഇതുവഴിവന്ന മറ്റു വാഹന ങ്ങളിലും കയറ്റിയാണു പെരിന്തല്‍മണ്ണയിലെ വിവിധ ആശുപത്രികളില്‍ എത്തിച്ചത്.

13 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണമായതു ബസിന്റെ മുന്‍ടയര്‍ പൊട്ടിയതാണെന്നു പ്രാഥമിക നിഗമനം. ഇറക്കത്തില്‍ ടയര്‍ പൊട്ടിയതോടെ ബസ് നിയന്ത്രണം വിടുകയായിരുന്നു. റോഡരികിലെ മരത്തിലിടിച്ച ശേഷം താഴ്ചയിലേക്കു മറിഞ്ഞു. ഈ റൂട്ടില്‍ നാലു ബസുകളാണു സര്‍വീസ് നടത്തുന്നത്. ഒന്നര മണിക്കൂറോളം ഇടവിട്ടാണു സമയക്രമം. അതിനാല്‍ മത്സരയോട്ടത്തിനു സാധ്യതയില്ല. അപട ത്തിനു കാരണം അമിതഭാരമാണോയെന്ന് അന്വേഷിക്കുമെന്നു സംഭവസ്ഥലം സന്ദര്‍ശിച്ച മലപ്പുറം ആര്‍ടിഒ വി.സുരേഷ്‌കുമാര്‍ പറഞ്ഞു. അരിപ്ര സ്വദേശി മനാഫിന്റെ ഉടമസ്ഥയിലുള്ളതാണ് ബസ്. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയതായും ആര്‍ടിഒ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.