Latest News

മാതൃകാ ശുചിത്വ ഗ്രാമം സംസ്ഥാനതല അംഗീകാരത്തിലേക്ക്


കാസര്‍കോട്: ശുചിത്വത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്ന് നല്കുകയാണ് കമ്പല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍. ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന മാതൃകാ ശുചിത്വ ഗ്രാമം പദ്ധതി വിജയമായതോടെ ഇത് സംസ്ഥാനതലത്തില്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

സ്‌കൂളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കൊല്ലാട ഗ്രാമത്തിലാണ് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമത്തിലെ വള്ളിയങ്കാനം, കമ്പല്ലൂര്‍, ചെരുവപ്പാടി, അമ്പേച്ചാല്‍ തുടങ്ങിയ ചാലുകള്‍ ശുചീകരിക്കലായിരുന്നു എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ ആദ്യ ദൗത്യം. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷം കൊല്ലാട ഗ്രാമത്തിലെ 51 വീടുകളില്‍ ഉറവിട മാലിന്യ സംസ്‌ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കാനുള്ള അപേക്ഷാ ഫോമുകള്‍ വളണ്ടിയര്‍മാര്‍ മുന്‍ കയ്യെടുത്ത് പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി.
ഗ്രാമത്തിലെ വീടുകളിലെ അടുക്കളയില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കമ്പോസ്റ്റ് ചെയ്യാവുന്ന മാലിന്യങ്ങള്‍, മറ്റ് ജൈവ മാലിന്യങ്ങള്‍ എന്നിങ്ങനെ മൂന്നായി വേര്‍തിരിച്ച് ശുചിത്വം ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതിയാണ് വളണ്ടിയര്‍മാര്‍ നടപ്പാക്കിയത്. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഓരോ വീട്ടിലെ അടുക്കളയിലും മൂന്ന് പ്രത്യേക ചാക്കുകള്‍ അല്ലെങ്കില്‍ പാത്രങ്ങള്‍ സ്ഥാപിച്ചു. ഇതില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ച് സ്‌കൂളിലെ മാലിന്യസംസ്‌ക്കരണ സ്ഥലത്ത് നിക്ഷേപിക്കുന്നു. 51 വീടുകളിലും വളണ്ടിയര്‍മാര്‍ ഇടയ്ക്കിടയ്ക്ക് സന്ദര്‍ശനം നടത്തി ശുചിത്വ പ്രവര്‍ത്തനം വിലയിരുത്തുന്നു.
ഇതു കൂടാതെ പത്ത് വീടുകള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് പദ്ധതി കാര്യക്ഷമമാക്കുന്നു. വൈകുന്നേരം നാലര മുതല്‍ ആറര വരെയുള്ള സമയവും ഞായറാഴ്ച്ചയുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇവര്‍ ഉപയോഗിക്കുന്നത്.
കാസര്‍കോട് ജില്ല ശുചിത്വമിഷന്‍ വിഭാവനം ചെയ്ത മാതൃകാ ശുചിത്വ ഗ്രാമം എന്ന ഈ പദ്ധതി ജില്ലയിലെ ജി എച്ച് എസ് എസ് മാലോത്ത് കസബ, സെന്റ് ജൂഡ് എച്ച് എസ് എസ് വെള്ളരിക്കുണ്ട്, ജി.എഫ്.എച്ച്.എസ്.എസ് പടന്ന കടപ്പുറം, ജി എച്ച് എസ് എസ് ഹൊസ്ദുര്‍ഗ്, ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, തോമാപുരം എച്ച്.എസ്.എസ് ചിറ്റാരിക്കാല്‍, ബി.എ.ആര്‍.എച്ച്.എസ്.എസ് ബോവിക്കാനം എന്നീ സ്‌കൂളുകളിലും നടപ്പാക്കി വരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.