Latest News

ഹൃദയശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന യുവാവിനു ധൈര്യം പകരാന്‍ നടന്‍ ഇന്നസെന്റെത്തി

കൊച്ചി: എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന യുവാവിനു ധൈര്യം പകരാന്‍ നടന്‍ ഇന്നസെന്റെത്തി. കളമശേരി കൈപ്പമുകള്‍ കുമ്മണ്ണൂര്‍ വീട്ടില്‍ ഡിനോയ് തോമസിനെ സന്ദര്‍ശിക്കാനാണു മലയാളിയെ ഏറെ ചിരിപ്പിച്ച നടന്‍ ആശുപത്രിയിലെത്തിയത്. 

ആദ്യം കാന്‍സറിനെയും പിന്നീടു ഹൃദ്രോഗത്തെയും അതിജീവിച്ചതിന്റെ വിശേഷങ്ങള്‍ ഇന്നസെന്റ് ഡിനോയിയുമായി പങ്കുവച്ചു. ശരീരത്തിനകത്തു ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ച സ്റ്റെന്റിനെക്കുറിച്ചുള്ള ഇന്നസെന്റിന്റെ തമാശ കലര്‍ത്തിയ പരാമര്‍ശം ഡിനോയിയിലും കാഴ്ചക്കാരിലും ചിരി ഉണര്‍ത്തി. ലോകത്തു ലഭ്യമായതില്‍ ഏറ്റവും വിലകൂടിയ സ്റ്റെന്റാണ് ഉപയോഗിച്ചത്. വല്ല അപകടവും പറ്റി റോഡില്‍ കിടന്നാല്‍ ഇയാള്‍ ഇത്ര വില കുറഞ്ഞതാണോ ഉപയോഗിച്ചത് എന്നു നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കേണ്ടെന്നു കരുതിയാണ് അങ്ങനെ ചെയ്തത് - സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസെന്റ് ഇതു പറഞ്ഞപ്പോള്‍, സ്റ്റെന്റ് പുറത്തു കാണില്ലെന്നും ഹൃദയത്തിനകത്താണു സ്ഥാപിച്ചിരിക്കുന്നതെന്നും ഡോ.റോണി മാത്യു കൂട്ടിച്ചേര്‍ത്തു. ഇത് ആശുപത്രി മുറിയില്‍ പൊട്ടിച്ചിരിക്കു തിരികൊളുത്തി.

ജീവിതത്തിലെ വലിയ പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യണമെന്ന് ഇന്നസെന്റ് ജീവിതാനുഭവങ്ങളിലൂടെ ഡിനോയിയോടു വിവരിച്ചു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു ശേഷം ഒരിക്കല്‍ക്കൂടി താന്‍ കാണാന്‍ വരുമെന്നു പറഞ്ഞു നടന്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ തികഞ്ഞ ആഹ്ലാദത്തിലായിരുന്നു ഡിനോയ് തോമസ്.

കടുത്ത ശ്വാസതടസത്തെ തുടര്‍ന്നു കഴിഞ്ഞ ഏഴിനാണു ഡിനോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപതിയാണ് അസുഖമെന്നു പരിശോധനയില്‍ വ്യക്തമായതോടെ ഹൃദയം മാറ്റിവയ്ക്കാതെ ജീവന്‍ നിലനിര്‍ത്താനാവാത്ത സ്ഥിതിയായി. നിര്‍ധന കുടുംബാംഗമായ ഡിനോയ് ശസ്ത്രക്രിയ ആവശ്യമാണെന്നറിഞ്ഞതോടെ മാനസികമായി സംഘര്‍ഷത്തിലായിരുന്നു. ഇതറിഞ്ഞാണു നടന്‍ ഇന്നസെന്റ് സാന്ത്വനവുമായി എത്തിയത്. നേരത്തെ ഹൃദ്രോഗത്തെത്തുടര്‍ന്നു ലിസി ആശുപത്രിയിലാണ് ഇന്നസെന്റ് ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനായത്.

ഓട്ടോറിക്ഷ ഡ്രൈവറായ ഡിനോയ് ഭാര്യക്കും നാലു വയസുള്ള മകള്‍ക്കുമൊപ്പം വാടക വീട്ടിലാണു താമസിക്കുന്നത്. ഇരുപത്തൊന്‍പതുകാരനായ ഡിനോയിയുടെ ചികിത്സയ്ക്കു പണം കണ്ടെത്തുന്നതിനു കളമശേരി സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ. അലക്‌സ് കാട്ടേഴത്തിന്റെ നേതൃത്വത്തില്‍ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഡിനോയ് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന്‍ എയ്ഡ് ഫണ്ട് അക്കൗണ്ട് നമ്പര്‍: 022405 3000027239 (സൗത്ത് ഇന്ത്യന്‍ ബാങ്ക് കളമശേരി, ഐഎഫ്എസ് സി കോഡ്: എസ്‌ഐബിഎല്‍ 0000224).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Innocent, Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.