Latest News

ചന്തേരയില്‍ നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികള കാസര്‍കോട്ട് കണ്ടെത്തി

കാസര്‍കോട്: ചന്തേരയില്‍ നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളെ കാസര്‍കോട്ട് കണ്ടെത്തി. ജയ്ഹിന്ദ് ചാനല്‍ റിപോര്‍ട്ടര്‍ പി.വി. പുരുഷോത്തമന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികളെ കണ്ടെത്താന്‍ കാരണമായത്.

ബുധനാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞുപോയ വലിയപറമ്പ് മാവില കടപ്പുറത്തെ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കാണാതാവുകയായിരുന്നു. വൈകുന്നേരമായിട്ടും വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെതുടര്‍ന്ന് രക്ഷിതാക്കള്‍ പലസ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വ്യാഴാഴ്ച വൈകിട്ടോടെ ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വിദ്യാര്‍ത്ഥികളെ കാണാതായ സംഭവത്തില്‍ ജയ്ഹിന്ദ് ചാനല്‍ റിപോര്‍ട്ടര്‍ പി.വി. പുരുഷോത്തമന്‍ ചാനലില്‍ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ ഫ്‌ലാഷ് ന്യൂസ് നല്‍കിയിരുന്നു. വാര്‍ത്ത നല്‍കി അഞ്ച് മിനുട്ടിന് ശേഷം പുരുഷോത്തമന്‍ ഭാര്യയോടൊപ്പം കാസര്‍കോട് ട്രാഫിക്ക് സര്‍ക്കിളിന് സമീപത്തെ വജ്ര ജ്വല്ലറിയില്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ചെന്നിരുന്നു.

ഇതിനിടയില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഇതേ ജ്വല്ലറിയില്‍ പഴയസ്വര്‍ണം എടുക്കുമോ എന്ന് ചോദിച്ച് ജ്വല്ലറി ഉടമയെ സമീപിച്ചിരുന്നു. പരിചയമില്ലാത്തവരോട് പഴയസ്വര്‍ണം എടുക്കാറില്ലെന്ന് പറഞ്ഞ് ജ്വല്ലറി ഉടമ ഇവരെ മടക്കുകയായിരുന്നു. സ്വര്‍ണം വില്‍ക്കാനെത്തിയ പെണ്‍കുട്ടികള്‍ തിരിച്ചുപോവുകയും ചെയ്തു. ഇതിനിടയിലാണ് ചാനലില്‍ കാണാതായപെണ്‍കുട്ടികളെകുറിച്ച് വാര്‍ത്തനല്‍കിയ കാര്യം പുരുഷോത്തമന്‍ ഓര്‍ക്കുകയും സംശയം ജനിക്കുകയും ചെയ്തതിനെതുടര്‍ന്ന് വിവരം ചന്തേര പോലീസ് സ്‌റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നു.

പെണ്‍കുട്ടികളെ തിരിച്ചറിയാനുള്ള അടയാളം പുരുഷോത്തമന്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു. ഇതിന് ശേഷം ചന്തേര പോലീസ് കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ വിവരം കൈമാറുകയും നിമിഷനേരംകൊണ്ട് ജ്വല്ലറിക്ക് മുന്നില്‍ രണ്ട് പോലീസ് വാഹനം കുതിച്ചെത്തുകയും ചെയ്തു. വിവരങ്ങള്‍ അന്വേഷിച്ച പോലീസ് പെണ്‍കുട്ടികളെ പരിചയമില്ലാത്തതിനാല്‍ കണ്ടെത്താനായി ചാനല്‍ പ്രവര്‍ത്തകന്റെ സഹായ അഭ്യര്‍ത്ഥിച്ചു.

പുരുഷോത്തമനൊപ്പം നഗരത്തിലെ മുഴുവന്‍ ജ്വല്ലറികളും പോലീസ് അരിച്ചുപെറുക്കിയെങ്കിലും പെണ്‍കുട്ടികളെ കണ്ടെത്താനായില്ല. ഇതിന് ശേഷം പോലീസ് ബസ് സ്റ്റാന്‍ഡുകളിലും പരിശോധിച്ചു. റെയില്‍വേസ്‌റ്റേഷനില്‍ തെരച്ചില്‍ നടത്താനായി പോകുമ്പോള്‍ വഴിയിലൂടെ മൂന്ന് പെണ്‍കുട്ടികളും റെയില്‍വേസ്‌റ്റേഷന്‍ ലക്ഷ്യമാക്കി നടന്നുപോകുന്നത് കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടികളെ ചോദ്യംചെയ്തപ്പോള്‍ ചന്തേരയില്‍ നിന്നും വീട് വിട്ടവരാണെന്ന് വ്യക്തമാവുകയും ഇവരെ പിന്നീട് കാസര്‍കോട് വനിതാ സെല്ലിലേക്ക് എത്തിക്കുകയുമായിരുന്നു. പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരമറിഞ്ഞ് രക്ഷിതാക്കളും ചന്തേര പോലീസും കാസര്‍കോട്ട് എത്തിയിട്ടുണ്ട്. രക്ഷിതാക്കള്‍ പരാതി നല്‍കിയെങ്കിലും കുട്ടികളെ കണ്ടെത്തിയതിനാല്‍ കേസെടുത്തിട്ടില്ലെന്ന് ചന്തേര പോലീസ് അറിയിച്ചു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.