Latest News

ജമ്മു കാശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 12 മരണം

ശ്രീനഗര്‍ :സൈനികവേഷത്തിലെത്തിയ ഭീകരര്‍ നടത്തിയ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ ജമ്മു കാശ്മീരില്‍ നാല് പോലീസുകാരും ആറ് സൈനികരും അടക്കം 12 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് പേര്‍ നാട്ടുകാരാണ്

കത്തുവ ജില്ലയിലെ ഹിരാനഗറിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം സമീപജില്ലയായ സാമ്പയിലേക്ക് ഭീകരര്‍ രക്ഷപ്പെട്ടെന്നാണ് വിവരം. സമീപത്തെ സൈനിക ക്യാമ്പിന് നേരെയും ആക്രമണമുണ്ടായി.

വ്യാഴാഴ്ച രാവിലെ 06.45നായിരുന്നു ഹിരാനഗര്‍ പോലീസ് സ്‌റ്റേഷന് നേരെ തീവ്രവാദി ആക്രമണം നടന്നത്. ഓട്ടോറിക്ഷയില്‍ സൈനിക വേഷത്തിലെത്തിയ മൂന്ന് തീവ്രവാദികളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം പോലീസ് സ്‌റ്റേഷനിലെ ട്രെക്കില്‍ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതായാണ് വിവരം. ഭീകരാക്രമണത്തെ തുടര്‍ന്ന് പത്തന്‍കോട്ടെ -ജമ്മു ദേശീയ പാതയിലെ ഗതാഗതം സ്തംഭിച്ചു. ഗ്രെനേഡുകളും തോക്കുകളുമായാണ് ഭീകരര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്. സാമ്പയില്‍ സൈന്യവുമായി ഭീകരര്‍ ഏറ്റുമുട്ടുന്നുണ്ടെന്ന വിവരവുമുണ്ട്.

പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും 7 കിലോമീറ്റര്‍ മാത്രം അകലെയാണ് കത്തുവ ജില്ലയിലെ ഹിരാനഗര്‍. അതിര്‍ത്തികടന്നെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ അമേരിക്കയില്‍ കൂടിക്കാഴ്ച്ച നടത്തുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് തീവ്രവാദി ആക്രമണമുണ്ടായിരിക്കുന്നത്.

ഹിരാനഗര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്തെല്ലാം പ്രതിസന്ധികളുണ്ടെങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കും.

പാകിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ നിന്നും പ്രധാനമന്ത്രി പിന്മാറണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. പാക് സേന സമാധാനം ആഗ്രഹിക്കുന്നില്ലെങ്കില്‍ സേനക്കു മുകളില്‍ നിയന്ത്രണമില്ലാത്ത പാക് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ട് എന്ത് ഫലമെന്നാണ് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ ചോദിച്ചത്. സെപ്തംബര്‍ 29നാണ് ഇന്ത്യാ പാക് പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jammu Kashmeer, Sreenagar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.