Latest News

മനുഷ്യ മഹാസാഗരമായി അറഫാ മൈതാനം


മക്ക: ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്… അല്ലാഹുവിന്റെ അതിഥികളായി എത്തിയ വിശ്വാസി വൃന്ദത്തെക്കൊണ്ട് അറഫാ താഴ്‌വാരം മനുഷ്യ മഹാസാഗരമായി മാറി. കറുത്തവനും വെളുത്തവനും, ദരിദ്രനും സമ്പന്നനും ചെറിയവനും വലിയവനും എല്ലാം തോളോട് തോള്‍ ചേര്‍ന്ന് അറഫാ മൈതാനിയില്‍ പ്രാര്‍ഥനയില്‍ കഴിയുകയാണ്. ഇത്തവണ 20 ലക്ഷം തീര്‍ഥാടകരാണ് അറഫാ മൈതാനിയില്‍ സംഗമിച്ചിരിക്കുന്നത്.

സ്രഷ്ടാവിനും സൃഷ്ടിക്കുമിടയില്‍ ഇടനിലക്കാരില്ലാതെ പാപമോചനത്തിനും ലോകനന്മയ്ക്കുമായി ഉള്ളുരുകി പ്രാര്‍ഥിച്ച് കളങ്കരഹിതമനസ്സ് വീണ്ടെടുത്താണു തീര്‍ത്ഥാടകര്‍ അറഫയോടു വിടപറഞ്ഞത്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് (നാഥാ നിന്റെ വിളിക്കുത്തരമേകി ഞങ്ങളിതാ വന്നിരിക്കുന്നു) എന്ന തല്‍ബിയത്ത് മന്ത്രങ്ങളുരുവിട്ടാണു തീര്‍ത്ഥാടകര്‍ മക്കയിലെ പരിശുദ്ധ കഅ്ബ ലക്ഷ്യമാക്കി എത്തിയത്. അറഫാ സംഗമത്തില്‍ പങ്കാളികളാവാതിരുന്നാല്‍ ഹജ്ജ് നഷ്ടപ്പെടുമെന്നതിനാല്‍ മക്കയിലും മദീനയിലുമുള്ള ആശുപത്രിയില്‍ കഴിഞ്ഞിരുന്നവരെ ആംബുലന്‍സില്‍ അറഫയിലെത്തിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെ മശാഇര്‍ ട്രെയിനിലാണ് ഹാജിമാര്‍ അറഫയിലേക്കു നീങ്ങിയത്. തീര്‍ത്ഥാടകര്‍ ളുഹ്‌റും അസറും ഒന്നിച്ചു നമസ്‌കരിച്ചു.

തുടര്‍ന്ന് മസ്ജിദുന്നമീറയില്‍ സൗദി ഗ്രാന്റ് മുഫ്തി ശെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാ അല്‍ ശെയ്ഖിന്റെ നേതൃത്വത്തില്‍ നമസ്‌കാരം നടന്നു. ശേഷം താല്‍ക്കാലിക തമ്പുകളിലും കാരുണ്യത്തിന്റെ മലയെന്നു വിശേഷിപ്പിക്കുന്ന ജബലുര്‍റഹ്മയുടെ താഴ്‌വരയിലുമായി തീര്‍ത്ഥാടകര്‍ പ്രാര്‍ഥനയില്‍ കഴിഞ്ഞു. അസ്തമയശേഷം അറഫയോടു വിടപറഞ്ഞു മുസ്ദലിഫയിലേക്കു തിരിച്ചു. അവിടെ രാപ്പാര്‍ത്തശേഷം ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ച് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മിനായിലേക്കു തന്നെ തിരിക്കും. ലോകത്തിന്റെ വിവിധ ഭഗങ്ങളില്‍ അറഫാ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിശ്വാസികള്‍ ഐച്ഛികവ്രതം അനുഷ്ഠിച്ചു.
ഈ സീസണിലെ ഏറ്റവും നല്ല കാലാവസ്ഥയാണ് മക്കയിലും മിനായിലും അനുഭവപ്പെടുന്നത്. ഇടക്കു പെയ്യുന്ന ചാറ്റല്‍ മഴയും തണുത്ത കാറ്റും തീര്‍ഥാടകരെ ആനന്ദിപ്പിക്കുന്നു. പ്രായം ചെന്ന തീര്‍ഥാടകര്‍ക്ക് അനുഗൃഹീതമാണ് നിലവിലെ കാലാവസ്ഥ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.