കാഞ്ഞങ്ങാട്: സ്ഥലം വിറ്റുകിട്ടിയ 38 ലക്ഷം രൂപയുമായി ബാംഗ്ലൂരിലേക്കു പോയ യുവാവ് തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്നു ഭാര്യയും മൂന്നു വയസ്സുള്ള മകനും ഗൃഹനാഥനെ കണ്ടെത്താനായി തിരച്ചിലില്‍. ബാംഗ്ലൂര്‍ ലെയ്‌സര്‍ ടൗണ്‍ സ്ട്രീറ്റ് നമ്പര്‍ 10ലെ എല്‍ അജിത് കുമാര്‍ എന്ന അബ്ദുല്‍ അസീസാ(35)ണു കഴിഞ്ഞ ജനുവരി എട്ടിനു ബാംഗ്ലൂരിലേക്കു പോയത്. ഇതിനു ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
പടന്ന മാവിലാ കടപ്പുറം വളപ്പില്‍ ഹൗസിലെ ഇസ്മായിലിന്റെ മകള്‍ റസ്മത്തി (25)നെ നാലു വര്‍ഷം മുമ്പാണ് ഇയാള്‍ വിവാഹംചെയ്തത്. ഈ ബന്ധത്തില്‍ മൂന്നുവയസ്സുള്ള ഹൈദരലി എന്ന മകനുമുണ്ട്. കൈതക്കാട് സ്വദേശിയായ ഒരാള്‍ മുഖാന്തരമാണു വിവാഹം ഉറപ്പിച്ചിരുന്നത്. നേരത്തെ ബാംഗ്ലൂര്‍ ബസനഹള്ളിയിലെ പ്രസിദ്ധമായ ഗണപതി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു അജിത്കുമാര്‍ എന്ന അബ്ദുല്‍ അസീസ്.
പിന്നീട് സുഹൃത്തായ ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയുമായുള്ള ബന്ധംമൂലം ഇയാള്‍ ഇസ്‌ലാംമതം ആശ്ലേഷിക്കുകയും പടന്നയില്‍ നിന്നു വിവാഹം നടത്തുകയുമായിരുന്നു. ഇയാളുടെ ബാംഗ്ലൂരിലെ കുടുംബസ്ഥലം വിറ്റുകിട്ടിയ പണവുമായാണു ബാംഗ്ലൂരിലേക്കാണെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയത്. പയ്യന്നൂരില്‍ നിന്നു കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ ബാംഗ്ലൂരിലേക്കു വീട്ടുകാര്‍ ഇയാളെ കയറ്റിയിരുന്നു.
ഇതിനു ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതായിരിക്കാമെന്ന സംശയത്തിലാണു ബന്ധുക്കള്‍. അബ്ദുല്‍ അസീസിനെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നിയമ നടപടിക്ക് ഒരുങ്ങുകയാണു ഭാര്യയും മകനും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment