Latest News

ബസ്സിടിച്ച് വിദ്യാര്‍ഥി മരിച്ചു; നാട്ടുകാര്‍ ബസ് കത്തിച്ചു


തൊടുപുഴ: ട്രാക്കുതെറ്റിച്ച് ഓടിയ സ്വകാര്യബസ് ബൈക്കിലിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു. ബൈക്കില്‍ യാത്രചെയ്തിരുന്ന തൊടുപുഴ തെക്കുംഭാഗം കല്ലിങ്കല്‍ ജ്യോതിഷ് രാജന്‍ (19) ആണ് മരിച്ചത്.

ബൈക്കോടിച്ചിരുന്ന സുഹൃത്ത് വിഷ്ണു ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി ആസ്​പത്രിയിലാണ്. വെള്ളക്കയം-തൊടുപുഴ റൂട്ടിലോടുന്ന 'മാളൂട്ടി' ബസ്സാണ് അപകടത്തിനിടയാക്കിയത്. നാട്ടുകാര്‍ ബസ്സിന്റെ ചില്ലുകള്‍ തകര്‍ത്തശേഷം കത്തിച്ചു. തീയണയ്ക്കാനെത്തിയ അഗ്‌നിശമനസേനാംഗങ്ങളെ നാട്ടുകാര്‍ തടഞ്ഞു. പിന്നീട് തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലും ബസ്സുകള്‍ക്കും ബസ് ജീവനക്കാര്‍ക്കും നേരെ ആക്രമണമുണ്ടായി.

തൊടുപുഴ-മങ്ങാട്ടുകവല-വെങ്ങല്ലൂര്‍ നാലുവരിപ്പാതയില്‍ വടക്കുംമുറി ജങ്ഷനിലാണ് അപകടമുണ്ടായത്. ബസ് വണ്‍വേ തെറ്റിച്ചാണ് വന്നത്. അമിതവേഗത്തിലെത്തിയ ബസ്, ബൈക്ക് യാത്രക്കാരായ വിദ്യാര്‍ഥികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് സമീപത്തെ ഹോട്ടലിലുണ്ടായിരുന്നവര്‍ പറഞ്ഞു.

മരിച്ച ജ്യോതിഷ് രാജന്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് വിദ്യാര്‍ഥിയാണ്. പരിക്കേറ്റ സുഹൃത്ത് അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ഥി വിഷ്ണു(19)വിനെ ആദ്യം മുതലക്കോടത്തെ സ്വകാര്യ ആസ്​പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് കൊണ്ടുപോയി.

നാട്ടുകാരുടെ രോഷം അക്രമത്തിലേക്ക് തിരിഞ്ഞതോടെ തൊടുപുഴ മേഖലയില്‍ സ്വകാര്യ ബസ്സുകള്‍ ഓട്ടം നിര്‍ത്തിവച്ചു. മറ്റൊരു ബസ് ഭാഗികമായി അടിച്ചുതകര്‍ത്തു.

അക്രമം നടത്തിയ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി വൈകിയും സംഘര്‍ഷം തുടരുകയാണ്. ദുരന്തത്തിന്റെ മറവില്‍ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടി. നിര്‍ത്തിവച്ച ബസ് സര്‍വ്വീസ് പിന്നീട് പോലീസ് ഇടപെട്ട് പുനരാരംഭിച്ചു.

ട്രാഫിക്‌നിയമം ലംഘിച്ചതാണ് വെള്ളിയാഴ്ചത്തെ അപകടത്തിന് കാരണം. തടിലോറിയെ മറികടക്കാന്‍ ഡിവൈഡര്‍ കടന്ന് എതിര്‍ട്രാക്കില്‍ കയറി മുമ്പോട്ടുകുതിക്കുകയായിരുന്നു ബസ്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം. അപകടമുണ്ടായ ഉടനെ ബസ്സിലും സമീപത്തും കൂട്ടനിലവിളി ഉയര്‍ന്നു. ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.

അവസാനവര്‍ഷ ബി.എ. ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിയായിരുന്നു ജ്യോതിഷ്. അച്ഛന്‍ രാജപ്പന്‍ റിട്ട. എ.എസ്.ഐ. ആണ്. പി.എച്ച്.സി. ജീവനക്കാരി വത്സലയാണ് അമ്മ. സഹോദരന്‍ ഹരീഷ്‌രാജ് കുമാരമംഗലം എം.കെ.എന്‍.എം. സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ജ്യോതിഷിന്റെ കണ്ണുകള്‍ ദാനംചെയ്തു. കോളപ്ര നെല്ലാനിക്കല്‍ രവിയുടെ മകനാണ് വിഷ്ണു.

സംഭവം റിപ്പോര്‍ട്ടുചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും നേരെ ചെറിയ തോതില്‍ കൈയേറ്റമുണ്ടായി. ബസ്സിന് വേഗപ്പൂട്ടുണ്ടായിരുന്നെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍, ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ഥിരം ഡിവൈഡറുള്ള സ്ഥലമാണിത്.

ജ്യോതിഷ് രാജന്റെ മൃതദേഹം ചാഴിക്കാട്ട് ആസ്​പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.