Latest News

സരിതയ്ക്ക് പിന്നാലെ കവിതയും: മറ്റൊരു തട്ടിപ്പിന്റെ കഥ കൂടി പുറത്ത് വരുന്നു

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പിനു പിന്നാലെ മറ്റൊരു തട്ടിപ്പ് കൂടി ചുരുളഴിയുന്നു. കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസിനു സീറ്റ് വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയതിന്റെ കഥകളാണ് കഴിഞ്ഞ ദിവസം മുതല്‍ പുറത്തുവരുന്നത്.

സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്നു പറഞ്ഞായിരുന്നു ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍ എന്നിവര്‍ ചേര്‍ന്ന് കോടികള്‍ തട്ടിയെടുത്തതെങ്കില്‍ ഇടപ്പള്ളി പോണേക്കരയില്‍ താമസിക്കുന്ന കവിത ജി പിള്ള എന്ന സ്ത്രീയുടെ നേതൃത്വത്തിലാണ് എം.ബി.ബി.എസിനു സീറ്റ് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പു നടത്തിയശേഷം മുങ്ങിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്.

കവിതയ്ക്കു ഭരണകക്ഷിയില്‍പ്പെട്ട ഉന്നതരുമായി ബന്ധമുണ്ടെന്നും വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും സൂചനയുണ്ട്.

തിരുവനന്തപുരം സ്വദേശി സൈനുല്‍ ആബിദീന്‍, അഞ്ചല്‍ ആല്‍ബര്‍ട്ട്, പാപ്പനംകോട് സ്വദേശി സുജാദേവി എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് കവിതാ പിള്ളയ്‌ക്കെതിരേ കേസെടുത്തെങ്കിലും അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. പോലിസ് കേസെടുത്തതോടെ സ്ഥാപനം പൂട്ടി കവിത മുങ്ങിയെന്നാണു പോലിസ് പറയുന്നത്.

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനടുത്ത് കെ.ജി.കെ. ഗ്രൂപ്പ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍ സ്ഥാപനം നടത്തിവരുകയായിരുന്നു കവിത. അമൃത, അമല, പുഷ്പഗിരി, കിംസ് എന്നീ മെഡിക്കല്‍ കോളജുകളില്‍ മാനേജ്‌മെന്റ് സീറ്റില്‍ എം.ബി.ബി.എസ്. പ്രവേശനം ഉറപ്പുനല്‍കിയാണ് ഇവര്‍ രക്ഷിതാക്കളെ സമീപിച്ചിരുന്നത്. 20 ലക്ഷത്തിലധികം രൂപയാണ് സീറ്റിനായി ഇവര്‍ ഓരോ രക്ഷിതാവില്‍ നിന്നും വാങ്ങിയിരുന്നതത്രെ.

അഡ്മിഷന്‍ ക്ലോസ് ചെയ്തിട്ടും പ്രവേശനം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് തട്ടിപ്പിനിരയായവര്‍ പരാതിയുമായി പോലിസിനെ സമീപിച്ചത്. മൂന്നുപേരില്‍ നിന്നു മാത്രമായി 66 ലക്ഷം രൂപ കവിത തട്ടിയെടുത്തുവത്രേ. എന്നാല്‍, ഇവരെക്കൂടാതെ നിരവധി പേര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഏകദേശം 25 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നതായി ഇതുവരെ പോലിസിനു വിവരം ലഭിച്ചതായും സൂചനയുണ്ട്. ഉന്നത വിദ്യാഭ്യാസം സംബന്ധിച്ചു നടത്തുന്ന എക്‌സിബിഷനുകളിലും സെമിനാറുകളിലും എത്തുന്ന കവിത ഇവിടെയെത്തുന്ന വിദ്യാര്‍ഥികളുമായും രക്ഷിതാക്കളുമായും ചങ്ങാത്തം കൂടിയശേഷം ഇവരെ പാട്ടിലാക്കി സീറ്റ് വാങ്ങി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണത്രേ പണം തട്ടിയെടുത്തിരുന്നത്.
ഭരണമുന്നണിയിലെ പ്രധാന കക്ഷി നേതാക്കളുമായി കവിത ജി പിള്ളയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായാണു വിവരം. ഈ നേതാക്കളുടെ പേരുപറഞ്ഞ് ഇവര്‍ തട്ടിപ്പു നടത്തിയതായും സൂചനയുണ്ട്. കവിത ജി പിള്ളയ്‌ക്കെതിരേ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താന്‍ പോലിസ് ഉദാസീനത കാട്ടുകയാണെന്നും കേസ് ദുര്‍ബലപ്പെടുത്താന്‍ നീക്കം നടക്കുന്നെന്നുമുള്ള ആക്ഷേപവും ശക്തമാണ്.

ഭരണകക്ഷിയില്‍പ്പെട്ട ചില നേതാക്കളും ഏതാനും അഭിഭാഷകരുമാണ് കവിത ജി പിള്ളയ്ക്ക് സംരക്ഷണം നല്‍കുന്നതെന്നാണു പറയപ്പെടുന്നത്. കവിത ജി പിള്ളയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്‍സോര്‍ഷ്യം ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സ് കേരളയും രംഗത്തുവന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.