Latest News

പേരക്കുട്ടികള്‍ വിഷക്കൈകളില്‍ ഞെരിഞ്ഞമര്‍ന്നപ്പോഴും തളരാതെ പോരാടിയ അബ്ദുള്ള

കാസര്‍കോട്: പേരക്കുട്ടികള്‍ വിഷക്കൈകളില്‍ ഞെരിഞ്ഞമര്‍ന്നപ്പോഴും തളരാതെ പോരാടിയ അബ്ദുള്ള മരിച്ചതും എന്‍ഡോസള്‍ഫാനെതിരെ ശബ്ദിച്ചുകൊണ്ടുതന്നെ.

എന്‍ഡോസള്‍ഫാന്‍ സെല്‍ നെഞ്ചംപറമ്പില്‍ നടത്തിയ സെമിനാറില്‍ പ്രസംഗിക്കുന്നതിനിടെ അബ്ദുള്ള കുഴഞ്ഞുവീണ് മരിച്ചതോടെ ഒരു സമരായുധമായാണ് അവസാനിച്ചത്. എന്‍ഡോസള്‍ഫാന്‍ പ്രയോഗം നാശമാണ് വിതയ്ക്കുന്നതെന്ന് പുറംലോകമറിഞ്ഞതോടെ ബാരലുകളില്‍ ശേഷിച്ച കീടനാശിനി കുഴിച്ചിട്ടെന്ന് വിശ്വസിക്കുന്ന നെഞ്ചംപറമ്പിന് സമീപത്തെ മഞ്ഞംപാറയിലാണ് അബ്ദുള്ളയുടെ വീട്. ചുറ്റിനും എന്‍ഡോസള്‍ഫാന്‍മൂലം ദുരിതമനുഭവിക്കുന്നവര്‍... വീട്ടില്‍ അതിനേക്കാള്‍ ദയനീയത.

അബ്ദുള്ളയുടെ മകള്‍ ബീഫാത്തിമയുടെ നാലു മക്കളില്‍ രണ്ടുപേര്‍ മാത്രമാണിപ്പോള്‍ ജീവിച്ചിരിക്കുന്നത്. മറ്റു രണ്ടുപേര്‍ ജനിച്ച് അധികമാവുംമുമ്പേ മരിച്ചു. മൂത്തയാള്‍ മുഹമ്മദ് മുഖ്താറിന് ആറു വയസ്സിനിടെ എട്ടുലക്ഷം രൂപമുടക്കി നാല് ഓപ്പറേഷനുകള്‍ കഴിഞ്ഞു. കഷ്ടിച്ചു നടക്കാം. രണ്ടാമത്തെ കുട്ടി മറിയം മുബീന പ്രശ്‌നങ്ങളൊന്നുമില്ലാതെ രക്ഷപ്പെട്ടു. മൂന്നാമത്തെ കുട്ടി മുജീബ് വൈകല്യങ്ങളുമായാണ് ജനിച്ചത്. രണ്ട് ഓപ്പറേഷനുകള്‍ നടത്തിയെങ്കിലും ഒരുവര്‍ഷവും ഒമ്പതുമാസവും മാത്രമേ ജീവിച്ചുള്ളൂ. ഒടുവില്‍ കഴിഞ്ഞ ഏപ്രിലില്‍ ഈ ദുരന്തത്തിലേക്ക് ഒരു കണ്ണികൂടി പിറന്നുവീണു. 'കരയാത്ത കുഞ്ഞ്' എന്നറിയപ്പെട്ട ആയിഷത്ത് റുബീന. ജീവിച്ചത് എണ്‍പത്തിയാറു ദിവസം മാത്രം.

അന്ന് അബ്ദുള്ള മനംനൊന്ത് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു'ഇത് എന്റെ മാത്രം വിധിയില്ല, എത്രപേര്‍ ഇങ്ങനെ, എന്നിട്ടും കണ്ടില്ലെന്ന് നടിക്കുന്നവര്‍ക്ക് ഹൃദയമുണ്ടോ, മനസ്സാക്ഷിയുണ്ടോ...'

മൈസൂരിലെ ഒരു ടൂറിസ്റ്റ് റിസോര്‍ട്ടില്‍ കരകൗശല എംപോറിയം നടത്തിയിരുന്ന കെ.എസ്.അബ്ദുല്ല അത് അടച്ചുപൂട്ടിയാണ് നാട്ടിലെത്തി എന്‍ഡോസള്‍ഫാനെതിരായ സമരത്തിന് കൈകോര്‍ത്തത്. തന്റെ ഭൂമി ഭൂരഹിതരായ ദളിത്‌വിഭാഗങ്ങള്‍ക്കു പതിച്ചുനല്‍കാനും അദ്ദേഹം തയ്യാറായി. എന്‍ഡോസള്‍ഫാന്‍ തളിക്കാനെത്തിയ ഹെലികോപ്റ്ററുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

എന്‍വിസാജിന്റെ നേതൃത്വത്തിലുള്ള കാറഡുക്കയിലെ സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഡി.സി.സി. അംഗം, കാറഡുക്ക കോ ഓപ്പറേറ്റീവ് ബാങ്ക് മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ദുരിതബാധിതര്‍ക്ക് ചികിത്സയും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ അബ്ദുള്ള നടന്നദൂരം ചെറുതല്ല. തൂവെള്ള വസ്ത്രംധരിച്ച് നരകയറിയ മുടിയും മീശയും തടവി ചിരിച്ചുവരുന്ന അബ്ദുള്ളയെ കാത്തിരിക്കുന്ന രോഗികള്‍ ധാരാളമായിരുന്നു. 
(കടപ്പാട്: മാതൃഭൂമി)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.