കാസര്‍കോട്: പുതുതലമുറയുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പുഴകള്‍ പുനര്‍ജ്ജനിക്കുകയുള്ളു എന്ന് പ്രൊഫ.എം. എ. റഹ് മാന്‍ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.[www.malabarflash.com]
ജില്ലാ വിദ്യാഭ്യാസ പരിശീലനസമിതി (ഡയറ്റ് )സംഘടിപ്പിച്ച വിദ്യാഭ്യാസസെമിനാറിന്റെ ഉദ്ഘാടനവേളയില്‍ ആസൂത്രിതമായ പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഒരു രൂപരേഖ അദ്ദേഹം അവതരിപ്പിച്ചു .
ജലദരിദ്രമായ ഇക്കാലത്ത് വെറും സ്വപ്‌നങ്ങള്‍കൊണ്ടുമാത്രം പുഴകള്‍ പുനഃസൃഷ്ടിക്കപ്പെടുകയില്ല. ലക്ഷ്യോന്മുഖമായ ആസൂത്രണ മുന്നേറ്റങ്ങള്‍ കൊണ്ട് രാജസ്ഥാന്‍ മരുഭൂമിയില്‍പ്പോലും പുഴകള്‍ പുനര്‍ജ്ജനിക്കുകയുണ്ടായി. ആ കര്‍മപദ്ധതിയുടെ നേതൃത്വം വഹിച്ച മനുഷ്യനാണ് ഡോ. രാജേന്ദ്രസിംഗ്.
മനുഷ്യ കയേറ്റങ്ങളാണ് പുഴകളുടെ നാശത്തിനുള്ള ഒറ്റക്കാരണം. തടയണ നിര്‍മ്മാണം പോലുള്ള ഇടപെടലുകള്‍പോലും പുഴകളെ തളര്‍ത്തുകയേ ചെയ്യുന്നുള്ളു. കാസര്‍കോടിന്റെ കുടിവെള്ള പ്രശ്‌നം ചന്ദ്രഗിരിപ്പുഴയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് തടയണ നിര്‍മ്മിച്ചതു കൊണ്ട് പരിഹരിക്കാന്‍ പറ്റില്ല.
ഏകവിളത്തോട്ടങ്ങള്‍ക്കു പകരം വൃഷ്ടിപ്രദേശങ്ങളില്‍ സ്വാഭാവിക വനങ്ങള്‍ വളര്‍ന്നു വരണം. പുഴയ്ക്ക് കുറുകെയുള്ള തടയണകള്‍ക്കു പകരം തീരങ്ങളില്‍ ചെറിയ ' മണ്‍തടകള്‍ ' ഉണ്ടാക്കുകയാണ് വേണ്ടത്-പ്രൊഫ. എം .എ റഹ് മാന്‍ നിര്‍ദ്ദേശിച്ചു.
ജീവനരേഖ:ചന്ദ്രഗിരിപ്പുഴയുടെ ചരിത്രവര്‍ത്തമാനങ്ങള്‍ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള വിദ്യാഭ്യാസ സെമിനാറില്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ മുഖ്യാതിഥി ആയിരുന്നു. പുസ്തകത്തിന്റെ പിറവിയെക്കുറിച്ച് ചീഫ് എഡിറ്റര്‍ ജി.ബി.വല്‍സന്‍ വിശദീകരിച്ചു.
വിവിധ വിദ്യാലയങ്ങളെ പ്രതിനിധാനം ചെയ്ത് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഏഴ് സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി.ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഡോ. പി. ഭാസ്‌കരന്‍ സ്വാഗതവും ഡോ. സി.ഭാമിനി നന്ദിയും പറഞ്ഞു .
No comments:
Post a Comment