Latest News

യൂത്ത്‌ലീഗ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി 13 പേര്‍ക്ക് പരിക്ക്


തിരൂര്‍: തിരൂര്‍ ജില്ലാ ആസ്​പത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിന്റെ നടത്തിപ്പും വികസനവും സംബന്ധിച്ച് ജില്ലാപഞ്ചായത്ത് അധികൃതര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ യൂത്ത്‌ലീഗ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. 13 പേര്‍ക്ക് പരിക്കേറ്റു.

യൂത്ത്‌ലീഗ് തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് സിറാജ് പറമ്പില്‍ (36), എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് തിരൂര്‍ തങ്ങള്‍സ് റോഡിലെ ചന്ദ്രചാട്ടില്‍ അലിഹാജി (52), ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരൂര്‍ ഏരിയാ പ്രസിഡന്റ് എ.ആര്‍.കെ.പ്രസീന (39), സെക്രട്ടറി എന്‍.കെ. തങ്കം (46), മുന്‍ നഗരസഭാ കൗണ്‍സിലറും ജനാധിപത്യ മഹിളാ അസോസിയഷന്‍ പ്രവര്‍ത്തകയുമായ ഗീത പള്ളിയേരി (45), മഹിളാ അ സോസിയേഷന്‍ പ്രവര്‍ത്തക തലക്കാട് സ്വദേശി ലത (40), ഡി.വൈ.എഫ്.ഐ തിരൂര്‍ ബ്ലോക്ക് ട്രഷറര്‍ സി.ഒ. ബാബുരാജ്, ബ്ലോക്ക് കമ്മിറ്റി അംഗം ധനീഷ് (26), ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കെ.ജി. ഹാഷ്മി (23), എസ്.എഫ്.ഐ ഏരിയാകമ്മിറ്റി അംഗം ഭാഗ്യനാഥ് (20), തിരൂര്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ വാസു, ട്രാഫിക് എസ്.ഐ തിലകന്‍, എസ്.ഐ ഹരിദാസ് എന്നിവര്‍ക്കാണ് പരിക്ക്.

യൂത്ത്‌ലീഗ് അക്രമത്തില്‍ പ്രതിഷേധിച്ച് വൈകീട്ട് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ റാലി നടത്തി. റാലിക്കിടയില്‍ മുസ്‌ലിംലീഗ് തിരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായി. മുസ്‌ലിംലീഗ് പ്രവര്‍ത്തകരും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

തിരൂര്‍ ഡയാലിസിസ് കേന്ദ്രത്തില്‍ യന്ത്രങ്ങളോ മറ്റ് സംവിധാനങ്ങളോ ഒരുക്കാതെ കേന്ദ്രമന്ത്രി ജയറാം രമേശിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുകയും താത്കാലികമായി കൊണ്ടുവെച്ച ഡയാലിസിസ് യന്ത്രങ്ങള്‍ കടത്തിക്കൊണ്ടു പോവുകയും ചെയ്തതു സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. തുടര്‍നടപടികള്‍ ആലോചിക്കാന്‍വേണ്ടി തിരൂര്‍ ജി.എം.യു.പി.സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തുകയും യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ അത് തടയുകയും ചെയ്തതാണ് സംഘട്ടനത്തിന് കാരണമായത്. കസേര കൊണ്ടുള്ള അടിയിലാണ് പലര്‍ക്കും പരിക്കേറ്റത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.