Latest News

നോക്കിയ 515



മൈക്രോസോഫ്ടിന്റെ കൈകളിലെത്തിയതോടെ നോക്കിയ ആകെപ്പാടെ മാറി എന്നു വേണം കരുതാന്‍ . ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ മോഡലുകളാണ് അടുത്തകാലത്തായി നോക്കിയയില്‍ നിന്ന് പുറത്തുവരുന്നത്. ലൂമിയ സീരിസില്‍ ഇന്നലെ പുറത്തിറക്കിയ ഫാബ്‍ലെറ്റുകളും നോക്കിയയുടെ ആദ്യ ടാബ്‍ലെറ്റും ഈ മാറ്റം വിളിച്ചോതുന്നു. അവയെല്ലാം ഇന്ത്യയിലെത്താന്‍ അല്‍പ്പം വൈകുമെന്നതിനാല്‍ ഇടക്കാലാശ്വാസമായി ഒരു മോഡലിനെ നോക്കിയ അവതരിപ്പിച്ചു. സ്മാര്‍ട്ട്ഫോണ്‍ യുഗത്തിലും കീ പാഡുള്ള ഫോണ്‍ ഇഷ്ടപ്പെടുന്നവര്‍ക്കായുള്ളതാണ് നോക്കിയ 515.


അലുമിനിയത്തില്‍ തീര്‍ത്ത ബോഡിയായതിനാല്‍ ഒരു പ്രീമിയം ലുക്കുണ്ട് , നോക്കിയ 515 ന്. ഒരു ഫീച്ചര്‍ ഫോണില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതെല്ലാം ഇതിനുണ്ട്. 2.4 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയുടെ റെസലൂഷന്‍ 240x320 പിക്സലാണ്. സിംബിയന്‍ 40 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 64 എംബി റാമും 256 എംബി ഇന്റേണല്‍ മെമ്മറിയുമാണുള്ളത്. 32 ജിബി വരെ ശേഷിയുള്ള മെമ്മറി കാര്‍ഡിനെ പിന്തുണക്കും. എല്‍ഇഡി ഫ്ലാഷോട് കൂടിയ അഞ്ച് മെഗാപിക്സല്‍ പ്രധാന ക്യാമറയും വിജിഎ മുന്‍ക്യാമറയുമുണ്ട്. ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി എന്നീ കണക്ടിവിറ്റിയുള്ള ഫോണിനു പക്ഷേ വൈഫൈ കണക്ടിവിറ്റിയില്ല. വൈഫൈ വളരെ സര്‍വസാധാരണമായ ഇക്കാലത്ത് അതൊരു പോരായ്മ തന്നെയാണ്. ആഗോളവിപണിയില്‍ ഡ്യുവല്‍ സിം, സിംഗിള്‍ സിം വേരിയന്റുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഡ്യുവല്‍ സിം വതകഭേദം മാത്രമേ തല്‍ക്കാലം ലഭ്യമായിട്ടുള്ളൂ. ഇതില്‍ ഒരു സിം ത്രി ജിയെയും പിന്തുണക്കും. മൈക്രോ സിം ആണ് ഇതില്‍ ഉപയോഗിക്കുന്നത്. പത്തു മണിക്കൂറിലധികം സംസാരസമയം നല്‍കുന്നതാണ് 2000 എംഎഎച്ച് ബാറ്ററി. വില 10,505 രൂപ. വില അല്‍പ്പം കൂടിപ്പോയെന്നു പറയാതെ വയ്യ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.