Latest News

പുതിയ സാംസങ് ഗ്യാലക്സി നോട്ട്


സ്മാര്‍ട്ട്ഫോണ്‍ , ടാബ്‍ലെറ്റ് വിപണികളില്‍ സാംസങ് അനുദിനം കരുത്താര്‍ജിക്കുകയാണ്. ടാബ്‍ലെറ്റ് വിപണിയില്‍ ഒന്നാം നിരക്കാരായ ആപ്പിളിന്റെ ഐ പാഡിനെ കാതങ്ങള്‍ പിന്നിലാക്കുന്ന കോണ്‍ഫിഗറേഷനുമായാണ് സാംസങ് ഗ്യാലക്സി നോട്ട് 10.1 ന്റെ പുതിയ പതിപ്പിന്റെ വരവ്. ഗ്യാലക്സി നോട്ട് 10.1 2014 എഡിഷന്‍ എന്നാണിതിനു പേര്.

മറ്റ് നോട്ട് സീരിസ് ടാബുകളെപ്പോലെ ഡിസ്പ്ലേ തന്നെയാണ് പുതിയ മോഡലിന്റെയും പ്രധാന ആകര്‍ഷണം. വിപണിയിലുള്ളതിലേക്കും കൂടിയ ഡിസ്പ്ലേ റെസലൂഷനുള്ള മോഡലിന്റെ 10.1 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയ്ക്ക് റെസലൂഷന്‍ 2560 X 1600 പിക്സലാണ്. 299 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയുള്ള സ്ക്രീന്‍ എറ്റവും പുതിയ ആപ്പിള്‍ ഐ പാഡിനെ പോലും പിന്നിലാക്കും. കൂടാതെ സ്റ്റൈലസ് പിന്തുണയുമുണ്ട്. വലിയ ഡിസ്പ്ലേയും സ്റ്റൈലസ് സപ്പോര്‍ട്ടും മള്‍ട്ടി ടാസ്കിങ് ശേഷിയും ഒത്തുചേരുമ്പോള്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിലും അനായാസമായി നോട്ടില്‍ ജോലികള്‍ ചെയ്തു തീര്‍ക്കാനാകും. സിനിമ കാണുന്നതിനും ഗെയിമിങ് അടക്കമുള്ള മറ്റു മള്‍ട്ടിമീഡിയ ഉപയോഗങ്ങള്‍ക്കും അനുയോജ്യമാണ് ഈ വലിയ ഡിസ്പ്ലേ.

കരുത്തിന്റെ കാര്യത്തിലും മുന്‍നിരയിലാണ് നോട്ട് 10.1. 1.9 ഗിഗാഹെട്സിന്റെയും, 1.3 ഗിഗാഹെട്സിന്റെയും രണ്ട് ക്വാഡ് കോര്‍ പ്രോസസ്സറുകളാണ് ടാബിന് കരുത്തേകുത്. ഒപ്പം മൂന്ന് ജിബി റാമുമുണ്ട്. ഇത്രയും ഉയര്‍ന്ന ഫീച്ചറുകളുള്ള മറ്റ് മോഡലുകളൊന്നും തന്നെ വിപണിയിലില്ല. സാംസങ്ങിന്റെ തന്നെ നോട്ട് 3 യാണ് മൂന്ന് ജിബി റാമുമായി വിപണിയിലുള്ള മറ്റൊരു മോഡല്‍. ഇന്റേണല്‍ മെമ്മറി തന്നെ 32 ജിബിയുണ്ട്. അതുകൂടാതെ 64 ജിബി വരെ മെമ്മറി കാര്‍ഡിനെയും പിന്തുണക്കും. വിലപിടിച്ച വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കായി സാംസങ് നോക്സ് ( KNOX ) എന്ന സെക്യൂരിറ്റി സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനം വൈറസ് അറ്റാക്കുകളില്‍ നിന്നും മാല്‍വെയറുകളില്‍ നിന്നും ആപ്ലിക്കേഷനുകളെയും ഡാറ്റയെയും സംരക്ഷിക്കും.


വൈഫൈ , ബ്ലൂടൂത്ത് എന്നിവയ്ക്ക് പുറമെ ത്രി ജി കണക്ടിവിറ്റിയുമുണ്ട്. ഇന്റര്‍നാഷണല്‍ വെര്‍ഷനില്‍ ഫോര്‍ ജി കണക്ടിവിറ്റിയുണ്ടെങ്കിലും ഇന്ത്യന്‍ പതിപ്പിന് കമ്പനി അതു നല്‍കിയിട്ടില്ല. എട്ട് മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ. ഓട്ടോഫോക്കസ്, എല്‍ഇഡി ഫ്ലാഷ് സപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് മെഗാപിക്സലിന്റെ മുന്‍ ക്യാമറയുമുണ്ട്. എറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 4.3 ( ജെല്ലീബീന്‍ ) ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ദീര്‍ഘസമയത്തെ പ്രവര്‍ത്തനം ഉറപ്പാക്കുന്ന 8,220 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും സവിശേഷതയാണ്.

540 ഗ്രാം മാത്രം ഭാരവും 7.9 മില്ലീമീറ്റര്‍ മാത്രം കനവുമുള്ള മോഡല്‍ ഉപയോഗിക്കാനും ഏറെ സൗകര്യപ്രദമാണ്. നോട്ട് 3 യില്‍ അവതരിപ്പിച്ച ലെതര്‍ ഫിനിഷിലാണ് ബാക്ക് കവര്‍. ജെറ്റ് ബ്ലാക്ക്, ക്ലാസിക് വൈറ്റ് എന്നീ ബോഡി നിറങ്ങളില്‍ ലഭ്യമായ മോഡലിന് 49,990 രൂപയാണ് വില.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.