Latest News

വിവാഹ ആര്‍ഭാടങ്ങള്‍ക്കുളള പണം അര്‍ബുദത്തോട് മല്ലിടുന്ന രോഗികള്‍ക്കെന്ന് ആഷിക്കും റിമയും ഫെയ്‌സ്ബുക്കില്‍

തങ്ങളുടെ വിവാഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ച് സംവിധായകന്‍ ആഷിക് അബുവും റിമ കലിങ്കലും. ഏറെ കാലമായി പ്രണയത്തിലായിരുന്ന ഇരുവരും കേരളപ്പിറവി ദിനമായ നവമ്പര്‍ ഒന്നിന് ലളിതമായ ചടങ്ങുകളോടെ രക്തഹാരമണിയുമെന്ന് ആഷിക് അബു നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ്, റിമയും ആഷികും വിവാഹത്തെക്കുറിച്ച് മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തിയത്. സാധാരണ താരവിവാഹത്തിന് കാണുന്ന ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കിയാണ് ഇരുവരും ഒന്നാകുന്നത്. ചമയങ്ങളും ചായങ്ങളുമുപേക്ഷിച്ച് ആ തുക അര്‍ബുദ രോഗികളുടെ ചികിത്സക്കായി ചിലവഴിക്കാനാണ് റിമയും ആഷിക്കും തീരുമാനിച്ചിരിക്കുന്നത്.

നവമ്പര്‍ ഒന്നിന് കാക്കനാട് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം. എറണാകുളം സര്‍ക്കാര്‍ ആശുപത്രിയിലെ അര്‍ബുദ രോഗികള്‍ക്കായാണ് സിനിമയില്‍ നിന്നും പ്രതിഫലമായി ലഭിച്ച തുക ചെലവഴിക്കുകയെന്നും ഫെയ്‌സ്ബുക്കില്‍ ആഷികും റിമയും അറിയിച്ചു. ആഢംബര ഹോട്ടലിലും മറ്റും വിവാഹസത്ക്കാരം നടത്തുന്ന താരങ്ങള്‍ക്ക് ഈ പ്രണയജോഡികള്‍ മാതൃകയാകട്ടെ. ആഷിക് അബുവും റിമയും വിവാഹവാര്‍ത്ത ഫെയ്‌സ്ബുക്കില്‍ സ്റ്റാറ്റസ് ആയി അപ്പ്‌ഡേറ്റ് ചെയ്തത് താഴെ പറയും വിധമാണ്.


”പ്രിയരെ, നവംബര്‍ ഒന്നാം തിയതി, കേരളപിറവി ദിനത്തില്‍ ഞങ്ങള്‍ വിവാഹിതരാവുന്ന വിവരം സസന്തോഷം അറിയിക്കട്ടെ. ഞങളുടെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ എറണാകുളം കാക്കനാട് രജിസ്ട്രാര്‍ ഓഫീസില്‍ ഒരു രജിസ്റ്റര്‍ വിവാഹത്തില്‍ ഒതുങ്ങും ചടങ്ങുകള്‍. ബന്ധുക്കളേയും, സഹപ്രവര്‍ത്തകരെയും, സുഹൃത്തുക്കളേയും, മാധ്യമപ്രവര്‍ത്തകരേയും ക്ഷണിച്ച് വിരുന്ന് നല്‍കേണ്ട നാട്ടുനടപ്പുണ്ട് എങ്കിലും, തല്ക്കാലം ആ ചിലവുകള്‍ ഒഴിവാക്കി നിങ്ങളുടെ എല്ലാവരുടെയും പേരില്‍ വിവാഹ ചിലവുകള്‍കായുള്ള പണം എറണാകുളം സര്‍കാര്‍ ആശുപത്രിയില്‍ അര്‍ബുദ രോഗത്തോടു മല്ലിടുന്ന സാധാരണക്കാരായ രോഗികളുടെ ചികിത്സക്ക് വേണ്ടി കൊടുക്കുകയാണ്. ഈ തുക ഞങളുടെ രണ്ടുപേരുടെയും സിനിമയില്‍ നിന്നുള്ള വരുമാനമാണ്. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണക്കും നന്ദി പറയന്നു. എം പി. പി രാജീവിനോടും, എറണകുളം ജനറല്‍ ആശുപത്രിയിലെ ഡോക്‌റെര്മാരോടും, അതോടൊപ്പം ഞങളുടെ മനസറിഞ്ഞ് കൂടെ നിന്ന മാതാപിതാക്കളോടും സുഹൃത്തുക്കളോടും പ്രത്യേകം നന്ദി അറിയിക്കുന്നു.

സ്‌നേഹത്തോടെ
റിമ കല്ലിങ്കല്‍, ആഷിഖ് അബു”

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.