Latest News

പീഢനത്തിനിരയായ സ്ത്രീകള്‍ക്ക് സാന്ത്വനവുമായി ഭൂമിക

കാസര്‍കോട്: അതിക്രമങ്ങള്‍ക്ക് ഇരയയ സ്ത്രീകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഭൂമിക കേന്ദ്രം നാലാംവര്‍ഷത്തിലേക്ക്.. ഗാര്‍ഹിക പീഢനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ എന്നിവയ്ക്കിരയായ സ്ത്രീകള്‍ക്ക് ആവശ്യമായ വൈദ്യസഹായം കണ്‍സിലിംഗ് തുടങ്ങിയ സഹായമേകാന്‍ 2009 ഡിസംബറില്‍ ജില്ലാ ആശുപത്രിയിലാണ് ഭൂമിക (ജെന്‍ഡര്‍ ബേസ്ഡ് വയലന്‍സ് മാനേജ്‌മെന്റ് സെന്റര്‍) പ്രവര്‍ത്തനം ആരംഭിച്ചത്.

അക്രമണങ്ങള്‍ക്ക് വിധേയരായ സ്ത്രീകള്‍ക്ക് പ്രത്യേക പരിചരണം നല്‍കാന്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശാവര്‍ക്കേഴ്‌സ്, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം ഭൂമികയില്‍ പരിശീലനം നല്‍കുന്നുണ്ട്. ജില്ലയിലെ വിവിധ ആശുപത്രികളിലെത്തുന്ന അക്രമങ്ങള്‍ക്കിരയായ സ്ത്രീകളെ കണ്ടെത്തി അവരെ എല്ലാ രീതിയിലും സഹായിക്കാന്‍ ഭൂമിക നടപടി എടുക്കുന്നു. 

സാമൂഹിക നീതി വകുപ്പ്, ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, വനിതാസെല്‍, ഷെല്‍ട്ടര്‍ഹോം, ജാഗ്രതാസമിതി, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണവും ഭൂമിക ഉറപ്പാക്കുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം, നിയമസഹായം, താമസ സൗകര്യം എന്നിവയും ഭൂമിക ഒരുക്കിയിട്ടുണ്ട്. അതിക്രമങ്ങള്‍ എങ്ങനെ ഒഴിവാക്കാം ബന്ധപ്പെട്ട കേസുകളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനവും ഈ സെന്റര്‍ വഴി നല്‍കി വരുന്നു. 

ഭൂമികയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വനിതാ കൗണ്‍സിലര്‍ നിഷയും ജില്ലാ ആശുപത്രിയിലുണ്ട്. ഭൂമികയുടെ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയും ജില്ലാപഞ്ചായത്തിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അധ്യക്ഷനായ ജില്ലാതല ഇന്റര്‍ സെക്ടറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ്.
ഈ വര്‍ഷം അതിക്രമങ്ങള്‍ക്ക് ഇരയായ 150 പേര്‍ക്ക് ഭൂമിക മുഖേന സഹായം നല്‍കിയിട്ടുണ്ട്. മാനസിക-ശാരീരിക പീഢനത്തിന് ഇരയായ ആത്മഹത്യയുടെ വക്കിലെത്തിയവരായിരുന്നു ഇതില്‍ ഭൂരിഭാഗം പേരും. ഭൂമികയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചുവരികയാണ്. 

24 മണിക്കൂറും ലഭ്യമാവുന്ന സേവനം ഭൂമിക മുഖാന്തിരം സജ്ജമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. ഇതുകൂടാതെ, ഭൂമികയില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന കേസുകള്‍ക്ക് പ്രത്യേകിച്ച് ലൈംഗിതാതിക്രമ കേസുകളില്‍ ആവശ്യമായ നിയമസഹായങ്ങള്‍ നല്‍കുന്നതിന് പോലീസുദ്യോഗസ്ഥരുടെയും വക്കീല്‍മാരുടെയും മുഴുവന്‍ സമയ സേവനം എല്ലാ ഭൂമിക കേന്ദ്രങ്ങളിലും ഉടന്‍ ലഭ്യമാക്കാനും ലക്ഷ്യമിടുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.