തൃശൂർ: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാതി നൽകിയ ബാംഗ്ളൂരിലെ ബിസിനസുകാരൻ എം.കെ. കുരുവിളയെ വീണ്ടും അറസ്റ്റു ചെയ്തു. മുണ്ടൂർ പാന്പുങ്ങൽ വീട്ടിൽ ബ്രിജേഷ് എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്.
തൃശൂരിലെ ജോയ്സ് പാലസ് ഹോട്ടലിൽ വച്ച് ഫോർഎക്സ് ട്രേഡിംഗ് കന്പനിയിൽ പണം നിക്ഷേപിച്ച് കൂടുതൽ പണം നൽകാമെന്നു പറഞ്ഞാണ് പണം തട്ടിപ്പു നടത്തിയതെന്നാണ് പരാതി. 3,75,000 രൂപയാണ് കുരുവിള വാങ്ങിയതെന്നാണ് പരാതിയിലുള്ളത്.
പേരാമംഗലത്തും പുതുക്കാടും സമാനമായ കേസുകളാണ് കുരുവിളയ്ക്കെതിരെ മുന്പ് എടുത്തിരുന്നത്. യാതൊരു രേഖകളുമില്ലാതെ കേസുകളിലാണ് ഇപ്പോൾ തന്നെ അറസ്റ്റു ചെയ്തതെന്നാണ് കുരുവിളയുടെ പക്ഷം.
ഹൈക്കോടതി മുന്പ് ഇടപെട്ട് കുരുവിളയ്ക്കെതിരെയുള്ള അറസ്റ്റ് തടഞ്ഞിരുന്നതാണ്. പിന്നീട് കോടതി തന്നെ ആ ഉത്തരവ് നീക്കം ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ കുരുവിളയെ അറസ്റ്റു ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ചിലർ തനിക്കെതിരെ നീങ്ങുന്നുവെന്നായിരുന്നു കുരുവിളയുടെ പരാതി.
ഓഫീസുമായി ബന്ധപ്പെട്ട ചിലർ തന്നിൽ നിന്ന് പണം വാങ്ങിയതായും കുരുവിള മുഖ്യമന്ത്രിയോടു പരാതിപ്പെട്ടിരുന്നു. ഈ പരാതിക്കു ശേഷമാണ് കുരുവിളയ്ക്കെതിരെ കേസുകളും നടപടികളും ആരംഭിച്ചതെന്നാണ് കുരുവിളയുടെ ആരോപണം.
തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ ശശിധരനാണ് പരാതിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച് കുരുവിളയെ അറസ്റ്റു ചെയ്തത്. കോടതിയുടെ നിർദ്ദേശപ്രകാരം ജാമ്യം ലഭിച്ച കുരുവിളയ്ക്ക് പതിവായി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് കുരുവിളയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thrissur, Kuruvila, Arrested
No comments:
Post a Comment