Latest News

സയ്യിദ് മശ്ഹൂദ് പാടി, ഉമ്മ എഴുതിയ വരികള്‍; പ്രവാസികളുടെ കണ്ണൂകള്‍ നിറഞ്ഞു


ഷാര്‍ജ:മാരക രോഗം ജീവിതത്തെ കാര്‍ന്നു തിന്നുന്ന നിമിഷം, കോഴിക്കോട് നഗരത്തിലൊരു ആശുപത്രിക്കിടക്കയില്‍ രോഗം തളര്‍ത്തിയ ശരീരവുമായി അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു ഉമ്മ .അപ്രതീക്ഷിതമായി അല്‍പ സമയം ബോധം വീണ്ടുകിട്ടിയപ്പോള്‍ ഉമ്മയുടെ കൈയിലേക്ക് വാത്സല്യ നിധിയായ മകന്‍ കടലാസും പേനയും നല്‍കിയിട്ട് പറഞ്ഞു ഒരു ഗാനം കുറിക്കാന്‍. രോഗത്തിന്റെ പിടിയിലമര്‍ന്ന ഉമ്മാന്റെ മനസിന് സമാധാനം ലഭിക്കുമെന്ന പ്രതീക്ഷയില്‍.

മകന്റെ മുഖത്തേക്ക് പുഞ്ചിരി തൂകി മരണത്തെ പ്രതീക്ഷിച്ചു കഴിയുന്ന നിമിഷങ്ങള്‍ക്കിടയില്‍ ആ ഉമ്മ അവസാനമായി വെള്ളക്കടലാസില്‍ പ്രവാചകനെ പ്രകീര്‍ത്തിച്ച് അന്ന് എഴുതി നല്‍കിയ 'മക്കാദിക്കിലുദിച്ചൊരു താജാ....... ഒപ്പം പ്രവാസിയായിരുന്ന മകന് ഉമ്മ എഴുതിയ കത്തിലെ 'പൊന്നുമോനറിഞ്ഞീടാന്‍........... എന്ന് തുടങ്ങുന്ന പാട്ടിന്റെ ഹൃദയത്തില്‍ തട്ടുന്ന വരികളും മകന്‍ സയ്യിദ് മശ് ഹൂദ് തങ്ങള്‍ മനസില്‍ തട്ടി ആലപിച്ചപ്പോള്‍ തിങ്ങിനിറഞ്ഞ പ്രവാസികളുടെ കണ്ണൂകള്‍ അറിയാതെ ഈറനണിഞ്ഞു.

ഓരോരുത്തരും സ്വന്തം മാതാക്കളെ പിരിഞ്ഞിരിക്കുന്നതിന്റെ വിഷാദവും വേദനയുമായിരുന്നു അത്. മനുഷ്യ മനസിന്റെ ഉള്ളറയില്‍ തട്ടിയുണര്‍ത്തുന്ന ഒരായിരം നല്ല വരികള്‍ മലയാളിക്ക് സമ്മാനിച്ച് പോയ പ്രശസ്ത മാപ്പിളപ്പാട്ട് കവയിത്രി എസ്. എം ജമീല ബീവിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മുസ്‌ലിം സ്ത്രീകള്‍ പുകയുടെ അറയില്‍ എരിഞ്ഞ് തീരുന്ന ഒരു കാലത്ത് സയ്യിദ് കുടുംബത്തില്‍പ്പെട്ട ബീവി സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ക്കായി പാട്ടുകള്‍ രചിച്ച് പോരാടുകയുണ്ടായി.

എസ്. എം ജമീല ബീവി രചിച്ച ആയിരക്കണക്കിന് വരികളില്‍ നിന്നും മകന്‍ സയ്യിദ് മശ് ഹൂദ് കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ഒത്തുകൂടിയ ഗാനപ്രേമികള്‍ക്ക് മുന്നില്‍ ആലപിച്ചപ്പോള്‍ സദസ് നിറഞ്ഞ മനസ്സോടെ ആസ്വദിക്കുകയായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ കേരളാ മാപ്പിളാ കലാ അക്കാദമി ഷാര്‍ജ ചാപ്ടര്‍ സംഘടിപ്പിച്ച ബലി പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ 'ജമീലത്ത് ഈദ് സന്ധ്യ' പരിപാടിയിലാണ് വൈകാരിക നിമിഷങ്ങള്‍ അരങ്ങേറിയത്.
ഉമ്മ രചിച്ച വരികള്‍ക്കൊപ്പം പി.ടി അബ്ദുറഹ്മാന്‍, എസ്. എ ജമീല്‍, എം.എസ് ബാബുരാജ്, എ.വി മുഹമ്മദ് തുടങ്ങിയ പ്രശസ്തരായ മാപ്പിള പ്പാട്ട് രചയിതാക്കളുടെ ഓര്‍മ്മകള്‍ തുടിച്ചു നില്‍ക്കുന്ന അര്‍ത്ഥവത്തായ ഗാനങ്ങളും ബലിപെരുന്നാള്‍ സംഗമത്തെ വേറിട്ടതാക്കി. മാപ്പിളപ്പാട്ട് ഒരു വിഭാഗത്തിന്റെയോ ഏതങ്കിലും പ്രദേശത്തിന്റെയോ മാത്രമല്ലെന്നും മാനവ സമൂഹത്തിന് സമാധാനവും ശാന്തിയും സമ്മാനിക്കലായിരുന്നു പഴയകാല ഗാനങ്ങളുടെ ലക്ഷ്യമെന്നും വിളിച്ചോതുകയായിരുന്നു അവിടെ.

ജമീല ബീവിയുടെ 'ഭൂമി ആകാശം.......... പി.ടി യുടെ 'ഉടനെ കഴുത്തെന്റെതറുക്കൂ ബാപ്പാ.......... പി.എച്ച് അബ്ദുല്ല മസ്റ്ററുടെ ' അഭിമാനത്തോടെ നീങ്ങും ഭാരതത്തിന്‍ മക്കളെ............. തുടങ്ങിയ ഗാനങ്ങള്‍ ആസ്വാദക മനസ്സിന് കുളിര്‍ കോരിയിടുന്നതായിരുന്നു.
പരിപാടിയില്‍ അഡ്വ: വൈ.എ റഹീം, പി.എച്ച് അബ്ദുല്ല മാസ്റ്റര്‍, കെ. ബാലകൃഷ്ണന്‍, എ.എം അമീര്‍ എന്നിവരും സംബന്ധിച്ചു.
(കടപ്പാട്: ചന്ദ്രിക)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.