തളിപ്പറമ്പ: വിവാഹ പ്രായത്തിന്റെ പേര് പറഞ്ഞ് മതവികാരം ഇളക്കിവിട്ട് ലാഭം കൊയ്യാനാണ് സാമുദായിക സംഘടനകള്‍ ശ്രമിക്കുന്നതെന്ന് റിട്ട. ജഡ്ജി ജസ്റ്റിസ് പി.കെ. ഷംസുദീന്‍ ആരോപിച്ചു. ഇസ്ലാമിക സംബന്ധമായ കേസുകള്‍ വരുമ്പോള്‍ അവയെ ജഡ്ജിമാര്‍ മുന്‍ വിധിയോടെയാണ് സമീപിക്കുന്നതെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. ലോയേഴ്‌സ് യൂണിയന്‍ തളിപ്പറമ്പ മൂത്തേടത്ത് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച കെ.പി. രാഘവപൊതുവാള്‍ അനുസ്മരണവും പൗരാവകാശവും കേരളീയ മതസമൂഹവും ശൈശവ വിവാഹത്തില്‍ എന്ന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവരാശിയുടെ പുരോഗതിക്കായി മതങ്ങള്‍ ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതേ അവസരത്തില്‍ തന്നെ മതത്തെ ഒരുപാട് ദുരുപയോഗപ്പെടുത്തിയ ചരിത്രവും നമുക്കുണ്ട് തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും രാഷ്ട്രീയ നേട്ടത്തിനുമായാണ് പലരും അവയെ ചൂഷണം ചെയ്തത്. പലപ്പോഴും ഇവിടെ വ്യക്തിനിയമങ്ങള്‍ ഹനിക്കപ്പെടുന്നു എന്നാണ് ചിലര്‍ വാദിക്കുന്നത്. മുസ്ലിം സമുദായത്തിന് മൗലികാവകാശങ്ങള്‍ നല്‍കുന്നില്ലെന്നതിന്റെ പേരില്‍ സമരങ്ങള്‍ സംഘടിപ്പിക്കുകയാണ് ഇത്തരക്കാര്‍ ചെയ്തത്.
എന്നാല്‍ ഒരാളുടെ പൗരാവകാശം നടപ്പാക്കുമ്പോള്‍ അത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വിഘാതമാവരുത് എന്ന കാര്യം നാം മറക്കരുത്. സ്ത്രീവിരുദ്ധവും പുരുഷ മേധാവിത്തപരവുമാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന മുസ്ലിം വ്യക്തിനിയമം. ഇവിടെ ഇസ്ലാമിക നിയമം എന്ന പേരില്‍ നടപ്പിലാക്കിയ വ്യക്തി നിയമം ഖുര്‍ആനിനോടോ, പ്രവാചകനോടോ യാതൊരു നീതിയും പുലര്‍ത്തിയിട്ടില്ല. സമൂഹമെന്നത് മാറ്റത്തിന് വിധേയമാണ്. ഇതംഗീകരിക്കാതെ ഒരാള്‍ക്കും മുന്നോട്ട് പോകാനാവില്ല. മാറ്റം ഇസ്ലാം അനുവദിച്ചിട്ടുള്ള കാര്യമാണ്. വ്യക്തി നിയമത്തില്‍ നിരവധിയായ അപാകതകളുണ്ട്. എന്നാല്‍ ഇവ മാറ്റണമെന്നാവശ്യപെടുന്നത് ഇസ്ലാമിനെതിരാണെന്നാണ് ചിലരൊക്കെ വ്യാഖ്യാനിക്കുന്നത്.
ഈ നിലപാട് തിരുത്തപ്പെടണം. ഖുര്‍ആനിലോ, പ്രവാചകന്റെ തിരുസുന്നത്തിലോ പെണ്‍കുട്ടികള്‍ എത്രാം വയസില്‍ വിവാഹിതരാവണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ല. ഖുര്‍ആനും സുന്നത്തും പറയാത്ത കാര്യങ്ങളില്‍ 'ഖിദ്മത്ത്' (സമൂഹ്യാഭിപ്രായം) പരിഗണിക്കണമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. ഇവിടെ വ്യക്തി നിയമങ്ങളെ യുക്തിഭദ്രമാക്കേണ്ടുന്ന കാലം ഏറെ അതിക്രമിച്ചിരിക്കുന്നു. ശൈശവവിവാഹത്തിന്റെ കാര്യത്തില്‍ ഖുര്‍ആന്‍ പോലും പഠിക്കാതെ പ്രസ്താവനകള്‍ ഇറക്കുന്ന ബാലിശമായ കാര്യങ്ങളാണ് മതസംഘടനകള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. കാലഘട്ടത്തിന്റെ നഗ്നയിലേക്കുള്ള ശക്തമായ മുന്നേറ്റത്തെ തടയാന്‍ ഇത്തരം പ്രസ്താവനകള്‍ കൊണ്ട് സാധിക്കില്ല.
ജസ്റ്റിസ് ഷംസുദ്ദീന്‍ പറഞ്ഞു. തളിപ്പറമ്പ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റംല പക്കര്‍ അധ്യക്ഷത വഹിച്ചു. ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡ് അഡ്വ. കെ. വിജയകുമാര്‍, അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. എ.പി. അബ്ദുള്‍ വഹാബ്, മലയമ്മ അബൂബക്കര്‍ ബാഖവി, എന്‍. സുകന്യ, ഇ.കെ. നാരായണന്‍ പ്രസംഗിച്ചു. ബി.പി. ശശീന്ദ്രന്‍ സ്വാഗതവും യു. രമേശന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Shamsudheen, Thaliparamba


No comments:
Post a Comment