തളിപ്പറമ്പ: ഉപഭോക്താക്കളെ അവഗണിക്കുന്ന നിലപാടിനെതിരെ പുളിമ്പറമ്പ യൂണിവേഴ്‌സല്‍ ഗ്യാസ് ഏജന്‍സിയിലേക്ക് നടത്തിയ യൂത്ത് ലീഗ് മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി. മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഓഫീസിനകത്തേക്ക് ഇരച്ചു കയറുകയും ജീവനക്കാരെ ബന്ദിയാക്കുകയും ചെയ്തു. തുടര്‍ന്ന് ഓഫീസ് പുതിയ താഴിട്ട് അടച്ചുപൂട്ടി.
ചൊവ്വാഴ്ച രാവിലെ 10.15ഓടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചിറവക്കില്‍ നിന്നും പ്രകടനമായി യൂണിവേഴ്‌സല്‍ ഗ്യാസ് ഏജന്‍സിയില്‍ എത്തിയത്. ഓഫീസിനകത്തേക്ക് ഇരച്ചുകയറിയ സമരക്കാര്‍ 15 മിനുട്ടോളം ഏജന്‍സി ജീവനക്കാരെ തടഞ്ഞുവെക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടര്‍ന്നാണ് ജീവനക്കാരെയും അകത്തുണ്ടായിരുന്ന മറ്റുള്ളവരെയും പുറത്തിറക്കി ഓഫീസ് പുതിയ താഴുപയോഗിച്ച് പൂട്ടിയത്. ഗ്യാസ് സിലിണ്ടര്‍ വിതരണത്തിലെ കടുത്ത വിവേചനം അവസാനിപ്പിക്കുക, അഴിമതി തടയുക, ബുക്ക് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും സിലിണ്ടര്‍ ലഭിക്കാത്തതിനെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ യുവജന സംഘടനകളെ അണിനിരത്തി ബഹു ജന മാര്‍ച്ച് നടത്തുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു. മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡ് പി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. പി.സി. നസീര്‍, എം. സിദ്ദിഖ്, സമദ് കടമ്പേരി, കെ.വി.എം കുഞ്ഞി, കൊടിയില്‍ സലീം, പി.പി. നിസാര്‍ പ്രസംഗിച്ചു. എം.കെ.പി. ഷമീര്‍ സ്വാഗതവും ഓലിയന്‍ ജാഫര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഏജന്‍സി ഉടമ ഗോവിന്ദന്‍ സമരക്കാരുമായി ചര്‍ച്ച നടത്തി.
ആഗസ്ത് 30വരെയുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ക്ക് അടിയന്തരമായി സിലിണ്ടര്‍ നല്‍കാമെന്നും തുടര്‍ന്നുള്ള ബുക്കിംങ്ങുകള്‍ക്ക് സീനിയോറിറ്റി അനുസരിച്ച് സിലിണ്ടറുകള്‍ നല്‍കുമെന്നും ഏജന്‍സി ഉടമ ഉറപ്പുനല്‍കി.തുടര്‍ന്നാണ് ഒന്നര മണിക്കൂറിലേറെ നീണ്ട സമരം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചത്. കെ.വി. സിറാജ്, പി.പി. ഇസ്മായില്‍, കെ.വി. താജുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, League,


No comments:
Post a Comment