Latest News

പത്താംതരം തുല്യതാ പരീക്ഷ: 78.51 ശതമാനം വിജയം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയും നടത്തിയ പത്താംതരം തുല്യതാ പരീക്ഷയില്‍ 78.51 ശതമാനംപേര്‍ വിജയിച്ചതായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.

ഗ്രേഡിങ് രീതിയില്‍ റഗുലര്‍ പരീക്ഷയെഴുതിയ 18542 പേരില്‍ 14558 പേര്‍ വിജയിച്ചു. വിജയശതമാനം 78.51. ഗ്രേഡിങ് സമ്പ്രദായത്തില്‍ പ്രൈവറ്റായി പരീക്ഷയെഴുതിയ 396 പേരില്‍ 240 പേര്‍ വിജയിച്ചു. ഇത് 60.60 വിജയശതമാനമാണ്.

പഴയ സ്‌കീമില്‍ റഗുലര്‍ പരീക്ഷയെഴുതിയ 633 പേരില്‍ 547 പേര്‍ വിജയികളായി. പഴയ സ്‌കീമില്‍ പ്രൈവറ്റായി പരീക്ഷയെഴുതിയവരില്‍ 174 പേര്‍ വിജയിച്ചു.

17 വയസ് കഴിഞ്ഞവര്‍ക്കും 2005ന് മുമ്പ് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാത്തവര്‍ക്കുമായാണ് പത്താംതരം തുല്യതാ പരീക്ഷ 2006 മുതല്‍ നടത്തിവരുന്നത്.

ഗ്രേഡിങ് രീതിയില്‍ ഏറ്റവുംകൂടിയ വിജയശതമാനം കിട്ടിയ ജില്ല കൊല്ലമാണ്. ഇവിടെ 872 പേര്‍ എഴുതിയവരില്‍ 785 പേര്‍ വിജയിച്ചു. തൊട്ടടുത്ത് കാസര്‍കോട് ജില്ലയാണ്. വിജയശതമാനം കുറഞ്ഞ ജില്ല തൃശ്ശൂരാണ്. ഏറ്റവും കൂടുതല്‍ പഠിതാക്കളെ പരീക്ഷയ്ക്ക് ഇരുത്തിയ ജില്ല മലപ്പുറമാണ്. ഗള്‍ഫ് മേഖലയില്‍ നിന്ന് 111 പേര്‍ പരീക്ഷ എഴുതിയതില്‍ 102 പേര്‍ വിജയിച്ചു.

പരീക്ഷാഫലവും വിശദാംശങ്ങളും keralapareekshabhavan.in, www.it.school.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

എസ്.എസ്.എല്‍.സി. പരീക്ഷ ജയിക്കാത്ത എല്ലാവരെയും പത്താംതരം തുല്യതാ കോഴ്‌സില്‍ ചേര്‍ത്ത് വിജയിപ്പിച്ച് തുടര്‍പഠനം സാധ്യമാക്കുന്ന ഒരു കര്‍മപരിപാടി നിലമ്പൂര്‍ നഗരസഭ 'സമീക്ഷ' എന്ന പേരില്‍ ഈ വര്‍ഷം നടപ്പിലാക്കി. എസ്.എസ്.എല്‍.സി. പരീക്ഷ ജയിക്കാത്തവര്‍ക്ക് സമ്പൂര്‍ണ പത്താംതരം തുല്യതാ കോഴ്‌സ് നടപ്പിലാക്കിയ കേരളത്തിലെ ആദ്യ നഗരസഭയാണ് നിലമ്പൂര്‍. അവിടെ 1474 പേര്‍ പരീക്ഷയ്ക്കിരുന്നു. 1061 പേര്‍ വിജയിച്ചു. വിജയശതമാനം 71.98. ഇതില്‍ എസ്.സി/എസ്.ടി. വിഭാഗത്തില്‍ 163 പേര്‍ പരീക്ഷയ്ക്കിരുന്നതില്‍ 97 പേര്‍ വിജയിച്ചു.

ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയത്തിന് ആഗ്രഹിക്കുന്നവര്‍ നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷയും അപേക്ഷാ ഫീസിനത്തില്‍ പേപ്പറൊന്നിന് 200 രൂപയും ഒക്ടോബര്‍ 30 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി അതത്പരീക്ഷാ കേന്ദ്രങ്ങളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷാ കേന്ദ്രങ്ങളിലെ ഹെഡ്മാസ്റ്റര്‍മാര്‍ തങ്ങളുടെ സ്‌കൂളില്‍ ലഭിച്ച അപേക്ഷകളുടെ വിശദവിവരം (അപേക്ഷാര്‍ഥിയുടെ പേര്, രജിസ്റ്റര്‍ നമ്പര്‍, പുനര്‍മൂല്യനിര്‍ണയം നടത്തേണ്ട വിഷയം, ലഭിച്ച തുക) ജോണ്‍സ് വി. ജോണ്‍, സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തില്‍ സ്​പീഡ് പോസ്റ്റായി ഒക്ടോബര്‍ 31ന് പരീക്ഷാഭവനിലേക്കയയ്ക്കണം. ഫീസിനത്തില്‍ ലഭിച്ച തുക സെക്രട്ടറി, പരീക്ഷാഭവന്‍ എന്നപേരില്‍ തിരുവനന്തപുരത്ത് മാറാന്‍ കഴിയുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയും ഇതോടൊപ്പം ഉള്ളടക്കം ചെയ്യണം.

ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി പ്ലസ് ഗ്രേഡ് എങ്കിലും ലഭിക്കാത്ത കാരണത്താല്‍ വിജയിക്കാന്‍ കഴിയാത്ത പരീക്ഷാര്‍ഥികള്‍ക്കായി 'സേവ് എ ഇയര്‍ (സേ) പരീക്ഷ 2013' നവംബര്‍ 11 മുതല്‍ നടത്തും. ഇതിനായുള്ള അപേക്ഷ ഒക്ടോബര്‍ 26 ശനിയാഴ്ച മുതല്‍ ഒക്ടോബര്‍ 30 ബുധനാഴ്ചവരെയുള്ള തീയതികളിലായി തിരഞ്ഞെടുക്കപ്പെട്ട പരീക്ഷാ സെന്ററുകളില്‍ സ്വീകരിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.